April 13, 2015

tot ziens Sarah... (നെതര്‍ലന്‍ഡ്‌സിലെ എന്‍റെ കൊച്ചു കൂട്ടുകാരി)



യൂറോപ്പ് യാത്രയില്‍ കോണ്‍ഫറന്‍സില്‍ നിന്നും ഒഴിവു കിട്ടിയ ഒരു ദിനം ആര്‍നെമിലെ ഓപ്പണ്‍ എയര്‍ മ്യൂസിയം കണ്ടു കഴിഞ്ഞു ട്രെയിന്‍ സ്റ്റേഷനിലെക്കുള്ള ബസും കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. അപ്പോളായിരുന്നു ഒരു യുവാവ് തന്‍റെ രണ്ടു ചെറിയ കുട്ടികളുമായി അവിടെ എത്തിയത്. ആ കുട്ടികള്‍ ഞങ്ങളോടൊപ്പം വന്നു ബസ്‌ ഷെഡില്‍ ഇരുന്നു. ഞങ്ങള്‍ അവരോടു സംസാരിക്കാന്‍ തുടങ്ങിയെങ്കിലും അവര്‍ക്ക് ഇംഗ്ലീഷ് അറിയില്ല ഡച്ച്‌ ഭാഷ മാത്രമേ അറിയൂ എന്ന് പിന്നെയാണ് മനസ്സിലായത്. ഞാന്‍ ഇളയ ആണ്‍കുട്ടിയോട് ചോദിച്ചു :- "മോന്‍റെ പേരെന്താ?" അവന്റെ പിതാവാണ് മറുപടി പറഞ്ഞത് - "കുഷ്." "മോളുടെയോ?" അടുത്ത ചോദ്യം ആറു വയസ്സുള്ള പെണ്കുട്ടിയോടായിരുന്നു. അവളുടെ അച്ഛന്‍ അവളോട്‌ എന്തോ ഡച്ചില്‍ പറഞ്ഞു. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു. അച്ഛന്റെ പിന്നില്‍ ഒളിച്ചു കൊണ്ട് അവള്‍ പറഞ്ഞു - "സാറാ..."







അവള്‍ എന്തോ അച്ഛനോട് ചോദിച്ചു. അദേഹം അവളോടായി പറഞ്ഞു - "ജെ മൊട്ട് വെര്‍ട്ടെല്ലെന്‍ ഹിസ്‌ നെയിം ഈസ്‌ കുഷ്." ഹും, എനിക്ക് ഡച്ച്‌ കുറേശ്ശെ മനസ്സില്‍ ആകാന്‍ തുടങ്ങിയിരിക്കുന്നു. ആ ഉത്തരം കേട്ടപ്പോള്‍ അവള്‍ അച്ഛനോട് ചോദിച്ചത് എന്താകും എന്ന് ഞാന്‍ ഊഹിച്ചു. തന്‍റെ സഹോദരന്റെ പേര് എങ്ങനെ ഇംഗ്ലീഷില്‍ പറയും എന്നാണ് അവള്‍ ചോദിച്ചത്. സാറാ ഞങ്ങളുടെ അരികില്‍ വന്നു അനിയനെ ചൂണ്ടി കൊണ്ട് പറഞ്ഞു - "ഹിസ്‌ നെയിം ഈസ്‌ കുഷ്." തന്‍റെ പേര് മറ്റേതോ ഭാഷയില്‍ അപരിചിതരോട് പറഞ്ഞത് കേട്ട് ദേഷ്യപെട്ട കുഷ് ഇരുന്ന സീറ്റില്‍ നിന്ന് ചാടി ഇറങ്ങി ചേച്ചിക്കിട്ട് രണ്ടു ഇടി ഇടിച്ചിട്ടു അച്ഛനെ ചെന്ന് കെട്ടി പിടിച്ചു ചിണുങ്ങാന്‍ തുടങ്ങി.

സാറായുടെ അടുത്ത ചോദ്യം - "ഹോയി ഇക് മിജ്ന്‍ നാം വെര്‍ട്ടെല്ലെന്‍?" 'നാം' ഹിന്ദിയില്ലെന്ന പോലെ ഡച്ചിലും പേര് ആകും എന്ന് ഞാന്‍ ഊഹിച്ചു. 'വെര്‍ട്ടെല്ലെന്‍' എന്നത് ഇംഗ്ലീഷിലെ 'tell' ആകുമെന്നും. അച്ഛന്റെ മറുപടി എന്‍റെ ഊഹം ശരി വെച്ച് - "മൈ നെയിം ഈസ്‌ സാറാ."

സാറാ വീണ്ടും എന്‍റെ അടുത്തെത്തി - "മൈ നെയിം ഈസ്‌ സാറാ." "ഹായ് സാറ, ഐ ആം ജോഷി, ഫ്രം ഇന്ത്യ." സാറയുടെയും, കുഷിന്റെയും മുഖം വികസിച്ചു. "വാര്‍.." കുഷിന്റെ ചോദ്യം. "എവിടെ നിന്നാണ് എന്നാണ് അവന്‍ ചോദിച്ചത്." പരിഭാഷകനായി അവന്‍റെ പിതാവ്. "ദൂരെ, വളരെ വളരെ ദൂരെ.... ഏഴു കടലുകള്‍ക്കും, ഏഴു മലകള്‍ക്കും അപ്പുറം..." "ver ver weg ... Na zeven zeeën en zeven bergen" പിതാവിന്‍റെ തര്‍ജമ അവരില്‍ ആകാംക്ഷ ഉണര്‍ത്തി. 'echt?' (ശെരിക്കും?) അവരുടെ ചോദ്യം.

ബസ്‌ വരാന്‍ 5 മിനിറ്റ് കൂടിയുണ്ട്. "ഓക്കേ സാറ. ഞാന്‍ നിങ്ങളെ ഞങ്ങളുടെ ഭാഷ ഹിന്ദി പഠിപ്പിക്കാം, നിങ്ങള്‍ എന്നെ നിങ്ങളുടെ ഭാഷ ഡച്ച്‌ പഠിപ്പിക്കണം." ഞാന്‍ പറഞ്ഞു. അവര്‍ സമ്മതിച്ചു. പരിഭാഷകനായി അവരുടെ പിതാവും.. Hello, namasthe, hello... Good Morning, Suprabhath, goedemorgen... Bye, Namaskar, doei.... Thank you, Dhanyawad, Danks.. 

സമയം കടന്നു പോയതറിഞ്ഞില്ല.. ബസ്‌ എത്തി, കുട്ടികള്‍ ആരവത്തോടെ ബസില്‍ ഓടി കയറി, പിന്നാലെ അവരുടെ പിതാവും, ഞങ്ങള്‍ 6 മഹാന്മാരായ ഇന്ത്യക്കാരും... ആര്‍നേം സിറ്റി സെന്‍റെറിന് മുന്‍പുള്ള സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തി, ഞങ്ങളുടെ കൊച്ചു കൂട്ടുകാരും അവരുടെ അനുഗ്രഹീതനായ പിതാവും അവിടെ ഇറങ്ങി.

ഇറങ്ങുമ്പോള്‍ സാറ ഒരു നിമിഷം നിന്ന്, എന്നെ തിരിഞ്ഞു നോക്കി.. എന്നിട്ട് പറഞ്ഞു...

tot ziens....

അതെ കൊച്ചു കൂട്ടുകാരി, tot ziens...

-----------------------------------------------------------------------------
(വാല്‍കഷ്ണം : ഇത്രയും നേരം സംസാരിച്ചിട്ടും അവരുടെ പിതാവിന്‍റെ പേര് ഞങ്ങള്‍ ചോദിച്ചില്ല. Child is the father of the man എന്ന് പണ്ട് ഏതോ മഹാകവി പാടിയിട്ടുണ്ടല്ലോ... അത് കേട്ടിട്ടുണ്ടെങ്കില്‍ പുള്ളിക്കാരന്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും... )
--------------------------------------------------------------------------------------------------------------------------

Facebook Post on April 20th



We were waiting for Bus back to Train station after visiting Openluchtmuseum at Arnhem, Netherlands. At that time, a father came with his 2 young children to take Bus back home. The children came and sat with us in the shed. We started talking with them, and later understood that they only knew Dutch. I asked the boy :- "What is your name?" and his father replied - "Kush." "And your's young lady?" He told something in Dutch to her and her face reddened with shyness and she replied "Sara.."

She then went back to her father and told something in Dutch and he replied - "Je moet vertellen 'His name is Kush.' " Ok, now I started to understand little bit of Dutch. She asked her father how to say her brother's name in English. She then asked - "Hoe ik mijn naam vertellen?" And he replied - "My name is Sara."

She came to us and told - "His name is Kush. My name is Sara." I replied - "Hi Sara, I am Joshy from India." 'India?" both the children's face widened. May be they might be hearing it for the first time. "Waar?" Kush asked. His father translated - "He is asking where it is?"... "Far, faaaar away.... You have to cross seven seas and seven mountains to reach India.." My exaggeration was translated by their father and their eyes become more widened.. "Really??"

We still had 5 more minutes for the Bus. "Ok Sara, I will teach you Hindi, you teach me Dutch, agreed?" I told her. Her father became our translator. Hello, namasthe, hello... Good Morning, Suprabhath, goedemorgen... Bye, Namaskar, doei.... Thank you, Dhanyawad, Danks.... I learned and hoped they too learned...

The bus came, the kids ran into it, their father and the great gang of us 6 Indians.... The bus stopped before Arnhem City Center and the gracious father and his 2 blessed kids stepped down from bus...
While stepping down, Sara looked back to us and told...

...tot ziens"

November 16, 2014

ഹൌ മെനി കിലോമീറ്റര്‍സ് ഫ്രം വാഷിംഗ്ടണ്‍ ഡി.സി ടൂ മയാമി ബീച്ച്?




പതിറ്റാണ്ടുകളായി ലോക മലയാളികള്‍ക്ക് ഉത്തരം കിട്ടാതിരുന്ന ഈ ചോദ്യം എന്റെ മനസ്സില്‍ ഉയര്‍ന്നു വന്നത് ഇന്നലെ അറ്റ്‌ലാന്‍റ്റയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡി.സിയിലേക്കുള്ള ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ എന്റെ സഹയാത്രിക മയാമി സ്വദേശിനി ആണെന്നറിഞ്ഞപ്പോള്‍ ആയിരുന്നു. അപ്പോള്‍ തന്നെ സംശയ നിവൃത്തി നടത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

How many kilometers from Washington DC to Miami beach?

(ഹൌ മെനി കിലോമീറ്റര്‍സ് ഫ്രം വാഷിംഗ്ടണ്‍ ഡി.സി ടൂ മയാമി ബീച്ച്?)

എന്റെ ചോദ്യം കേട്ട അവര്‍ ആദ്യം ഒന്ന് അമ്പരന്നു. എന്നിട്ട് കൈയിലുരുന്ന ഐപാഡില്‍ മാപ്പ്സ് എടുത്തു സെര്ച്ച് ‌ ചെയ്തിട്ട് പറഞ്ഞു. 1055 miles. (1700 കിലോമീറ്റര്‍).

“I am the answer! Kilometres and kilometres! In these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!!!”

ശരിയുത്തരവും, അതിനു പിന്നിലെ കഥയും കേട്ട അവര്‍ക്ക് ബോധക്കേട്‌ ഉണ്ടാകാഞ്ഞത് ഭാഗ്യം!

(ചിത്രം : വാഷിംഗ്ടണ്‍ ഡിസിയിലെ പ്രസിദ്ധമായ പോട്ടോമാക് നദി, ഒരു ആകാശ കാഴ്ച.)

November 7, 2014

ഞാന്‍ നിന്നെ സ്നേഹിക്കുന്നു : നീ പോടാ പട്ടി (മലയാളി എവിടെയും മലയാളി തന്നെ!)



ഡൽഹിയിൽ നിന്നു ആംസ്റ്റർഡാമിലേയ്ക്കുള്ള വിമാനത്തിനായി കാത്തിരിക്കുമ്പോൾ തന്നെ ഞാൻ അവനെ സ്കെച്ചിട്ടിരുന്നു. കാഴ്ചയിൽ മലയാളിയെ പോലെ തോന്നിച്ചിരുന്ന അവൻ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചിരിക്കുകയും, ഓരോ തമാശയ്ക്കും പുഞ്ചിരിച്ചും കൊണ്ടിരുന്നു. 

ഒടുവില്‍ ആംസ്റ്റർഡാമില്‍ ഇറങ്ങാന്‍ നേരം സംശയനിവൃത്തി വരുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. “ആപ്പ്‌ കേരളാ സെ ഹേ?” ഞാന്‍ ചോദിച്ചു. “നഹി ഭായി, ബഹുത് ലോഗ് മുജ്ഹെ മലയാളി സമജ്കര്‍ യേ സവാല്‍ പൂച്ചാ ഹേ!” അവന്റെ ബാക്കി ഉത്തരം കേട്ടാണ് ഞാന്‍ ഞെട്ടിയത്.

“My malayali friends taught me two Malayalam sentences. Whenever you meets a Malayali girl greet her by saying ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ and when you meet a Malayali boy greet him by saying ‘നീ പോടാ പട്ടി’.

('എന്‍റെ മലയാളി സുഹൃത്തുക്കള്‍ എന്നെ രണ്ടു മലയാളം വാക്കുകള്‍ പഠിപ്പിച്ചിട്ടുണ്ട് - ഒരു മലയാളി പെണ്‍കുട്ടിയെ കാണുമ്പോള്‍ 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്ന് പറഞ്ഞു അഭിവാദ്യം ചെയ്യുക. ഒരു മലയാളി ആണ്‍കുട്ടിയെ കണ്ടാല്‍ 'നീ പോടാ പട്ടി' എന്ന് പറഞ്ഞു അഭിവാദ്യം ചെയ്യുക.")

മലയാളി എവിടെയും മലയാളി തന്നെ!

September 29, 2014

'1GB'-ക്കണോ '3G'-ക്കണോ കൂടുതല്‍ സ്പീഡ്‌??

രാവിലെ ബാങ്കില്‍ നിന്ന് പുറത്തിറങ്ങുമ്പോളാണ് ഞാന്‍ ആ വിളി കേട്ടത് .

"ഹായ് ജോഷി" ഞാന്‍ തിരിഞ്ഞു നോക്കി.

ആദ്യം വിചാരിച്ചത് പോളിസി എടുപ്പിക്കാന്‍ പുറകെ നടക്കുന്ന ഇന്‍ഷുറന്‍സ് അഡ്വൈസര്‍ ആയിരിക്കുമെന്നാണ്. പക്ഷെ അത് പദ്മജ* ആയിരുന്നു. (യഥാര്‍ത്ഥ പേരല്ല!! സ്വന്തം അച്ഛന്‍റെ കൂട്ടുകാരന്‍റെ കമ്പനിയില്‍ അച്ഛന്‍റെ ശുപാര്‍ശ കൊണ്ട് ഉന്നത പദവിയില്‍ ജോലി ചെയ്യുന്ന ആ പെണ്‍കുട്ടിയെ പദ്മജ എന്നല്ലാതെ എന്ത് പേരാണ് എനിക്ക് വിളിക്കാന്‍ പറ്റിയത്??)

 "ബഹുത് ദിനോം കെ ബാദ് ആപ്സേ മുലാകാത്‌ ഹോഗയാ" (ഒത്തിരി നാളുകള്‍ക്കു ശേഷം ആണ് കണ്ടു മുട്ടിയതെന്നു..!!) ഉപചാരങ്ങള്‍ കൈ മാറിയ ശേഷം അവള്‍ പറഞ്ഞു. "ഐ വാസ്‌ തിങ്കിംഗ് ടോ കാള്‍ യു ഫോര്‍ ക്ലീരിംഗ് എ ഡൌട്ട്." "എന്താണാവോ?" ഞാന്‍ ചോദിച്ചു.

"കഴിഞ്ഞ ദിവസം ഞാന്‍ ഒരു എയര്‍ടെല്‍ യൂ.എസ്.ബി. ഡോങ്ങിള്‍ വാങ്ങി, 1GB ഡാറ്റ പ്ലാന്‍ റീചാര്‍ജ് ചെയ്തു. ഇന്നലെ ഓഫീസില്‍ ഞാന്‍ ഇത് പറഞ്ഞപ്പോള്‍ മാനേജര്‍ എന്നോട് പറഞ്ഞു '1GB'യെക്കാളും സ്പീഡ്‌ '3G'ക്കാണ്; അത് കൊണ്ട് 1GB മാറ്റി 3G എടുക്കണം എന്ന്. ഞാന്‍ ഇന്നലെ കടയില്‍ ചെന്ന് ചോദിച്ചപ്പോള്‍ കടക്കാരന്‍ പറഞ്ഞു അത് 3Gയാണ് ചാര്‍ജ് ചെയ്തതെന്ന്. ശെരിക്കും അയാള്‍ എന്നെ പറ്റിക്കുവല്ലേ, 3G എന്ന് പറഞ്ഞു 1GB തന്നിട്ട്????"

 "പോട്ടെ സാരമില്ല, അടുത്ത തവണ റീചാര്‍ജ് ചെയ്യുമ്പോള്‍ അബദ്ധം പറ്റാതെ സൂക്ഷിക്കുക." എന്ന് പറഞ്ഞു ഞാന്‍ അവിടെ നിന്ന് തടി തപ്പി.

ഇപ്പോളും എന്റെ സംശയം മാറിയിട്ടില്ല.

 '1GB'-ക്കണോ '3G'-ക്കണോ കൂടുതല്‍ സ്പീഡ്‌??

April 18, 2014

മാജിക്കല്‍ റിയലിസത്തിന്റെ കുലപതിക്ക് വിട!

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസം ആയി മാറിയ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്സിന്റെ മിക്ക നോവലുകളും മാജിക്കല്‍ റിയലിസത്തിന്റെ ഭാവനാ ലോകങ്ങള്‍ തുറന്നിടുന്നവയായിരുന്നു. "എന്റെ രചനകളെ സംബന്ധിച്ച ഏറ്റവും വലിയ അഭിന്ദനങ്ങള്‍ വരുന്നത് അവയിലെ ഭാവനയുടെ പേരിലാണെന്നതാണ് അത്ഭുതം. എന്റെ ഒരൊറ്റവരിപോലും സത്യമല്ലാതെയില്ല. യാഥാര്‍ഥ്യങ്ങള്‍ എപ്പോഴും വന്യമായ ഭാവനയ്ക്കു സമാനമാണ്" എന്ന് മാര്‍കേസ് ഒരിക്കേല്‍ പറഞ്ഞിരുന്നു.

 "കൂടുതല്‍ സമയം കാത്തിരിക്കുന്നവന് വളരെക്കുറച്ചേ പ്രതീക്ഷിക്കാനാവൂ." എന്ന് എഴുതിയ മാര്‍കേസിന്റെ ഏറ്റവും വിഖ്യാതമായ രചന "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍" (One Hundred Years of Solitude) എന്ന ബൃഹത്‌നോവല്‍ 1967-ല്‍, അര്‍ജന്റീനയിലെ ബ്വേനസ് ഐറീസിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ബ്വേന്‍ദിയ കുടുബത്തിലെ ആറു തലമുറകളുടെ കഥ പറയുന്ന ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ മാര്‍കേസിന് സ്വപ്നസമാനമായ പ്രശസ്തിയാണുണ്ടാക്കിക്കൊടുത്തത്. ഇനിയൊരു വ്യാഖ്യാനത്തിനു പഴുതില്ലാത്തവിധം പലമട്ടില്‍ പഠിക്കപ്പെട്ടു. ചര്‍ച്ചചെയ്യപ്പെട്ടു ഈ നോവല്‍. അതിന്റെ രാഷ്ട്രീയവും മനഃശാസ്ത്രവും സാമൂഹികമാനങ്ങളും ഭാഷയും ചരിത്രപരതയും പുരാവൃത്തസമൃദ്ധിയുമെല്ലാം ഇഴകീറി പരിശോധിക്കപ്പെട്ടു. നാലുപതിറ്റാണ്ടിനിടെ നാല്പതോളം ഭാഷകളില്‍ പരിഭാഷകളിറങ്ങി - മലയാളവിവര്‍ത്തനം 1984-ലാണ് പുറത്തുവന്നത്. ലോകമെങ്ങുമായി ദശലക്ഷക്കണക്കിന് പ്രതികള്‍ വിറ്റഴിഞ്ഞു. "ഒരെഴുത്തുകാരന്‍ തന്റെ ജീവിതത്തില്‍ ഒരു പുസ്തകം മാത്രമേ എഴുതുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം അതിന്റെ ആവര്‍ത്തനങ്ങള്‍ മാത്രമാണ്. വ്യത്യസ്ത പേരുകളില്‍, രൂപങ്ങളില്‍ അവ പുനര്‍ജനിക്കുമ്പോള്‍ വ്യത്യസ്ത രചനകളായി തോന്നുന്നുവെന്നുമാത്രം... ഞാനെഴുതിയ ആ ഏക പുസ്തകം ഏതാണ്? എന്റെ എല്ലാ കഥകളിലും നിറഞ്ഞു നില്ക്കുന്ന ഏകാന്തതയില്ലേ, അതുതന്നെ. ഏകാന്തതയുടെ ആ പുസ്തകം." എന്നാണ് മാര്‍ക്കേസ് അതിനെ കുറിച്ച് പറയുന്നത്.

 ആത്മകഥയായ 'കഥ പറയാനായി ജീവിച്ചിരിക്കുന്നു' (Living to tell a tale) വായിച്ചാല്‍ മനസ്സിലാവുക മാര്‍കേസിന് എഴുത്തുകാരനാവാനുള്ള മോഹം എന്നും മനസ്സിലുണ്ടായിരുന്നു എന്നാണ്. നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍ , ചെറുകഥാകൃത്ത് എന്നീനിലകളില്‍ പ്രശസ്തനായ മാര്‍കേസിന് 1982-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. കോളറ കാലത്തെ പ്രണയം, കപ്പല്‍ ഛെദം വന്ന നാവികന്റെ കഥ, ഓട്ടം ഓഫ് എ പേട്രിയാര്‍ക്ക്, ലീഫ് സ്റ്റോം, ഇന്‍ ഈവിള്‍ അവര്‍, ക്രോനിക്കള്‍ ഓഫ് എ ഡെത്ത് ഓവര്‍ടോള്‍ഡ്‌ തുടങ്ങിയവ സാഹിത്യ ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ രചനകളാണ്.

 നഗ്നശിഖരമായ ഒരു വൃക്ഷത്തിലെ ഒടുക്കത്തെ ഇല കൊഴിയും പോലെ, ലോക സാഹിത്യത്തിലെ ഒരു വിശിഷ്ട പൈതൃകത്തിന്റെ അവസാന നാഡിസ്പന്ദനമാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്സിന്റെ മരണത്തോടെ നിലച്ചു പോയിരിക്കുന്നത്. അങ്ങനെ "ആരും മരിക്കേണ്ടപ്പോള്‍ മരിക്കാറില്ല; മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കാറുള്ളൂ." എന്ന് എഴുതിയ മാര്‍ക്കേസും ഇനി ഓര്‍മകളിലേക്ക്...!

July 12, 2013

റോബര്‍ട്ട്‌ ഫ്രോസ്റ്റ് എനിക്ക് എസ്. എം. എസ് അയച്ചപ്പോള്‍ (!!!)

ഇന്ന് വൈകുന്നേരം ഞാന്‍ എന്‍റെ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു. അവന്‍ എന്‍റെ ഫോണില്‍ നാട്ടിലെ ഫോട്ടോകള്‍ കാണുകയും... 

അപ്പോള്‍ ഫോണ്‍ ഒന്ന് ചിലച്ചു.. "ഡാ നിനക്ക് ഒരു എസ്. എം. എസ്.." അവന്‍ പറഞ്ഞു. "ആരുടെതാ?" ഞാന്‍ ചോദിച്ചു. "ഒരു നമ്പര്‍ ആണ്. പേരില്ല.." അവന്‍ പറഞ്ഞു.

 "വല്ല പരസ്യോം ആയിരിക്കും. നീ ഒന്ന് വായിച്ചേ.." 

അവന്‍ അത് ഓപ്പണ്‍ ചെയ്തു. "ഡാ നിനക്ക് റോബര്‍ട്ട്‌ ഫ്രോസ്റ്റിനെ അറിയാമോ?" അവന്‍ ചോദിച്ചു.

 "അറിയപ്പെടുന്ന കവി അല്ലേ?" ഞാന്‍ പറഞ്ഞു.

 "ഹോ അവരൊക്കെ ആണോ നിനക്ക് മെസ്സേജ് അയക്കുന്നത്. ഈ മെസ്സേജ് അയച്ചിരിക്കുന്നത് റോബര്‍ട്ട്‌ ഫ്രോസ്റ്റ് ആണ്.. ദെ വായിച്ചു നോക്കിക്കേ....."


April 9, 2013

ขอบคุณ ครับ (കാപ്പ് ഖൂണ്‍ ക്രാപ്പ് )


തായ്‌ലാന്‍ഡ്‌ ട്രിപ്പിലെ അവസാന ദിനങ്ങളില്‍ ഒന്നാണ് ഞങ്ങള്‍ നൈറ്റ്‌ മാര്‍ക്കറ്റില്‍ പോകാന്‍ തീരുമാനിച്ചത്. ഇന്ത്യക്കാര്‍ എന്ന് പറയാന്‍ ഞങ്ങള്‍ 5 മലയാളികള്‍. ഞാനും, ഹാനോക്കും പഞ്ചാബില്‍ നിന്ന്, ബെസിലിച്ചായാനും, റീജ ചേച്ചിയും ഹിമാചലില്‍ നിന്ന്, വിജിച്ചായന്‍ ആന്ധ്രയില്‍ നിന്ന്... (ആരും കേരളവാസികള്‍ അല്ല.) കൂട്ടത്തില്‍ മുന്‍പ് ചിയന്ഗ് മയ്യില്‍ വന്നിട്ടുള്ള വിജിച്ചായന്‍ ആണ് BigC സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാം എന്ന് നിര്‍ദേശിച്ചത്. അങ്ങനെ ഞങ്ങള്‍ മാര്‍ക്കെറ്റില്‍ നിന്നും ഷോപ്പിംഗ്‌ കഴിഞ്ഞു മടങ്ങുമ്പോള്‍ ആണ് ഈ കുറിപ്പിന് ആധാരമായ സംഭവം അരങ്ങേറുന്നത്.

സമയം രാത്രി പത്തര. കുവാന്ഗ് റോഡില്‍ ഞങ്ങള്‍ ടാക്സി കാത്തു നില്‍ക്കുന്നു; പരസ്പരം മലയാളത്തില്‍ തമാശ പറഞ്ഞു കൊണ്ട്. മാര്‍ക്കറ്റില്‍ നിന്ന് റിട്ടേണ്‍ പോകുന്ന ഒരു ടാക്സി ഞങ്ങളുടെ മുന്‍പില്‍ വന്നു നിര്‍ത്തി. ബെസിലിച്ചായാന്‍ ചോദിച്ചു : “ഡോയി സാകെറ്റ്‌ റോഡ്‌?”
“സവാത് ഡീ, 200 ബാത്ത്.” താരതമേന്യ കുറഞ്ഞ നിരക്ക്. ഒരാള്‍ക്ക് 40 ബാത്ത്, അതായതു 80 രൂപാ. ഞങ്ങള്‍ ഹൊറൈസണ്‍ റിസോര്‍ട്ടിന്റെ പേര് പറഞ്ഞതും അയാള്‍ പറഞ്ഞു : “പായ് ലെവോ, മ കാവോ.. ഐ നോ, കം കം..” (ഞാന്‍ അവിടെ പോയിട്ടുണ്ട്. വരൂ, കയറൂ..) അയാള്‍ ഇറങ്ങി വന്നു ഞങ്ങളുടെ ബാഗ്‌ എടുത്തു വണ്ടിയില്‍ വെച്ച്. എന്നിട്ട് എന്‍റെ അടുക്കല്‍ വന്നു പതുക്കെ പിറുപിറുക്കും പോലെ എന്തോ പറഞ്ഞു : “യൂ ഫ്രണ്ട് മിസ്റ്റര്‍ ചന്ദ്രന്‍, കണ്ണൂര്‍....”


വണ്ടിയില്‍ കേറി ഞാന്‍ കൂട്ടുകാരോട് പറഞ്ഞു : “അയാള്‍ എതോ ഒരു ചന്ദ്രനെ കുറിച്ച് പറഞ്ഞ പോലെ തോന്നുന്നു.” അവര്‍ ചിരിച്ചു തള്ളി. “ചന്ദ്രനോ, അതും ഇവിടെ..!” എന്തായാലും സംശയം തീര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. “കുന്‍ ചെവു റായി? (നിങ്ങളുടെ പേരെന്താ?)” “മായി കോയി ജെയി.” എന്റെ തായ് ഭാഷ പുള്ളിക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു. “യുവര്‍ നെയിം?” ഞാന്‍ ചോദ്യം സിമ്പിള്‍ ഇംഗ്ലീഷില്‍ ആവര്‍ത്തിച്ചു. രക്ഷയില്ല. പിന്നെ ഞാന്‍ ആംഗ്യഭാഷയിലേക്ക് തിരിഞ്ഞു : “മൈ നെയിം ജോഷി. യുവര്‍ നെയിം?” “ശശി... വിട്ടിട്ട് പോടെയ്‌. നിനക്ക് ഒരു പണിയുമില്ലേ?” പിന്‍സീറ്റില്‍ നിന്ന് ഹാനോക്‌. “ആരാ ഈ ശശി?” സംശയം റീജചേച്ചി വക. “എന്റെ വകയില്‍ ഒരു കൂടുകാരന്റെ അളിയന്‍ ആയിട്ട് വരും.” ദൈവമേ, ബെസിലിച്ചായനും കോമഡി അടിക്കുമോ??

“ഡി ചാന്‍ ഹാന്‍ കൊന്ക്.” (എന്‍റെ പേര് ഹാന്‍ കൊന്ക്.) അയാള്‍ക്ക് മനസ്സിലായി തുടങ്ങി. “നാം, നാം...” “കണ്ടോ, ജോഷി അയാളെ ഹിന്ദി പഠിപ്പിച്ചു. അയാള്‍ നാം എന്നൊക്കെ പറയാന്‍ തുടങ്ങി.” വിജിച്ചായന്‍ ആണ്. “മേരാ ഹാന്‍ കൊന്ക് നാം..” അയാളുടെ അടുത്ത ഡയലോഗില്‍ ഞെട്ടിയത് ഞങ്ങള്‍ ആയിരുന്നു. “യു ഫ്രം ഇന്ത്യ? ഇന്ത്യ ഗുഡ് കണ്‍ട്രി. ഐ ലവ് ഇന്ത്യ പീപ്പിള്‍.” തലയാട്ടിയപ്പോഴും ഞെട്ടല്‍ മാറിയില്ല.

“മൈ ഫ്രണ്ട് മിസ്റ്റര്‍ ചന്ദ്രന്‍ ഫ്രം ഇന്ത്യ. സൗത്ത്‌ കേരള. കന്നൂര്‍. വീ ടുഗെതെര്‍ ഇന്‍ ബാങ്കോക്ക് 2 ഇയര്‍സ്.” അയാള്‍ക്ക് ആവേശം. “ഓ, ചന്ദ്രന്‍ ഈസ്‌ ഹിസ്‌ ഫ്രണ്ട്.” എന്നെ ചൂണ്ടി കാണിച്ചു ബെസിലിച്ചായാന്‍ പറഞ്ഞു. “ഒഹ്, യു നോ ചന്ദ്രന്‍. ചന്ദ്രന്‍ ഗുഡ്‌ മാന്‍. ഐ ടീച്ചര് ചന്ദ്രന്‍ ഡ്രൈവിംഗ്. ഔര്‍ കമ്പനി ക്ലോസ്‌ഡ്‌, ചന്ദ്രന്‍ ഗോ ടോ ചൈന. ഐ കം ബാക്ക്‌ ടോ ചാന്‍ങമേയി. നോ ചൈന.” അയാളുടെ വാക്കുകളില്‍ പൂര്‍വ സ്മരണകള്‍.

“വെ ആര്‍ ഫ്രം ചന്ദ്രന്‍സ്‌ പ്ലേയ്സ്, കേരള.” ഞാന്‍ പറഞ്ഞു. “ചന്ദ്രന്‍ ഗിവ് മി റൊട്ടി, പുട്ടി (പുട്ട്?), ചക്ക് (ചക്ക?), മങ്ങി (മാങ്ങ അതോ മങ്കി??).. (തന്നതോ അതോ പറഞ്ഞെന്നോ). ഹിന്ദി.. നമസ്കാര്‍... വെന്‍ ഡ്രിങ്ക് ചന്ദ്രന്‍ കാള്‍ മി പറ്റി, #@%$^$, $&#**@, $%#^@&@....” മലയാളത്തില്‍ ഞങ്ങള്‍ വരെ കേള്‍ക്കാത്ത തെറികള്‍ നല്ല അക്ഷര സ്പുടതയോടെ അയാള്‍ പറഞ്ഞു. അര്‍ഥം അയാള്‍ക്ക് അറിയാത്തത് കൊണ്ട് ഭാഗ്യം. മലയാളം പഠിച്ച തായ് ഡ്രൈവര്‍....  

“ഐ ഗോ ടോ ഇന്ത്യ. ബുദ്ധ പ്ലേയ്സ്. ഐ വില്‍ ഗോ വണ്‍ ഡേ.” ഭാവിയില്‍ അയാള്‍ക്ക് ഇന്ത്യയില്‍ വരാനുള്ള ആഗ്രഹം ഞങ്ങളോട് പങ്കു വെച്ച്. ബുദ്ധന്‍ ജനിച്ച സ്ഥലവും, ഹിമാലയ പര്‍വതവും, ഗംഗാ നദിയും, വാരണാസിയും കാണാനുള്ള മോഹവും. യാത്രക്കിടയില്‍ അയാള്‍ വണ്ടിയില്‍ ഇരുന്ന ആല്‍ബം എടുത്തു കാണിച്ചു. ഭാര്യയും, ഒരു മകനും 2 മകളും അടങ്ങുന്ന സന്തുഷ്ട കുടുംബം. വീട്ടില്‍ ഇന്നും അയാള്‍ ചന്ദ്രന്‍റെ ഫോട്ടോ ഭിത്തിയില്‍ ചില്ലിട്ടു സൂക്ഷിക്കുന്നു, ഒളി മങ്ങാത്ത ആ സൌഹ്രദത്തിന്റെ ഓര്‍മ്മചിത്രം പോലെ.


ഞങ്ങള്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ ഇറങ്ങി. മടങ്ങാന്‍ നേരം അയാള്‍ പറഞ്ഞു :- “ഐ ഗോ ഹൌസ്, ടെല്‍ മൈ വൈഫ്‌. ഐ സോ മൈ ഫ്രണ്ട് ചന്ദ്രന്‍ ഫ്രണ്ട്. യു ടെല്‍ ചന്ദ്രന്‍ യു സീ ഹാന്‍ കൊന്ക്.” ചന്ദ്രനെ കണ്ടു അന്വേഷണം അറിയിക്കാമെന്നും, ചന്ദ്രന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങി തരാമെന്നും മറ്റും നാട്ടിലെ രാഷ്ട്രീയക്കാരെ പോലെ നടക്കാത്ത ചില വാഗ്ദാനങ്ങള്‍ നല്‍കി ഞങ്ങള്‍ പിരിഞ്ഞു. പിരിയാന്‍ നേരം അയാള്‍ പറഞ്ഞു :- “കാപ്പ് ഖൂണ്‍ ക്രാപ്പ്” (നന്ദി...)

August 16, 2009

ക്ലാസ്സ്‌മേറ്റ്സ് : പോളി ജീവിതത്തിനൊരു ഓര്‍മക്കുറിപ്പ്


2009 ആഗസ്റ്റ്‌ 15 – കടുത്തുരുത്തി പോളിടെക്നിക്


“ഇന്നലെ കണ്ടുവോ നിന്നെ, നീ എന്നെയും
എന്നെ പിരിഞ്ഞവര്‍, കാലം മറന്നവര്‍....
കണ്ടറിഞ്ഞില്ലെങ്കിലും, കണ്ടറിയാത്തവര്‍
വല്ലാതടുത്തിട്ടും, വല്ലാതകന്നവര്‍..”

ഓര്‍മ്മയുടെ മഞ്ഞുപാളികള്‍ക്കിടയില്‍നിന്ന് തെല്ലൊന്നു മാറി ആര്‍ദ്രതയോടെ നിലാവിന്‍റെ സൗന്ദര്യം അരിച്ചിറങ്ങുകയാണ്.... കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ്‌ ഒറ്റയ്ക്ക് ഈ കലാലയത്തിലേക്ക് കടന്നു വന്നതിനു പതിയെ വര്‍ണങ്ങളേറുന്നു ... എത്ര മാത്രം സുന്ദരമാണ് ഈ കലാലയം എന്ന് അറിയാതെ അറിയുകയായിരുന്നു... ഈ കോളജുമായി വല്ലാത്തൊരു ആത്മബന്ധമുള്ളതായി തിരിച്ചറിയുന്നത് ഇപ്പോളാണല്ലോ...

മുട്ടുചിറ ജംഗ്ഷന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. സെന്‍ട്രല്‍ ഹോട്ടലും, ഗുഡ്‌വില്ലും പഴയ പൂങ്കാവനം ഷാപ്പും, ആശുപത്രിയും തലസ്ഥാനങ്ങളില്‍ തന്നെയുണ്ട്. വെയിറ്റിംഗ് ഷെഡിലും വഴിയിലുമായ് ഒരുപാട് അപരിചിത മുഖങ്ങള്‍... മെല്ലെ മുന്‍പോട്ടു നടന്നു..


ഈ നാല് നില കെട്ടിടങ്ങള്‍ക്ക്‌ ഒരുപാട് പറയാനുണ്ടാവും... വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരിക്കുന്നവരെ കുറിച്ച്, ജന്മം നല്‍കിയവരെ കുറിച്ച്, ശാശ്വത യൗവ്വനം സമ്മാനിക്കുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ചു.... അനേക വസന്തങ്ങള്‍ പൂവും തളിരുമിട്ട ഈ പരിസര വായുവില്‍ എത്ര പേരുടെ പൊട്ടിച്ചിരികളും, സ്വപ്നങ്ങളും, നിശ്വാസങ്ങളും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.

കാലത്തിന്റെ ക്യാന്‍വാസില്‍ ആരോ കോറിയിട്ടതു പോലെ ഗവ. പോളിടെക്നിക് കോളേജ്, കടുത്തുരുത്തി എന്ന ബോര്‍ഡ്‌. താഴെ ഗോവണിപടികള്‍ക്കു മുന്‍പില്‍ ചെറിയ ഒരാള്കൂട്ടം... പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് വന്നവര്‍...  വെള്ള മുണ്ടും, ഷര്‍ട്ടും ധരിച്ചു സുസ്മരവദനനായി നടന്നടുക്കുന്ന അജേഷേട്ടന്‍.. സഖാവ് അജേഷ്‌ മനോഹര്‍.. വിദ്യാര്‍ത്ഥികളുടെ ‘പടയപ്പ’... പഴയ ചന്ദനപൊട്ടില്ലെങ്കിലും ക്ലീന്‍ഷേവില്‍ മാത്രം മാറ്റമില്ലാതെ ശ്യാമപ്രസാദ്‌... പഴയതില്‍ നിന്ന് ഒരല്പം കൂടെ തടിച്ചു ഉല്ലാസ്.. പുതിയ മുഖവുമായ്‌ നോബിന്‍... ഇടതു തോള്‍ അല്പം ചെരിച്ചു ചുണ്ടില്‍ ഒരു കള്ള ചിരിയുമായ്‌ നടന്നടുക്കുന്ന നൂലുണ്ട... സാക്ഷാല്‍ നമ്മുടെ മാന്‍വെട്ടംകാരനായ അനീഷ്‌ ബാബു...

“നവീന്‍ വരുമെന്ന് പറഞ്ഞതാ.. ഇത് വരെ കണ്ടില്ലല്ലോ?? പ്രമോദിന് ലീവില്ല.. അവന്‍ ചെന്നയിലാണ്... സുനിലും ജിനുവും ചെന്നൈയില്‍ തന്നെ ഉണ്ട്.. എബി ഹൈദരാബാദിലാണ്.. പ്രവീണും, അരുണ്‍കുമാറും ബാംഗ്ലൂരില്‍...” കട്ടിമീശയും, കടുംനിറത്തില്‍ ഉള്ള ഷര്‍ട്ടും.. ആളെ മനസ്സില്ലായില്ലേ?? “ഞാന്‍ അജയന്‍.. അജയകുമാര്‍ സി. ടി.. പോളിയിലെ ആദ്യ ആര്‍ട്സ്‌ ക്ലബ്‌ സെക്രട്ടറിയാണ്..” പഴയ നേതാക്കന്മാരായ ജാഫറും റിയാസും ബൈക്കില്‍ വന്നിറങ്ങുന്നു. ഇരുവരും കുറച്ചു തടിച്ചിട്ടുണ്ടെന്നല്ലാതെ രൂപത്തില്‍ യാതൊരു മാറ്റവുമില്ല..

ഡാ, നീയങ്ങു തടിച്ചു പോയല്ലോ.. എന്താടെ ആളെ കണ്ടാല്‍ തിരിച്ചറിയില്ലല്ലോ??” ചോദ്യം ബൈക്കില്‍ വന്നിറങ്ങിയ ശ്രീലാലിനോടാണ്... “ങാ ഹാ.. വില്ലന്മാര്‍ എല്ലാവരും എത്തിയല്ലോ.. ഒരു സ്ട്രൈക്ക് വിളിക്കാനുള്ള ക്വോറം തികഞ്ഞു..” അനിത ചേച്ചിയാണ്. പോളിയിലെ ആദ്യ ലേഡി വൈസ് ചെയര്‍മാന്‍.. അനിത സിറിയക്ക്. “അല്ല ഇതാര്? അനിതയോ? നീയിപ്പോ എവിടെയാ?” ചോദ്യം അജേഷേട്ടന്റെ വക.. “തിരുവന്തപുരത്ത് ബി.ടെക് കരിഞ്ഞു.. ഇപ്പോള്‍ ഞീഴൂര്‍ ഐ.എച്ച്.ആര്‍.ഡിയില്‍ ഗസ്റ്റ് ലെക്ചറര്‍ ആണ്.” പറഞ്ഞു തീരും മുന്‍പ് സംഘത്തില്‍ ചിരി പൊട്ടി. “ദൈവമേ, ആ പിള്ളേരെ കാത്തോണെ.. പാവം അതുങ്ങളുടെ ഒരു ഗതി.. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാനാ..” ;-)

കാലത്തെ കലപിലകള്‍ക്ക് സമര്‍പ്പിക്കപെട്ട ഈ തിരുമുറ്റത്ത്‌ നിന്നാണ് സമരങ്ങളുടെ ആരംഭം.. പോളിയുടെ ചരിത്രം അതിന്റെ സമരങ്ങള്‍ ആണെന്ന് പറയാറുണ്ട്.. എല്ലാ വിഘടിക്കലുകളെയും അതിജീവിച്ചായിരുന്നത്രേ നമ്മുടെ പോരാട്ടങ്ങള്‍... മുന്‍പേ പോയവരുടെ പിറകെ ചലിക്കുന്ന നമുക്ക് അവരുടെ കാലടികള്‍ പതിഞ്ഞ ഈ മുറ്റത്ത്‌ കാലു കുത്തുമ്പോള്‍ ഉള്ളിലെവിടെയോ ഒരു കോരിത്തരിപ്പ്...

പ്രിയപ്പെട്ട വിദ്യാര്‍ഥി, വിദ്യാര്‍ഥിനി സുഹൃത്തുക്കളേ...

ഓര്‍മ്മകള്‍ പിന്നിലേക്ക്‌ പോവുകയാണ്... 2001 ജൂലൈ 23 മുതല്‍ നീണ്ട 17 ദിവസത്തെ നിരാഹാര സമരം.. സ്ഥലമെടുപ്പിനും AICTE അംഗീകാരത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നന്ദി കുറിച്ച ആ സമരത്തെ മറക്കാവുന്നതെങ്ങനെ??

പടികയറി എത്തുന്നത്‌ കൂളറിന്റെ മുന്നിലേക്കാണ്.. ഇടനാഴികളുടെ തുടക്കം ഇവിടെ നിന്നാണ്.. പ്രിന്‍സിപ്പല്‍ റൂമും, ഓഫീസും കടന്നു ‘ഇക്കിളി മുക്കിലേക്ക്’ നീളുന്ന ഇടനാഴി ഹാര്‍ഡ്‌വെയര്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ കോലാഹലങ്ങളിലേയ്ക്ക് നീളുന്നു.. ഓര്‍മകളെ കീറിമുറിച്ചു കൊണ്ട് മൊബൈല്‍ ചിലച്ചു.. സജീവാണ്.. പഴയ ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍.. “ഡാ മീറ്റിംഗ് തുടങ്ങിയോ? ” പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള വിഷമം വാക്കുകളില്‍... പോലീസുകാരന്റെ ജാഡയില്ലാതെ A.K.P (എ. കെ. പ്രവീണ്‍കുമാര്‍) കടന്നു വരുന്നു... ചുറ്റും പഴയ സഖാക്കള്‍...

ഓര്‍മകള്‍ക്ക് പടികേരുവാന്‍ പാകത്തില്‍ മുകളിലേക്ക് സ്റ്റെപ്പുകള്‍... ഈ പടികളില്‍ ഒരുപാട് സൌഹൃദങ്ങള്‍ ഉണ്ടായിരുന്നിരിക്കണം.. മനസ്സ് സ്വതന്ത്രമായി സഞ്ചരിച്ചാല്‍ ഇവിടെ ആത്മാര്‍ഥതയുടെ, പാരസ്പര്യത്തിന്റെ സൌഹൃദങ്ങളെ കാണാം... ക്യാമ്പസിന് യൗവ്വനം നല്‍കുന്നവര്‍ ഒരിക്കലും ഒറ്റപ്പെടാറില്ല... “സ്നേഹിച്ചാല്‍ അകലാന്‍ ബുദ്ധിമുട്ടാണ്, അത് വിചാരിച്ചു സ്നേഹിക്കാതിരിക്കാന്‍ ഒക്കില്ലല്ലോ...” പിന്നിലാരോ പിറുപിറുക്കുന്നു..

ഇതാണ് പഞ്ചാരമുക്ക്.. സോഫ്റ്റ്‌വെയര്‍ ഡിപ്പാര്‍ട്ടുമെന്‍റ്.. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ രസമാണ്.. പതിയെ ആരോരുമറിയാതെ ഈ ഇടനാഴികളിലൂടെ നടന്നാല്‍, ശ്രദ്ധിച്ചാല്‍ നിശ്വാസങ്ങള്‍ കേള്‍ക്കാം... ഈ വഴികളിലൂടെയാണ് വിദ്യാര്‍ഥി സമൂഹം പ്രകടനമായ്‌ നീങ്ങുക.. വലിയ തീവണ്ടി പോലെ അണമുറിയാത്ത പ്രവാഹം... ഇലക്ഷന്‍ അടുക്കുമ്പോഴാണ് ഇടനാഴികള്‍ സജീവമാകുക... തുടര്‍ച്ചയായ ക്യാമ്പയിനുകള്‍, ശക്തി പ്രകടനം... ഉത്സവഛായയുടെ ശബ്ദഘോഷത്തിലേക്ക് ഇടനാഴി മാറുന്നു...

Standing at this cross road,
as each one takes a step to a
different dimension of life;
Engraved in our hearts for ever will be,
those moments we spent together
remembering the very precious college
that brought us together..

ഭിത്തിയില്‍ ആരോ കോരിയിട്ട ഓര്‍മകുറിപ്പുകള്‍ മറികടന്നു ഗ്രാഫിക്സ് ഹാളിലേക്ക്... ഒരുപാട് സൌഹൃദങ്ങളും, പ്രണയങ്ങളും, സമരങ്ങളും, അലിഞ്ഞു ചേര്‍ന്ന ഈറന്‍ഗന്ധങ്ങള്‍, നിശ്വാസ വായുവില്‍.. എന്റെ കൈകള്‍ അറിയാതെ പോക്കറ്റിലേക്ക് നീണ്ടു.. മാഗസിന്‍ പ്രകാശനത്തിന്റെ അന്ന് പോക്കറ്റില്‍ ഒഴുകി പടര്‍ന്ന മഷിയും, ഒരു നീല ഫൌണ്ടന്‍ പേനയും മനസ്സില്ലേക്ക്.. അതാ അവിടെ സ്റ്റേജില്‍ നിന്നാരോ പ്രസംഗിക്കുന്നല്ലോ... “സ്വപ്‌നങ്ങള്‍ പോലും അന്യമാകുന്ന ഈ കാലത്ത് നിങ്ങളുടെ സ്വപ്നങ്ങളെ പൂവണിയിക്കാന്‍ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും....” മീറ്റ്‌ ദി കാന്‍ഡിഡേറ്റ്സ് ഓര്‍മകളില്‍ നിന്ന് ഇന്നും മാഞ്ഞിട്ടില്ല...

പടിയിറങ്ങി ഇലക്ട്രോണിക്സ് ബ്ലോക്കിലേക്ക് നടക്കുമ്പോള്‍ കൂട്ടം കൂടി നില്‍ക്കുന്ന രണ്ടാം ബാച്ച് വിദ്യാര്‍ഥികള്‍... ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന ഷിനോ ലുക്കോസ്, കട്ടിമീശക്കാരന്‍ മാത്യു ജേക്കബ്‌, അനിത സിറിയക്ക്, ശ്യാമപ്രസാദ്‌, രാകേഷ്‌ ചന്ദ്രന്‍, ദിവ്യ,....... പിന്നെ പേരറിയാത്ത ഒരുപാട് ചേട്ടന്മാരും, ചേച്ചിമാരും... പോളിയ്ക്കൊരു വെബ്സൈറ്റ് ആരംഭിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച...

ക്യാമ്പസിന്റെ വ്യതസ്ത മേഖലകളിലായി പടര്‍ന്നു കിടക്കുന്ന ലാബുകളും, വര്‍ക്ക്‌ഷോപ്പുകളും.... ഇവിടെയാണ് ഞങ്ങള്‍ സങ്കേതികത ഉഴുതുമറിക്കുന്നത്... കമ്പ്യൂട്ടറുകള്‍ സ്തംഭിപ്പിക്കുന്നതും, സര്‍ക്ക്യുട്ടുകള്‍ അടിച്ചു കളയുന്നതും പഠിച്ചു പഠിച്ചു ഞങ്ങള്‍ ലാബിന്റെ മുകള്‍തട്ടു വരെ എത്തി കൊണ്ടിരിക്കുകയാണ്...

“നമ്മുക്ക് ഫസ്റ്റ് ഇയര്‍ ബ്ലോക്കിലേക്ക് പോകേണ്ടേ?” ആരോ ചോദിക്കുന്നു. മുട്ടുചിറ പള്ളിയുടെ മണിമേട കടന്നു നടക്കുമ്പോള്‍ മനസ്സില്‍ ഒരു നേര്‍ത്ത വിങ്ങല്‍. ഈ വഴിത്താരയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്... പോളിയിലെ ഒട്ടുമുക്കാല്‍ പ്രണയങ്ങള്‍ക്കും ആരംഭം കുറിച്ചത്‌ ഈ നടപ്പാതയിലാണ്.. എത്ര തവണ കൈ കോര്‍ത്ത്‌ ഒരേ കുടക്കീഴില്‍ കൂട്ടുകാരോടൊത്ത് ആര്‍ത്തുല്ലസിച്ചു നടന്ന ദിനങ്ങള്‍... സമരങ്ങള്‍ക്കും, ക്യാമ്പയിനുകള്‍ക്കും, പ്രകടനങ്ങള്‍ക്കും വഴി ഒരുക്കിയ രാജവീഥി... ഒടുവില്‍ ഇലക്ഷനു ശേഷം ആഹ്ലാദ പ്രകടനവുമായ്‌, കഴുത്തില്‍ രക്തഹാരവുമണിഞ്ഞുള്ള ആ ഘോഷയാത്ര....

 ഫസ്റ്റ് ഇയര്‍ ബ്ലോക്കിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ആ യു.പി. സ്കൂളും, അതിനെ വലം വെച്ച് നില്‍ക്കുന്ന റബര്‍ തോട്ടങ്ങളും, റോഡിറമ്പിലൂടെ തത്തിപ്പരതി കളകളാ ശബ്ദമുണ്ടാക്കി ഒഴുകി പോകുന്ന മഴ വെള്ളവും.... പിന്നെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു വല്‍സമ്മ മിസ്സിന്റെ കണ്ണില്‍ പെടാതെ ക്ലാസ്സ്മുറിയിലെ ജനലുവഴി ചാടി മൂത്രപ്പുരയുടെ  അരികു വഴി മതില് ചാടി റബര്‍തോട്ടത്തില്‍ കടന്ന്, ടീച്ചര്‍മാരും, സാറുന്മാരും കാണാതെ, തോടുകളും മേടുകളും മാറി കടന്ന്, പിന്‍വശത്തുള്ള ചെറിയ റോഡ്‌ വഴി, പള്ളിപ്പറമ്പിലൂടെ വാഴയുടെ മറ പറ്റി മെയിന്‍ റോഡിലേക്ക് നടന്നെത്തിയ ദിനങ്ങള്‍..

ആര്‍ക്കും മറക്കാനാവാത്ത മറ്റൊരു സ്ഥലം നമ്മുടെ ‘തോട്ടുംകര’ ആണ്. എന്തൊക്കെ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു നമ്മുടെ തോട്ടുംകര... സ്ട്രൈക്ക്, ഇലക്ഷന്‍, പരീക്ഷ തുടങ്ങിയ പ്രത്യേക ദിനങ്ങളില്‍ തോട്ടുംകരയില്‍ വന്‍ പോളിങ്ങ് ആണ്....

പിന്നെ നമ്മുടെ സ്വന്തം ഗ്രൌണ്ട്.. ക്ലാസ്സ്‌ കട്ട്‌ ചെയ്തു ക്രിക്കറ്റ്‌ കളിക്കാനും, നാടകം, തിരുവാതിര തുടങ്ങിയവയ്ക്കുള്ള റിഹേര്‍സലിനും വേദി ഒരുക്കിയ ഗ്രൌണ്ട്... ഇവിടെ കിടന്നു കൊണ്ട് ആകാശത്തേക്ക് നോക്കാന്‍ നല്ല രസം ആണ്.. ഇവിടെ ഇപ്പോള്‍ ഒരുപാട് ചുവന്ന മഞ്ചാടികുരുക്കള്‍ വീണു കിടപ്പുണ്ട്... ചുവപ്പ്, വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും നിറം.. വര്‍ഷങ്ങള്‍ കഴിഞ്ഞാലും മഞ്ചാടിയുടെ നിറം കെട്ടു പോകില്ല.. മനസ്സിനകത്ത് വിങ്ങലുകള്‍ സൃഷ്ടിക്കപ്പെടുമ്പോഴും മഞ്ചാടികുരുക്കള്‍ പൊഴിഞ്ഞു കൊണ്ടിരുന്നു... മഞ്ചാടി മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന കുറച്ചു പേരെയെങ്കിലും നമ്മുക്ക് ഇവിടെ കാണാം..

ഇനി അല്പം പാഠ്യേതര വിഷയങ്ങളും.. ഒന്നാമതായ്‌ യൂണിയന്‍.. ഇലക്ഷനും, ക്യംപയിനും, ഇനാഗുറേഷനുകളും, ഗാനമേളകളും, പോളിഡേകളും ഞങ്ങള്‍ എങ്ങനെ മറക്കും?? പിന്നെ യൂണിയന്‍ മെംബേര്‍സ്... നവീനും, അജേഷും, അനിതയും, ബിനീഷും, സജീവും, ഹാഷിമും, എ.കെ.പിയും, ഷാഹറും, രജീഷും, ജിനേഷും, ജാഫറും, ശ്രീലാലും, റിയാസും, സനാതനനും, രേണുകയും, സൂരജും, ശ്യാമും, രഞ്ജിത്തും, ജോഷിയും, പാര്‍വതിയും, ജെ.പിയും, അനന്തുവും, അനിത്തും... ഇവരെ ഒക്കെ എങ്ങനെ മറക്കാന്‍ കഴിയും??

പിന്നെ ആര്‍ട്സ്‌.. ‘സോപാന’ ത്തില്‍ തുടങ്ങി ‘ധ്വനി’ യിലൂടെയും, ‘സ്നേഹോത്സവ’ ത്തിലൂടെയും ‘തരംഗ’ ത്തിലൂടെയും, ‘സ്നേഹവര്‍ണ്ണ’ ങ്ങളിലൂടെയും വളര്‍ന്നു ‘Sparkle of Dreams’ ലും ‘ഉത്സ’ വിലും എത്തി നില്‍ക്കുന്ന ആര്‍ട്സ്‌ ഫെസ്ടിവലുകള്‍... റാന്നിയിലും, കോഴിക്കോടും, പാലക്കാടും, കണ്ണൂരും, തൃശ്ശൂരും, കാസര്‍ഗോഡും വെച്ച് നടന്ന ഇന്റര്‍പോളികളെ എങ്ങനെ മറക്കും?

പിന്നെ മാഗസിന്‍... സ്വപ്‌നങ്ങള്‍ പോലും അന്യമായ കാലത്ത് ‘Symphony of Letters’-ല്‍ തുടക്കം. Rhythm of Youth-ലും, Sparkle of Dreams-ലും, Frangrance of Harmony-ലും, Favoloso-ലും, ഒടുവില്‍ ഇങ്ങു ‘മണ്‍ചിരാതുകള്‍ പറയാതിരുന്നതി’ലും, ‘മരീചിക’യിലും എത്തി നില്‍ക്കുന്നു...

പിന്നെ എന്‍. എസ്. എസ്... രഘു സാറും, ജോസ് സാറും, രാജീവന്‍ സാറും, പ്രശാന്ത്‌ ചേട്ടനും, രേണുക ചേച്ചിയും, ടോമും, ശ്യാമും, കരടിമാമന്‍ ശരത്തും, പാര്‍വതിയും, അനിത്തും, ഇജാസും, അനീസയും, അഖിലും.... പിന്നെ എന്‍. എസ്. എസിന്‍റെ ദശദിനക്യാമ്പുകളും...

ആഴത്തില്‍ സ്വാധീനിക്കുന്നതൊന്നും മറക്കാനുള്ളതല്ല. കാലം അനന്തമായ്‌ പ്രവഹിച്ചാലും സ്മരണകള്‍ക്ക് യൗവ്വനം നശിക്കാതെ നിലനില്‍ക്കും. ഒരിക്കല്‍ നിന്നെ പരിചയപ്പെടുമ്പോള്‍ പിരിയേണ്ടി വരുമെന്ന് അറിയാമായിരുന്നു. എല്ലാം അറിയാമായിരുന്നിട്ടും നിന്നെ അഗാധമായി സ്നേഹിച്ചു പോയത് എന്തിനാണ്? കൗമാര സങ്കല്‍പ്പങ്ങള്‍ക്ക് വര്‍ണ്ണം ചാലിക്കപ്പെടുമ്പോള്‍ സര്‍ഗാത്മകത തേരിലേറുന്നു. ചക്രവാകങ്ങളും, ഋതുക്കളും കടന്ന് പ്രകാശവേഗത്തിനപ്പുറം ആത്മാര്‍ത്ഥതയുടെ നൊമ്പരകൂട്ടിലേക്ക് നിന്നെ യാത്രയക്കേണ്ടി വരുമെന്ന ബോദ്ധ്യവുമുണ്ട്. സങ്കല്‍പ്പങ്ങളുടെ ലോകത്ത് നിന്ന് ‘Be practical’ എന്ന് വിളിച്ചു പറയാന്‍ അസാധ്യമാണല്ലോ? ഇത്രയേറെ കനവുകള്‍ തന്നതിന് നന്ദി പറയുവാന്‍ പോലും അര്‍ഹതയില്ലാതെ തൊണ്ട കനക്കുന്നു... നിന്റെ യൌവ്വനത്തിന് കാലം ഉള്ളിടത്തോളം മരണമില്ലല്ലോ... വിസ്മൃതിയിലേക്ക് ആണ്ട് പോകുന്നത് ഞങ്ങള്‍ ആണല്ലോ? അനശ്വരതയിലേക്ക് പടര്‍ന്നു കയറുന്നത് നീയും...

പെയ്തൊഴിയാത്ത കാര്‍മേഘകൂട്ടങ്ങള്‍ക്കിടയിലെ
വിശ്വാസം നിനക്കായ്‌ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു...
നിനക്കിനിയും ഗര്‍വോടെ ചൊല്ലിക്കൊണ്ടിരിക്കാം...

യാത്രയാകുന്നു സഖീ,
നിന്നെ ഞാന്‍ മൌനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍...
വാക്കിനു വിലപിടിപ്പേറുമീസ്സന്ദര്‍ഭത്തില്‍
ഓര്‍ക്കുക, വല്ലപ്പോഴും...
എന്നലാതെന്തോതും ഞാന്‍...

കാരണം യാത്രയാകുന്നത് ഞങ്ങളാണല്ലോ....?? ഞങ്ങള്‍ മാത്രം......


ഇറങ്ങുകയാണ് ഞാന്‍ ഈ പടവുകള്‍...
എന്റെ പാദങ്ങള്‍ പതിഞ്ഞ ഈ മണ്ണില്‍ നിന്നും...
വിട പറയുകയാണ്‌ ഞാന്‍ ഈ കോളേജിനോട്...
എന്‍ സ്വപ്നങ്ങളും, നൊമ്പരങ്ങളും, സന്തോഷങ്ങളും
പങ്കു വെച്ച ഈ കലാലയത്തിനോട് വിട....



ഇവിടെ ഈ നീണ്ട ഇടനാഴിയില്‍ മൌനം ഉറഞ്ഞു കൂടുന്നു...
ഈ പടവുകള്‍ മറ്റാര്‍ക്കോ വേണ്ടി കാത്തുനില്‍ക്കുകയാണ്...
പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു ശേഷം പിരിയുന്ന
പലരുടെയും മിഴികളില്‍ കണ്ണീരിന്റെ നനവുണ്ട്...
ചുണ്ടുകള്‍ വിതുമ്പുന്നുണ്ട്...
വാക്കുകള്‍ മുറിയുന്നുണ്ട്...
ആ മൂന്നു വര്‍ഷങ്ങള്‍...

ഇനി എന്നെങ്കിലും ഈ വഴിയിലൂടെ
കടന്ന് പോകുമ്പോള്‍ നമ്മള്‍ ഓര്‍മിക്കും...
എന്റെയും പാദസ്പര്‍ശങ്ങള്‍ ഈ കോളേജ് അങ്കണത്തിലും,
ക്ലാസ്സ്‌ മുറികളിലും, ഈ പച്ച മണ്ണിലും പതിഞ്ഞിട്ടുണ്ടെന്നു...

ഇന്നീ പാല്‍നിലാവില്‍, വിരഹാര്‍ദ്രമാമിരുളില്‍...
നനവായ്‌ മിഴികളില്‍ വീണ്ടും ഓര്‍മകളോ....
ഹൃദയമിനിയേതോ പുതിയ ചിറകില്‍
ഉയര്‍ന്നു പാറി അലയുമ്പോള്‍...
എത്ര തുള്ളികള്‍ മാനസവീചിയില്‍ ഒന്നായ്‌ ചേരുന്നു......

ഇനി ഒരു ജന്മം ഉണ്ടെങ്കില്‍....
നമ്മുക്ക് വീണ്ടും ഈ പോളിയുടെ മുറ്റത്ത്‌ വെച്ച് വീണ്ടും കണ്ടു മുട്ടാം....

October 9, 2008

മറക്കാനാവാത്ത ജന്മദിനം






ലാസര്‍ ഇളയപ്പാ.. (പേടിക്കേണ്ട, അത് ഞാന്‍ തന്നെയാണ്.) ഒക്ടോബര്‍ 8 എന്നൊരു ദിവസം ഓര്‍മ്മയുണ്ടോ? ആശംസകളുടെ ഭാരവും പേറി ഒരു കാര്‍ഡ്‌, ഞാന്‍ എവിടെയാണ് തുടങ്ങിയത്?

അതെ, 21 വര്‍ഷങ്ങള്‍ക്കപ്പുറം കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയില്‍, കോട്ടയം ജില്ലയില്‍, കോട്ടയം താലുക്കില്‍, തിരുവാര്‍പ്പ് പഞ്ചായത്തില്‍, ചെങ്ങളം കരയില്‍, പുളിക്കപ്പറമ്പില്‍ ശ്രീമാന്‍ ജോസഫ്‌ കുര്യന്‍റെയും ശ്രീമതി. ഷീല കുര്യന്‍റെയും സീമന്ത പുത്രനായി ജോഷി കുര്യന്‍ (അതായത് ഈ ഞാന്‍, മിസ്റ്റര്‍ ഐ.) ഭൂജാതനായി. (ചരിത്രകാരന്മാര്‍ എഴുത്ത് നിര്‍ത്തി ഒരു നിമിഷം മൌനം പാലിച്ചെന്ന് ദൃക്സാക്ഷികള്‍. അന്ന് സ്വര്‍ണത്തിന് വില ഇടിഞ്ഞ സമയമായത് കൊണ്ട് ചരിത്രത്തില്‍ ആ ദിനം സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ടതില്ല എന്ന് അവര്‍ തീരുമാനിച്ചു. (ഈയുള്ളവന്‍റെ ഫാഗ്യം, സോറി കോട്ടയം ഭാഷയില്‍ ഭാഗ്യം..)

21 വസന്തങ്ങള്‍, ശിശിരങ്ങള്‍, ഹേമന്തങ്ങള്‍, ഓര്‍മ്മിക്കാന്‍ ഒരു പാടുണ്ടായിരുന്നു എനിക്ക്.. പരാതികള്‍ ഇല്ലായിരുന്നു എനിക്ക് ജീവിതത്തോട്.. അങ്ങനെ ഇരിക്കെ ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ 21-ആം പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. നോട്ടീസ് അടിച്ചു ഓര്‍ക്കുട്ടില്‍ (അന്ന് ഫേസ്ബുക്ക്‌ അത്ര പോപ്പുലര്‍ അല്ല..!) പോസ്റ്റ്‌ ചെയ്തു. ഇപ്പോളും ആ പോസ്റ്റര്‍ എന്‍റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ പൊടി പിടിച്ചു കിടപ്പുണ്ട്. (ഓര്‍കുട്ട് പ്രൊഫൈലും പൊടി പിടിച്ചു, അത് വേറെ കാര്യം..) ജോഷിയുടെ 21-ആം പിറന്നാള്‍ ആഘോഷങ്ങള്‍.

ഏതോ തല തെറിച്ചവന്മാര്‍ കമന്റ്‌ എഴുതി. “21 തികഞ്ഞതിന്റെ അഞ്ചാം വാര്‍ഷികം..!”” പക്ഷെ ഏറ്റവും പോപ്പുലര്‍ ആയത് എന്‍റെ പേരില്‍ ഇറങ്ങിയ മറ്റൊരു പോസ്റ്റ്‌ ആയിരുന്നു.

“My mother always tells me that the girl who marries me will have to suffer a lot. I am entering 21 on this October 8 and If you are interested to suffer with me for a life time, you can post your proposal requests on my Orkut Profile. www.orkut.co.in/Main#Profile?uid=2130989015239075659

കാത്തിരുന്ന ദിവസം കാലനെ പോലെ വന്നെത്തി. ഒക്ടോബര്‍ 8-നു രാവിലെ പതിവ് പോലെ എഴുന്നേറ്റു, കുളിക്കാതെ പല്ല് തേക്കാതെ സുന്ദരകുട്ടപ്പനായി എന്‍റെ ‘അപ്പ്രേന്റീസുകളെ’ വീട്ടിലേക്കു ആനയിക്കാന്‍ ഞാന്‍ കോട്ടയം ബസ്‌ സ്റ്റാണ്ടിലേക്ക് യാത്രയായി. 10:05നു നാഗമ്പടം സ്ടാണ്ടില്‍ എത്തിയ്യപ്പോള്‍ കണ്ട കാഴ്ച – ശിവന്‍കുട്ടി, ജയകുമാര്‍, ശബരി, ലിജിന്‍സ്‌, സീമ, പാര്‍വതി എന്നിവര്‍ വലിയ ഒരു പൊതിയുമായി നില്‍ക്കുന്നു. ആദ്യം മനസ്സില്‍ വന്ന ചിന്ത പതിവ് പോലെ പിരിവു എടുത്തു ഇതിനും ഞാന്‍ കാശ് കൊടുക്കേണ്ടി വരുമോ എന്നായിരുന്നു.

“ആര് വന്നില്ലെങ്കിലും ജോഷി വരുമെന്ന് എനിക്ക് അറിയാമായിരുന്നു.” പരിഭവം കലര്‍ന്ന ഒരു സ്വരം. കര്‍ത്താവേ, ഞാന്‍ ഇല്ലാതെ എന്‍റെ പിറന്നാളോ? വൈകാതെ ദീപു, അനൂപ്‌, അബിന്‍ ജോസ്, ഷാലു, പ്രിയ, വീണ, രാജി, രഞ്ജിത്, സുമിത, സ്നേഹ, അനിജ എന്നിവരെത്തി. പതിനൊന്നോടെ വീട്ടില്ലേക്ക്. അവിടം കുളം തോണ്ടാന്‍ ഈ 17 പേര്‍ ധാരാളമായിരുന്നു. പിന്നെ സമ്മാന ദാനം – ഒരു കിടിലന്‍ ക്ലോക്ക്. സമയത്തിന്റെ വില എന്നെ മനസില്ലക്കിക്കാന്‍ ആയിരിക്കും. പക്ഷെ അതിലും വിലയേറിയ ഒരു സമ്മാനം എനിക്ക് കിട്ടികഴിഞ്ഞിരുന്നു എന്ന് അവര്‍ക്ക് അറിയില്ലാലോ? നിങ്ങളുടെ ഈ സ്നേഹത്തിനും, സൌഹൃദത്തിനും ഞാന്‍ എന്താണ് പകരം തരിക? പോട്ടെ, ജീവിതത്തില്‍ നിങ്ങളെക്കാള്‍ വലിയ എന്തൊക്കെ അപകടങ്ങള്‍ നേരിടാന്‍ ഇരിക്കുന്നു.

പിന്നെ ഫോട്ടോ സെഷന്‍. കൊടും വെയിലത്ത് റബര്‍ തോട്ടത്തില്‍. ഒടുവില്‍ പിറന്നാള്‍ സദ്യ, പായസം, കൂട്ടുകാരുടെ വക കോണ്‍ ഐസ്ക്രീം. ഒടുവില്‍ വൈകുന്നേരം എല്ലാരേയും പാക്ക്‌ ചെയ്തു കഴിഞ്ഞാണ് ശ്വാസം നേരെ വീണത്‌. കോട്ടയത്ത്‌ നിന്ന് അവസാനത്തെ ആളെയും ബസ്‌ കയറ്റി വിടുമ്പോള്‍ മനസ്സില്‍ ഒരു നേര്‍ത്ത വിങ്ങല്‍ അവശേഷിച്ചിരുന്നു. ഇനി ഒരു ജന്മദിനം? ഇവര്‍ അപ്പോള്‍ എവിടെയായിരിക്കും? ഒരു പക്ഷെ അവര്‍ എന്‍റെ ജന്മദിനം ഒര്മിക്കുമോ? 

എങ്ങിലും ഒരു കാര്യം ഉറപ്പ്‌ :- ഈ ജന്മദിനം ആരൊക്കെ മറന്നാലും ഞാന്‍ മറക്കില്ല, ഒപ്പം എന്‍റെ ഈ നല്ല കൂട്ടുകാരെയും... Because both belongs to me; my Birthday and my friends..!





Happy Birthday to me!

February 14, 2006

ജാഗ്രതൈ - ഒരു നോവല്‍ ജനിച്ച കഥ




സ്കൂളില്‍ പഠിക്കുന്ന കാലത്താണ് എനിക്ക് എഴുത്തിന്‍റെ അസുഖം പിടിക്കുന്നത്. പ്ലസ്‌ ടു-വില്‍ ചേര്‍ന്ന കാലത്ത് അത് കലശലായി. അതിനു ചേര്‍ന്ന കുറെ കൂട്ടുകാരും. ആ സമയത്താണ് ഷെര്‍ലോക്ക് ഹോംസ് കഥകള്‍ വായിക്കുന്നതും, അത് പോലെ ഒരു കുറ്റാന്വേഷണ നോവല്‍ എഴുതണം എന്ന് ആഗ്രഹം തോന്നുന്നതും. മറ്റൊരു ഹോംസ് ഫാന്‍ ആയ എന്‍റെ സഹപാഠി ഋഷിയുടെ പ്രോത്സാഹനം, പിന്നെ ഞങ്ങളുടെ ക്ലാസ്സിലെ, അല്ല സ്കൂളിലെ ഏറ്റവും നല്ല എഴുത്തുക്കാരനും, പഠിപ്പിസ്റ്റ് ആണെങ്കിലും ആ വര്‍ഗ്ഗത്തിന്റെ ചീത്തപേര് കേള്പ്പിക്കാത്തവാനുമായ ധനൂപിന്റെ പിന്തുണ...

അങ്ങനെ 2004 ജനുവരി 21നു ആ പതിനാറുകാരന്‍ നോവല്‍ എഴുതാന്‍ ആരംഭിച്ചു. ഓരോ അദ്ധ്യായവും വായിച്ചു പ്രോത്സാഹിപ്പിച്ച ജോ, ജുബിന്‍, ജിം, സുകു, ഹണി, നിതിന്‍, അങ്ങനെ S2C സഹപാഠികള്‍... പക്ഷെ 92 പേജുകള്‍ (16 അദ്ധ്യായങ്ങള്‍) എഴുതിയപ്പോള്‍ പ്ലസ്‌ ടു ജീവിതം കഴിഞ്ഞു. പിന്നെ ഏറ്റുമാനൂര്‍ ഐ.ടി.ഐ.യില്‍ ചേര്‍ന്ന് നാളുകള്‍ക്കു ശേഷം എന്‍റെ നോവല്‍ സംരംഭത്തെ കുറിച്ച് അറിഞ്ഞ സഹപാഠികള്‍ എഴുതിയ 16 അദ്ധ്യായങ്ങള്‍ വായിക്കുകയും, അത് പൂര്‍ത്തീകരിക്കാന്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജോണ്‍, ജോജോ, സജിത്ത്, ആശ, രമ്യ, രാജേഷ്‌, നജീബ്, സൈജോ, മഞ്ജു, പ്രതീഷ് തുടങ്ങിയവരുടെ നിര്‍ബന്ധത്താല്‍ ഞാന്‍ അത് വീണ്ടും എഴുതി തുടങ്ങി ഒടുവില്‍ 2006 ഫെബ്രുവരി 14നു പൂര്‍ത്തീകരിച്ചു. 165 പേജുകളും, 25 അധ്യായങ്ങളും.... അന്ന് തന്നെ ക്ലാസ്സിലെ വാലന്‍ന്റൈന്‍ ഡേ ആഘോഷത്തില്‍ നോവല്‍ പ്രകാശനവും ചെയ്തു. "എഴുതി പൂര്‍ത്തിയാക്കിയ ശേഷം വെറും 45 മിനിട്ടുകള്‍ക്ക് ശേഷം റിലീസായ ലോകത്തിലെ ആദ്യ നോവലും ഒരു പക്ഷെ ഇതാവും..."

ഇത്രയൊക്കെ കേട്ടിട്ട് വല്യ പ്രതീക്ഷയോടെ ഒരു കുറ്റാന്വേഷണ നോവല്‍ വായിക്കാന്‍ തയ്യാറായി ആണ് നിങ്ങള്‍ ഇരിക്കുന്നെങ്കില്‍, നിങ്ങള്‍ നിരാശപെടേണ്ടി വരും... ഒരു പതിനാറുകാരന്‍ എഴുതിയ നോവല്‍ എന്നതിനപ്പുറം വല്യ പ്രതീക്ഷ ഒന്നും അരുത്. പത്തു വര്‍ഷത്തിനു ശേഷം ആ നോവല്‍ എടുത്തു വായിച്ച ഞാന്‍ തന്നെ ചിരിച്ചു പോയി. പിന്നെ ഞാന്‍ പറഞ്ഞു വന്നത്, ഞാന്‍ ആ നോവല്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു (കുറെ നാള്‍ ആയി ആലോചന ഉണ്ടായിരുന്നു). വരും ദിവസങ്ങളില്‍ ഓരോ അധ്യായങ്ങളായി www.jaagrathai.blogspot.in എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. പുതിയ അദ്ധ്യായങ്ങള്‍ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എന്‍റെ ഫേസ്ബുക്ക്‌ പേജില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ് കേട്ടോ... എന്‍റെ മറ്റു മൂന്നു ബ്ലോഗുകളുടെ ലിങ്കുകള്‍ www.joshykurian.com/#blog എന്ന പേജില്‍ ലഭ്യമാണ്.