April 18, 2014

മാജിക്കല്‍ റിയലിസത്തിന്റെ കുലപതിക്ക് വിട!

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസം ആയി മാറിയ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്സിന്റെ മിക്ക നോവലുകളും മാജിക്കല്‍ റിയലിസത്തിന്റെ ഭാവനാ ലോകങ്ങള്‍ തുറന്നിടുന്നവയായിരുന്നു. "എന്റെ രചനകളെ സംബന്ധിച്ച ഏറ്റവും വലിയ അഭിന്ദനങ്ങള്‍ വരുന്നത് അവയിലെ ഭാവനയുടെ പേരിലാണെന്നതാണ് അത്ഭുതം. എന്റെ ഒരൊറ്റവരിപോലും സത്യമല്ലാതെയില്ല. യാഥാര്‍ഥ്യങ്ങള്‍ എപ്പോഴും വന്യമായ ഭാവനയ്ക്കു സമാനമാണ്" എന്ന് മാര്‍കേസ് ഒരിക്കേല്‍ പറഞ്ഞിരുന്നു.

 "കൂടുതല്‍ സമയം കാത്തിരിക്കുന്നവന് വളരെക്കുറച്ചേ പ്രതീക്ഷിക്കാനാവൂ." എന്ന് എഴുതിയ മാര്‍കേസിന്റെ ഏറ്റവും വിഖ്യാതമായ രചന "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍" (One Hundred Years of Solitude) എന്ന ബൃഹത്‌നോവല്‍ 1967-ല്‍, അര്‍ജന്റീനയിലെ ബ്വേനസ് ഐറീസിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ബ്വേന്‍ദിയ കുടുബത്തിലെ ആറു തലമുറകളുടെ കഥ പറയുന്ന ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ മാര്‍കേസിന് സ്വപ്നസമാനമായ പ്രശസ്തിയാണുണ്ടാക്കിക്കൊടുത്തത്. ഇനിയൊരു വ്യാഖ്യാനത്തിനു പഴുതില്ലാത്തവിധം പലമട്ടില്‍ പഠിക്കപ്പെട്ടു. ചര്‍ച്ചചെയ്യപ്പെട്ടു ഈ നോവല്‍. അതിന്റെ രാഷ്ട്രീയവും മനഃശാസ്ത്രവും സാമൂഹികമാനങ്ങളും ഭാഷയും ചരിത്രപരതയും പുരാവൃത്തസമൃദ്ധിയുമെല്ലാം ഇഴകീറി പരിശോധിക്കപ്പെട്ടു. നാലുപതിറ്റാണ്ടിനിടെ നാല്പതോളം ഭാഷകളില്‍ പരിഭാഷകളിറങ്ങി - മലയാളവിവര്‍ത്തനം 1984-ലാണ് പുറത്തുവന്നത്. ലോകമെങ്ങുമായി ദശലക്ഷക്കണക്കിന് പ്രതികള്‍ വിറ്റഴിഞ്ഞു. "ഒരെഴുത്തുകാരന്‍ തന്റെ ജീവിതത്തില്‍ ഒരു പുസ്തകം മാത്രമേ എഴുതുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം അതിന്റെ ആവര്‍ത്തനങ്ങള്‍ മാത്രമാണ്. വ്യത്യസ്ത പേരുകളില്‍, രൂപങ്ങളില്‍ അവ പുനര്‍ജനിക്കുമ്പോള്‍ വ്യത്യസ്ത രചനകളായി തോന്നുന്നുവെന്നുമാത്രം... ഞാനെഴുതിയ ആ ഏക പുസ്തകം ഏതാണ്? എന്റെ എല്ലാ കഥകളിലും നിറഞ്ഞു നില്ക്കുന്ന ഏകാന്തതയില്ലേ, അതുതന്നെ. ഏകാന്തതയുടെ ആ പുസ്തകം." എന്നാണ് മാര്‍ക്കേസ് അതിനെ കുറിച്ച് പറയുന്നത്.

 ആത്മകഥയായ 'കഥ പറയാനായി ജീവിച്ചിരിക്കുന്നു' (Living to tell a tale) വായിച്ചാല്‍ മനസ്സിലാവുക മാര്‍കേസിന് എഴുത്തുകാരനാവാനുള്ള മോഹം എന്നും മനസ്സിലുണ്ടായിരുന്നു എന്നാണ്. നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍ , ചെറുകഥാകൃത്ത് എന്നീനിലകളില്‍ പ്രശസ്തനായ മാര്‍കേസിന് 1982-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. കോളറ കാലത്തെ പ്രണയം, കപ്പല്‍ ഛെദം വന്ന നാവികന്റെ കഥ, ഓട്ടം ഓഫ് എ പേട്രിയാര്‍ക്ക്, ലീഫ് സ്റ്റോം, ഇന്‍ ഈവിള്‍ അവര്‍, ക്രോനിക്കള്‍ ഓഫ് എ ഡെത്ത് ഓവര്‍ടോള്‍ഡ്‌ തുടങ്ങിയവ സാഹിത്യ ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ രചനകളാണ്.

 നഗ്നശിഖരമായ ഒരു വൃക്ഷത്തിലെ ഒടുക്കത്തെ ഇല കൊഴിയും പോലെ, ലോക സാഹിത്യത്തിലെ ഒരു വിശിഷ്ട പൈതൃകത്തിന്റെ അവസാന നാഡിസ്പന്ദനമാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്സിന്റെ മരണത്തോടെ നിലച്ചു പോയിരിക്കുന്നത്. അങ്ങനെ "ആരും മരിക്കേണ്ടപ്പോള്‍ മരിക്കാറില്ല; മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കാറുള്ളൂ." എന്ന് എഴുതിയ മാര്‍ക്കേസും ഇനി ഓര്‍മകളിലേക്ക്...!