March 30, 2019

സൂത്രനും, ഷേരുവും മാര്‍ച്ച്‌ 30ഉം

2018 മാര്‍ച്ച്‌ 30.

എന്താണ് ഈ ദിവസത്തിന്‍റെ പ്രത്യേകത എന്നല്ലേ? എന്നാല്‍ കേട്ടോളൂ, പറയാം... ആദ്യ വിദേശ യാത്രയില്‍ ഭാഷ അറിയാത്ത നാട്ടില്‍ പോയി ബസ്‌ മാറി കയറി വേറെ സ്ഥലത്ത് ഇറങ്ങേണ്ടി വന്നിട്ടുണ്ടോ? തിരികെ വരാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ അവിടെ വെച്ച് നിങ്ങളുടെ പാസ്പോര്‍ട്ട്‌ നഷ്ടപെട്ടിട്ടുണ്ടോ? ഇങ്ങനെ ഒരു അനുഭവത്തിനു ഞാന്‍ സാക്ഷ്യം വഹിച്ചത്  കഴിഞ്ഞ വര്ഷം ഈ ദിവസം ആണ്. എന്‍റെ രണ്ടു വിദ്യാര്‍ത്ഥികള്‍ കാരണം തല തല്ലി ചിരിക്കണോ അതോ കരയണോ എന്ന കണ്‍ഫ്യൂഷനില്‍ ഞാന്‍ കുറെ നേരം ഇരുന്നു പോയത്. ആ കഥ സോല്ലട്ടുമാ...

2018 മാര്‍ച്ച്‌ 21-29 വരെ തായ്‌ലണ്ടില്‍ വെച്ച് നടന്ന യൂറേഷ്യ മീഡിയ കണ്‍സല്‍ട്ടെഷനില്‍ സോഷ്യല്‍ മീഡിയ ട്രാക്കിലെ ഒരു ട്രെയിനെര്‍ ആയിരുന്നു ഞാന്‍. ആ ക്ലാസ്സില്‍ പങ്കെടുത്ത 56 പേരില്‍ 6 പേര്‍ ഇന്ത്യാക്കാര്‍ ആയിരുന്നു. അതില്‍ രണ്ടു വിദ്യാര്‍ത്ഥികളാണ് ഈ കഥയിലെ താരങ്ങള്‍. ദോഗ്രിയായ സാദിക് മസിഹ്, ഗദ്വാളി ആയ രാജേഷ് എന്നിവര്‍. മുന്പരിച്ചയക്കാര്‍ ആയിരുന്ന ഇരുവരും ക്ലാസ്സിലും, പുറത്തും ഒന്നിച്ചു ആയിരുന്നു നടന്നിരുന്നത്. അതിനാല്‍ ഞാന്‍ അവരെ സൂത്രനും, ഷേരുവും എന്ന് വിളിച്ചു. (അറിയാത്തവര്‍ ബാലരമ വായിക്കുക.)

ക്ലാസ്സിന്‍റെ രണ്ടാം ദിവസം (മാര്‍ച്ച്‌ 23) വൈകുന്നേരം എന്‍റെ ടേബിളില്‍ ഇരുന്നവരോട് ഞാന്‍ ചോദിച്ചു - വൈകുന്നേരം നമുക്ക് പുറത്തു മാര്‍ക്കറ്റില്‍ പോയാലോ? ഹോട്ടലില്‍ നിന്ന് സൗജന്യ ഷട്ടില്‍ ബസ്‌ ഉണ്ട്. ആദ്യം വരുന്ന 15 പേരെ കൊണ്ട് പോകും. എല്ലാവരും സമ്മതിച്ചു - കണക്കു നോക്കിയപ്പോള്‍ 12 പേര്‍. ഞാന്‍ ഹോട്ടല്‍ ലോബിയില്‍ പോയി എല്ലാവരുടെയും പേര് കൊടുത്തു. വൈകുന്നേരം 6:30നു ഹോട്ടല്‍ ലോബിയില്‍ എത്തിയിരിക്കണം, താമസിച്ചാല്‍ വെയിറ്റിംഗ് ലിസ്റ്റില്‍ പേര് ഉള്ളവര്‍ക്ക് ബസില്‍ സീറ്റ്‌ കൊടുക്കും. അതാണ്‌ ഹോട്ടല്‍ നിയമം.

അങ്ങനെ വൈകുന്നേരം ഞങ്ങള്‍ ഡിന്നര്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സൂത്രനും, ഷേരുവും പുറത്തേക്ക് നടന്നു പോകുന്നത് കണ്ടു. ഭക്ഷണ ശേഷം ഞങ്ങള്‍ പുറത്തു നോക്കിയിട്ട് ഇവരെ രണ്ടിനേം കണ്ടില്ല. അവസാനം ഞങ്ങള്‍ ലോബിയിലേക്ക് നടന്നു - അപ്പോള്‍ അതാ വരുന്നു ഷട്ടില്‍ ബസ്‌ - ഞങ്ങള്‍ കൈ കാട്ടി - ഡ്രൈവര്‍ നിര്‍ത്തിയില്ല. "വണ്ടി full ആണ്." ഡ്രൈവര്‍ ആംഗ്യം കാട്ടി. 

ഞങ്ങള്‍ 10 പേരും ലോബിയില്‍ എത്തി. സൂത്രനും, ഷേരുവും അവിടെ ഇല്ല. അവരെ നോക്കി നിന്ന് ഞങ്ങളുടെ ബസ്‌ മിസ്സ്‌ ആയല്ലോ, എന്നോര്‍ത്ത് ഞങ്ങള്‍ വിഷമിച്ചു. ഞങ്ങളുടെ വിഷമം കണ്ടു ഒടുവില്‍ ഹോട്ടല്‍ രണ്ടാമത് ഒരു ഷട്ടില്‍ ബസ്‌ കൂടി ഏര്‍പ്പാട് ചെയ്തു. ആ ബസില്‍ ഞങ്ങള്‍ മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍ ആദ്യ ബസില്‍ വന്നവര്‍ അവിടെ ഉണ്ടായിരുന്നു. സൂത്രനും ഷേരുവും മാത്രം അവിടെ ഇല്ല. ഞങ്ങള്‍ ഓര്‍ത്തിരുന്നത് അവര്‍ രണ്ടു പേരും ആദ്യത്തെ ബസില്‍ കേറി പോന്നു എന്നാണ്. അപ്പോള്‍ അവര്‍ എവിടെ പോയി?

ഒടുവില്‍ ഞങ്ങള്‍ വൈകിട്ട് ഹോട്ടലില്‍ മടങ്ങിയെത്തി. വാതില്‍ക്കലെ വിഷമണ്ണരായ സൂത്രനും, ഷേരുവും. "നിങ്ങളെ ഞങ്ങള്‍ എവിടെ ഒക്കെ തിരക്കി, നിങ്ങള്‍ എന്താ വരാഞ്ഞത്?" എല്ലാരും അവരോട് ചൂടായി. അപ്പോള്‍ ആണ് അവര്‍ ആ കഥ പറഞ്ഞത്.

ഷട്ടില്‍ ബസ്‌ നോക്കി ഹോട്ടല്‍ ലോബിയില്‍ നില്‍ക്കുന്ന സൂത്രനും, ഷേരുവും. അവിടെ ഒരു ബസ്‌ വന്നു നില്കുന്നു. അവിടെ നിന്ന ഒരു സായിപ്പു ആ ബസില്‍ കയറുന്നു. "Any one else?" ഡ്രൈവര്‍ ചോദിക്കുന്നു. കേട്ട പാതി, കേള്‍ക്കാത്ത പാതി രണ്ടു പേരും ബസില്‍ ചാടി കയറുന്നു. ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുന്നു. "ഞങ്ങളുടെ കൂടെ ഉള്ള 10 പേര്‍ കൂടി വരാനുണ്ട്." അവര്‍ പറഞ്ഞു. "അടുത്ത വണ്ടി ഇപ്പോള്‍ പുറകെ വരും, അവര്‍ അതില്‍ വന്നു കൊള്ളും." ഡ്രൈവര്‍ പറഞ്ഞു. 
ഒടുവില്‍ ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം ബസ്‌ നില്‍ക്കുന്നു. സായിപ്പ് പുറത്തിറങ്ങി അപ്പുറത്തുള്ള കെട്ടിടത്തില്‍ കയറി പോകുന്നു. ഇവര്‍ ഇറങ്ങി ചുറ്റും നോക്കുന്നു - ബസ്‌ നിര്‍ത്തിയ ഇടത്തു ഒരു കെട്ടിടം ഉണ്ട് - പിന്നീട് കണ്ണെത്താ ദൂരത്തോളം പാടശേഖരം ആണ്. മാര്‍ക്കറ്റിന്റെ ഒരു ലക്ഷണവുമില്ല. അവര്‍ ആ കെട്ടിടത്തില്‍ കയറി ചെന്നു - അവരുടെ കൂടെ ബസില്‍ ഉണ്ടായിരുന്ന സായിപ്പു അവിടെ ഉണ്ടായിരുന്നു. 
അവര്‍ സായിപ്പിനോട്‌ ചോദിച്ചു - "സായിപ്പേ, ഇവിടെ മാര്‍ക്കറ്റ്‌ എവിടെ ആണ്?" സായിപ്പിന്‍റെ മറുപടി കേട്ട അവര്‍ നടുങ്ങി പോയി - "മാര്‍ക്കറ്റ്‌ എവിടെ ആണെന്ന് എനിക്ക് അറിയില്ല. ഇത് ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ ആണ്." ഞെട്ടല്‍ പുറത്തു കാണിക്കാതെ അവര്‍ ചോദിച്ചു - "അപ്പോള്‍ ഈ ബസോ?" "അത് മീറ്റിംഗ് കഴിഞ്ഞു ഈ ഹോട്ടലില്‍ താമസിക്കുന്നവരെ തിരിച്ചു ഇവിടെ എത്തിക്കാന്‍ ഹോട്ടല്‍കാര്‍ ഏര്‍പ്പാട് ചെയ്ത ബസ്‌ ആണ്." 
പുറത്തു ഇറങ്ങി ചെന്നു അവര്‍ ഡ്രൈവറോട് ചോദിച്ച് - "ഈ ബസ്‌ എപ്പോള്‍ ആണ് തിരിച്ചു പോകുന്നത്?" ഡ്രൈവര്‍ പറഞ്ഞു - "1 മണിക്കൂറിന് ശേഷം - രാത്രി 8:30നു." അങ്ങനെ മാര്‍ക്കറ്റില്‍ പോകാന്‍ ഇറങ്ങിയ സൂത്രനും ഷേരുവും, രാത്രി 9:30നു ഹോട്ടലില്‍ തിരിച്ചെത്തി.

ഈ അനുഭവം കൊണ്ട് അവര്‍ ഒരു പാഠം പഠിച്ചു എന്നാണ് എല്ലാവരും കരുതിയത്. അതല്ല എന്ന് മനസ്സിലാക്കിയത്‌ മാര്‍ച്ച്‌ 30നാണ്.

ഞങ്ങള്‍ എല്ലാവരും തിരികെ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തി. എനിക്കാണെങ്കില്‍ നല്ല തലവേദനയും. ഞങ്ങളുടെ ഫ്ലൈറ്റിനു ഇനിയും 4 മണിക്കൂര്‍ കൂടി ഉണ്ട്. ആദ്യമായി തായ്ലാന്‍ഡില്‍ വന്ന സൂത്രനും, ഷേരുവിനും അവിടെ എല്ലാം നടന്നു കാണണം എന്ന് ആഗ്രഹം. കടകള്‍ ഒക്കെ ഉള്ള സ്ഥലം ഞാന്‍ അവരെ കാണിച്ചു - എന്നിട്ട് ഞാന്‍ ചെക്ക്‌-ഇന്‍ ചെയ്തു അകത്തു ഗേറ്റില്‍ ഇരിക്കമെന്നും, അവര്‍ വന്നിട്ട് ഒന്നിച്ചു ഉച്ചഭക്ഷണം കഴിക്കാമെന്നും പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.

തലവേദന കാരണം ചെക്ക്‌-ഇന്‍ ചെയ്ത ശേഷം ഗേറ്റില്‍ എത്തിയ ഞാന്‍ അവിടെ ഇരുന്നു ഒന്ന് ഉറങ്ങി. ഉണര്‍ന്നപ്പോള്‍ ഫ്ലൈറ്റിനു വെറും 1 മണിക്കൂര്‍. സൂത്രനേം, ഷേരുവിനേം ആ പ്രദേശത്തൊന്നും കാണാനുമില്ല. ചെക്ക്‌-ഇന്‍ ചെയ്തതിനാല്‍ എനിക്ക് പുറത്തോട്ടു ഇറങ്ങാനും പറ്റില്ല. അവിടെ ഇരുന്ന ഞങ്ങളുടെ ട്രെയിനിങ്ങില്‍ പങ്കെടുത്തു മടങ്ങുന്ന പലരോടും ഞാന്‍ ചോദിച്ചു - അവരെ കണ്ടവര്‍ ആരുമില്ല. 3 മണിക്കൂര്‍ ചുറ്റി നടന്നു കാണാന്‍ ഉള്ള അത്ര വലിയ എയര്‍പോര്‍ട്ട് ഒന്നുമല്ല ചിയാന്ഗ് മൈ.

ഫ്ലൈറ്റ് അന്നൌന്‍സ്മെന്റ് ആയി - ഇവരെ കാണാന്‍ ഇല്ല. ബോര്‍ഡിംഗ് തുടങ്ങിയപ്പോള്‍ രണ്ടു പേരും കൂടി അതാ ഓടി കിതച്ചു കൊണ്ട് വരുന്നു. "നിങ്ങള്‍ ഇത് എവിടെ പോയി കിടക്കുവായിരുന്നു?" എനിക്ക് ദേഷ്യം വന്നിരുന്നു. "സാര്‍, ഇപ്പോള്‍ എങ്കിലും ഞങ്ങള്‍ വന്നല്ലോ, ഇനി ഒരിക്കെലും നാട് കാണാന്‍ പറ്റുമെന്ന് ഞങ്ങള്‍ കരുതിയില്ല."

സംഭവിച്ചത് അവര്‍ വിവരിച്ചു. അവരുടെ കൂടെ ഞങ്ങളുടെ ക്ലാസ്സിലെ മറ്റൊരു വിദ്യാര്‍ഥി, ശ്രീലങ്കക്കാരന്‍ രാജ്മോഹന്‍ ഉണ്ടായിരുന്നു. ഇവര്‍ മൂവരും കൂടി കടയില്‍ കേറിയപ്പോള്‍ - ഇവര്‍ തോളില്‍ കിടന്ന ബാഗ്‌ രാജ്മോഹന്റെ ട്രോള്ളിയില്‍ വെച്ച്. ഇവര്‍ കടയില്‍ നിന്നപ്പോള്‍ രാജ്മോഹന്റെ ഫ്ലൈറ്റിനു സമയമായി. അവന്‍ ഇറങ്ങി വന്നു ട്രോള്ളിയും എടുത്തു ചെക്ക്‌-ഇന്‍ ചെയ്തു കയറി പോയി. കുറച്ചു സമയം കഴിഞ്ഞു സൂത്രനും, ഷേരുവും പുറത്തു വന്നപ്പോള്‍ ആണ് അവരുടെ ബാഗ്‌ കൈവശം ഇല്ല എന്ന് അവര്‍ മനസ്സിലാക്കിയത്‌. അവരുടെ പാസ്പോര്‍ട്ട്‌ വരെ ആ ബാഗില്‍ ആയിരിന്നു. പേഴ്സ്, പാസ്പോര്‍ട്ട്‌ ഒന്നും ഇല്ലാതെ അവര്‍ ആ ടെര്‍മിനലില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഓടി പാഞ്ഞു നടന്നു.

ഒടുവില്‍ അകത്തു ചെന്നപ്പോള്‍ തന്റെതല്ലാത്ത ബാഗ് കണ്ട രാജ്മോഹന്‍ അതുമായി ഉടമകളെ തിരക്കി പുറത്തു വന്നത് കൊണ്ട് മാത്രം അവര്‍ക്ക് തിരികെ നാട്ടില്‍ പോകാന്‍ സാധിച്ചു. പാപി ചെന്നിടം പാതാളം എന്ന് പറഞ്ഞത് പോലെ ഇവരെ കൂടെ കൂട്ടി യാത്ര ചെയ്ത എനിക്കും ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ വെച്ച് പണി കിട്ടി. ആ കഥ പുറകാലെ പറയാം.... ഇപ്പോള്‍ ഉറങ്ങാന്‍ സമയമായി.....

October 11, 2018

OTP തട്ടിപ്പുകാര്‍



ഇന്നലെ (2018 ഒക്ടോബര്‍ 10) വൈകുന്നേരം 7 മണിക്ക് +91-9064165230 എന്ന നമ്പറില്‍ നിന്ന് എനിക്ക് ഒരു ഫോണ്‍ കാള്‍. 

"ഹലോ, ജോഷി കുര്യന്‍ അല്ലെ, ഞാന്‍ SBI മുംബൈ ഹെഡ് ഓഫീസില്‍ നിന്ന് വികാസ് അഗര്‍വാള്‍ ആണ്. തങ്ങളുടെ എ.ടി.എം. കാര്‍ഡ്‌ ബ്ലോക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു." 

(ഓഫീസറിന്റെ മുറി ഇംഗ്ലീഷ് വളരെ കഷ്ടപ്പെട്ട് ആണ് മനസ്സിലാക്കിയത്‌.)

"അതെ, അയ്യോ എങ്ങനെ സംഭവിച്ചു? എങ്ങനെ ആ കാര്‍ഡ്‌ അണ്‍ബ്ലോക്ക്‌ ചെയ്യാം?" ഞാന്‍ അജ്ഞത അഭിനയിച്ചു.

"സര്‍, തങ്ങളുടെ പേര്‍സണല്‍ GST നമ്പര്‍ അക്കൗണ്ടില്‍ ലിങ്ക് ചെയ്യാത്തത് കൊണ്ടാണ്. ഞാന്‍ ഇപ്പോള്‍ സഹായിക്കാം." വികാസിന്‍റെ സ്വരത്തില്‍ ഒരു ദൈവദൂത പരിവേഷം.

"താങ്കളുടെ മൊബൈലില്‍ ഒരു OTP മെസ്സേജ് വരും, അതും താങ്കളുടെ ATM കാര്‍ഡ്‌ നമ്പറും, CVV നമ്പറും, കൂടാതെ കാര്‍ഡ്‌ എക്സ്പൈറി ഡീറ്റെയില്‍സ് കൂടി തന്നാല്‍ ഞാന്‍ അത് സിസ്റ്റത്തില്‍ അപ്ഡേറ്റ് ചെയ്തു കാര്‍ഡ്‌ അണ്‍ബ്ലോക്ക്‌ ചെയ്തു തരാം." വികാസ് തുടര്‍ന്ന്.

"താങ്ക്യൂ മി. വികാസ്. പക്ഷെ എനിക്ക് 2 ATM കാര്‍ഡ്‌ ഉണ്ട്, അതില്‍ ഏതിന്റെ വിവരം ആണ് താങ്കള്‍ക്കു വേണ്ടിയത്?" പാവം ഞാന്‍.

"രണ്ടു കാര്‍ഡും തന്നോളൂ സാര്‍, രണ്ടും ഇപ്പോള്‍ ശെരിയാക്കി തരാം." വികാസ് ആവേശഭരിതനായി.

"മി. വികാസ്, നിങ്ങള്ക്ക് ഇതിനു ദിവസക്കൂലി ആണോ മാസശമ്പളം ആണോ?" എന്‍റെ ചോദ്യം വികാസിനു മനസ്സിലായില്ല. "സാര്‍, വേഗം OTP തരൂ, ഞാന്‍ കാര്‍ഡ്‌ അണ്‍ബ്ലോക്ക്‌ ചെയ്തു തരാം."

"മി. വികാസ്. താങ്കള്‍ വിളിച്ചിരിക്കുന്ന നമ്പര്‍ എന്‍റെ പഴയ റെജിസ്റ്റേഡ് മൊബൈല്‍ നമ്പര്‍ ആണ്. ഇപ്പോള്‍ ഈ നമ്പറില്‍ എനിക്ക് SBI അക്കൗണ്ട്‌ ഇല്ല. ഈ ഫ്രോഡ് ചെയ്യുന്നതിന് താങ്കള്‍ക്ക് ദിവസക്കൂലി ആണോ മാസക്കൂലി ആണോ?" ഫോണ്‍ കട്ട്‌ ആയി.

എനിക്ക് മനസ്സിലാകാത്തത് അതല്ല, ഒരു ആഴ്ച മുന്‍പാണ് ഞാന്‍ എന്‍റെ റെജിസ്റ്റേഡ് മൊബൈല്‍ നമ്പര്‍ മാറ്റിയത്. അന്ന് എന്‍റെ ബ്രാഞ്ചില്‍ കൊടുത്ത അപ്ലിക്കേഷന്‍ ഫോമില്‍ പഴയ നമ്പര്‍ എഴുതിയിരുന്നു. അത് കൂടാതെ SBIയുടെ മൊബൈല്‍ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.

എവിടെ നിന്നാണ് ഈ വിവരങ്ങള്‍ ചോരുന്നത്‌? എന്‍റെ പേര്, റെജിസ്റ്റേഡ് മൊബൈല്‍ നമ്പര്‍, അക്കൗണ്ട്‌ നമ്പര്‍, ATM കാര്‍ഡ്‌ നമ്പര്‍ എന്നിവ വിളിച്ച ആള്‍ക്ക് അറിയാം എന്നത് ആശങ്ക ഉളവാക്കുന്ന കാര്യം ആണ്. ഈ വിവരങ്ങള്‍ അറിയാവുന്ന 2 കൂട്ടരില്‍ ഒരാള്‍ ഞാന്‍ ആണ് - മറ്റേതു SBI ബാങ്കും. ഈ വിവരങ്ങള്‍ ഞാന്‍ നല്‍കിയത് SBI ബ്രാഞ്ചിലും, SBI മൊബൈല്‍ ആപ്പിലും മാത്രമാണ്. അപ്പോള്‍ വിവരങ്ങള്‍ ചോരുന്നത് എവിടെ നിന്നാണ്?

ആധാര്‍ ഡേറ്റ ലീക്ക് സംബന്ധിച്ച് വലിയൊരു സംവാദം ഈയിടെ കഴിഞ്ഞതെ ഉള്ളൂ. നമ്മുടെ വ്യക്തി വിവരങ്ങള്‍ സുരക്ഷിതമാണോ? ഡേറ്റ സെക്യൂരിറ്റി ഉറപ്പു വരുത്താന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടിയത്? ഡേറ്റ മോഷണം ഒരു വല്യ ബിസിനസ്‌ തന്നെയാണ്. കഴിഞ്ഞ വര്ഷം തന്നെ ഡേറ്റ മോഷ്ടിച്ച് ഉള്ള തട്ടിപ്പിലൂടെ നഷ്ടമായത്17 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 1250 കോടി) ആണ്. കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ ഒരു പ്രൊഫസ്സറിന്റെ കൈയ്യില്‍ നിന്ന് OTP നമ്പര്‍ വാങ്ങി ഒന്നര ലക്ഷം തട്ടി എടുത്ത വാര്‍ത്ത വായിച്ചപ്പോള്‍ ഇത്രേം വേഗം തട്ടിപ്പുകാര്‍ എന്നെ സമീപിക്കും എന്ന് കരുതിയില്ല.

പ്രിയ വികാസ് അഗര്‍വാള്‍, 
ലോകത്ത് എവിടെ നിന്നെങ്കിലും നീ ഇത് വായിക്കുന്നെങ്കില്‍ അറിയുക - ആ അക്കൗണ്ടില്‍ Rs. 2137 ആണ് ബാലന്‍സ്. എന്‍റെ ആദ്യ ബാങ്ക് അക്കൗണ്ട്‌ ആയതിനാല്‍ ക്ലോസ് ചെയ്യാതെ ഇട്ടിരിക്കുക ആണ്. ദയവു ചെയ്തു ആ കാശ് എടുക്കരുത് - മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ SBI ഈടാക്കുന്ന പിഴ പിന്നീടു അടെക്കേണ്ട ഉത്തരവാദിത്തം നിനക്ക് ആയിരിക്കും.
(ഈ തട്ടിപ്പ് നടത്താതെ എന്തെങ്കിലും പണി എടുത്തു എങ്കിലും ജീവിച്ചു കൂടെ? ഇവിടെ കേരളത്തില്‍ ഇഷ്ടം പോലെ പണി ഉണ്ട് - പണിക്കാരെ ഒട്ടു കിട്ടാനുമില്ല, സ്വാഗതം!) 
എന്ന് നിങ്ങളുടെ അഭ്യുദയകാംക്ഷി.

November 18, 2017

ജാഗ്രതൈ

സ്മാര്‍ട്ട് ഫോണ്‍, ഓര്‍ക്കുട്ട്, ഫേസ്ബുക്ക്‌, വാട്ട്‌സ്ആപ്പ് എന്നിവ യുവതലമുറയെ കീഴടക്കും മുന്‍പുള്ള തലമുറ. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് എനിക്ക് എഴുത്തിന്‍റെ അസുഖം പിടിക്കുന്നത്. പ്ലസ്‌ ടു-വില്‍ ചേര്‍ന്ന കാലത്ത് അത് കലശലായി. അതിനു ചേര്‍ന്ന കുറെ കൂട്ടുകാരും. ആ സമയത്താണ് ഷെര്‍ലോക്ക് ഹോംസ് കഥകള്‍ വായിക്കുന്നതും, അത് പോലെ ഒരു കുറ്റാന്വേഷണ നോവല്‍ എഴുതണം എന്ന് ആഗ്രഹം തോന്നുന്നതും. മറ്റൊരു ഹോംസ് ഫാന്‍ ആയ എന്‍റെ സഹപാഠി ഋഷിയുടെ (Rishi Narendran) പ്രോത്സാഹനം, പിന്നെ ഞങ്ങളുടെ ക്ലാസ്സിലെ, അല്ല സ്കൂളിലെ ഏറ്റവും നല്ല എഴുത്തുക്കാരനും, പഠിപ്പിസ്റ്റ് ആണെങ്കിലും ആ വര്‍ഗ്ഗത്തിന്റെ ചീത്തപേര് കേള്പ്പിക്കാത്തവാനുമായ ധനൂപിന്റെ (Dhanoop Ramdas Warrier) പിന്തുണ...

അങ്ങനെ 2004 ജനുവരി 21നു ആ പതിനാറുകാരന്‍ നോവല്‍ എഴുതാന്‍ ആരംഭിച്ചു. ഓരോ അദ്ധ്യായവും വായിച്ചു പ്രോത്സാഹിപ്പിച്ച ജോ (Joe Philip), ജുബിന്‍ (Jubin Abraham), ജിം (Jim Cherian), സുകു (Suku John George), ഹണി (Honey C Punnoose), നിതിന്‍ (Nithun Eapen), അങ്ങനെ S2C സഹപാഠികള്‍... പക്ഷെ 92 പേജുകള്‍ (16 അദ്ധ്യായങ്ങള്‍) എഴുതിയപ്പോള്‍ പ്ലസ്‌ ടു ജീവിതം കഴിഞ്ഞു.

പിന്നെ ഏറ്റുമാനൂര്‍ ഐ.ടി.ഐ.യില്‍ ചേര്‍ന്ന് നാളുകള്‍ക്കു ശേഷം എന്‍റെ നോവല്‍ സംരംഭത്തെ കുറിച്ച് അറിഞ്ഞ സഹപാഠികള്‍ എഴുതിയ 16 അദ്ധ്യായങ്ങള്‍ വായിക്കുകയും, അത് പൂര്‍ത്തീകരിക്കാന്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജോണ്‍ (John K Thomas), ജോജോ (Jojo Mathew), സജിത്ത് (Sajith Pampady), ആശ (Asha Sam), രമ്യ (Remya Sreejith), രാജേഷ്‌ (Rajesh Puliprakunnel), നജീബ് (Nejeeb Ramanattu), സൈജോ (Saijo Jose), മഞ്ജു (Manju Vipi), പ്രതീഷ് (Pratheesh Rajan) തുടങ്ങിയവരുടെ നിര്‍ബന്ധത്താല്‍ ഞാന്‍ അത് വീണ്ടും എഴുതി തുടങ്ങി ഒടുവില്‍ 2006 ഫെബ്രുവരി 14നു പൂര്‍ത്തീകരിച്ചു. 165 പേജുകളും, 25 അധ്യായങ്ങളും.... അന്ന് തന്നെ ക്ലാസ്സിലെ വാലന്‍ന്റൈന്‍ ഡേ ആഘോഷത്തില്‍ നോവല്‍ പ്രകാശനവും ചെയ്തു. "എഴുതി പൂര്‍ത്തിയാക്കിയ ശേഷം വെറും 45 മിനിട്ടുകള്‍ക്ക് ശേഷം റിലീസായ ലോകത്തിലെ ആദ്യ നോവലും ഒരു പക്ഷെ ഇതാവും..."

ഇത്രയൊക്കെ കേട്ടിട്ട് വല്യ പ്രതീക്ഷയോടെ ഒരു കുറ്റാന്വേഷണ നോവല്‍ വായിക്കാന്‍ തയ്യാറായി ആണ് നിങ്ങള്‍ ഇരിക്കുന്നെങ്കില്‍, നിങ്ങള്‍ നിരാശപെടേണ്ടി വരും... ഒരു പതിനാറുകാരന്‍ എഴുതിയ നോവല്‍ എന്നതിനപ്പുറം വല്യ പ്രതീക്ഷ ഒന്നും അരുത്. പത്തു വര്‍ഷത്തിനു ശേഷം ആ നോവല്‍ എടുത്തു വായിച്ച ഞാന്‍ തന്നെ ചിരിച്ചു പോയി. പിന്നെ ഞാന്‍ പറഞ്ഞു വന്നത്, ഞാന്‍ ആ നോവല്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു (കുറെ നാള്‍ ആയി ആലോചന ഉണ്ടായിരുന്നു).

ഈ നോവല്‍ എഴുതി തുടങ്ങി ഒരു വര്‍ഷത്തിനു ശേഷമാണ് 12ആം അദ്ധ്യായം എഴുതുന്നത്. പക്ഷെ ഓണ്‍ലൈന്‍ ആദ്യം പ്രസിദ്ധീകരിക്കുന്നത് അദ്ധ്യായം 12 ആണ്. ഓരോ അധ്യായങ്ങളായി www.jaagrathai.blogspot.in എന്ന ബ്ലോഗില്‍ 2016 ഏപ്രില്‍ മുതല്‍ പ്രസിദ്ധീകരിച്ചു വന്നു. പിന്നെയും കുറെ നാള്‍ ഇത് നീണ്ടു പോയി.  ഒടുവില്‍ എന്‍റെ ധര്‍മ്മസങ്കടം കണ്ടു യൂണികോഡില്‍ ഡിജിറ്റൈസ് ചെയ്തു സഹായിച്ചത് എന്‍റെ സഹധര്‍മ്മിണി പെര്‍സിസ് ആണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് മഞ്ജരി എന്ന യൂണികോഡ് ഫോണ്ട് ആണ്. അതിനായി സന്തോഷ്‌ തോട്ടിങ്ങല്‍, സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് എന്നിവര്‍ക്കും നന്ദി. കൂടാതെ എന്‍റെ സഹപാഠികള്‍, സുഹൃത്തുക്കള്‍, എന്‍റെ നിര്‍ബന്ധം (വെറുപ്പീര്) കൊണ്ടും അല്ലാതെയും ഈ നോവല്‍ വായിക്കേണ്ടി വന്ന എല്ലാവര്ക്കും,  മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, സര്‍വേശ്വരന്‍ എല്ലാവര്ക്കും നന്ദി.

എന്‍റെ മറ്റു മൂന്നു ബ്ലോഗുകളുടെ ലിങ്കുകള്‍  വായിക്കുവാന്‍ വേണ്ടി www.joshykurian.com/#blog എന്ന പേജ് സന്ദര്‍ശിക്കുക.


ജാഗ്രതൈ!!!

Started on : January 21st, 2004

Released on : February 14th, 2006

Digital Version Release : November 12th, 2017

Unicode Malayalam Font Courtesy : Manjari, Santosh Thottingal (www.smc.org.in/fonts)
Type Setting, Design & Layout : Shalom Design S2dio

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.

Available in Google Play Books as Book and in Google Play Store as app.

Google Play Books - https://goo.gl/7hQSbZ

Google Play Store - https://goo.gl/s3aVU6

Read online and download PDF from our website :

February 10, 2017

ਪੰਜਾਬੀ മലയാളം

കഴിഞ്ഞ ശനിയാഴ്ച. പോളിങ് ബൂത്തിൽ നിന്ന് വോട്ട് ചെയ്ത ശേഷം ഓഫീസിലേക്ക് പോകാൻ ആയി ഞാൻ ഒരു ഓട്ടോയിൽ കേറി. ഇടയ്ക്കു എനിക്ക് ഒരു കോൾ വന്നു - ഞാൻ മലയാളത്തിൽ സംസാരിക്കുന്നത് കേട്ട് ശ്രദ്ധിച്ചിരുന്ന ഓട്ടോ ഡ്രൈവർ അതിനു ശേഷം എന്നോട് ചോദിച്ചു - "സാറിപ്പോൾ സംസാരിച്ചത് പ്രഭുദേവയുടെ ഭാഷ അല്ലെ? ഞാൻ ഈയിടെ ടീവിയിൽ കേട്ടിരുന്നു." "അല്ല, അത് തമിഴ്, ഇത് മലയാളം." ഞാൻ മറുപടി പറഞ്ഞു. "ഓ, അത് തമ്മിൽ വ്യത്യാസം ഉണ്ടോ?" അടുത്ത ചോദ്യം. "ഉണ്ട്, ഹിന്ദിയും പഞ്ചാബിയും തമ്മിൽ ഉള്ളത്ര വ്യതാസം ഉണ്ട്." പിന്നെ ഓട്ടോക്കാരൻ ഒന്നും ചോദിച്ചില്ല.

ഇതിനും രണ്ടു ദിവസം മുൻപ് ഓഫീസിൽ നിന്ന് വീട്ടിലേക്കു മടങ്ങുന്ന രംഗം. കാറിനു മുന്നിൽ കുറെ നേരം ആയി കിടന്നു കളിക്കുന്ന ബസിന്റെ പിന്നിലെ ബോർഡ് ചൂണ്ടി കൊണ്ട് ഡ്രൈവർ ചോദിച്ചു - 'സർ ഇത് വായിക്കാമോ?" "ഫരീദ്കോട്ട് ലുധിയാന ചണ്ഡീഗഡ്" അറിയാവുന്ന പഞ്ചാബി അക്ഷരങ്ങൾ കൂട്ടി വായിച്ചു. "പഞ്ചാബി എളുപ്പമാണ് വെറും 35 അക്ഷരങ്ങളെ ഉളളൂ. അതിരിക്കട്ടെ നിങ്ങടെ മലയാളത്തിൽ എത്ര അക്ഷരങ്ങളുണ്ട്?" ഡ്രൈവറുടെ ചോദ്യം. "ഓ, വെറും 51, പിന്നെ കുറെ ചില്ലുകളും.." അവന്റെ കണ്ണിൽ നിന്നും രണ്ടു LED ബൾബുകൾ മുഴച്ചു വന്നു മുന്നിലെ വിൻഡ്സ്‌ക്രീനിൽ തട്ടി നിന്നു.

എന്തിനാ ഇപ്പോൾ ഈ കഥ പറഞ്ഞതെന്ന് ചോദിച്ചാൽ "ശശികല നിങ്ങടെ മുഖ്യമന്ത്രി ആകുമോ?" എന്ന് ചോദിച്ചു മെസ്സേജ് അയക്കുന്ന എല്ലാ സുഹൃത്തുക്കൾക്കുമുള്ള മുന്നറിയിപ്പ് ആണ്. ആദ്യം ജോഗ്രഫി പഠിക്കുക... ഡെയിലി ഫേസ്ബുക് ന്യൂസ് ഫീഡ് വായിച്ചത് കൊണ്ട് മാത്രം പൊതു വിജ്ഞാനം കൂടത്തില്ല... പിന്നെ കോമൺ സെൻസ്, അതു മരുന്ന് കഴിച്ചു കിട്ടുന്ന സാധനമല്ല താനും... (കേരളത്തിൽ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ മുഖ്യമന്ത്രി ആകാൻ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും കമന്റ് ഇടാം..)

July 1, 2016

പഴയ സുഹൃത്തുക്കൾ കണ്ടു മുട്ടിയപ്പോൾ...


സെൽഫി വിത്ത് എം.എൽ.എ


കോട്ടയത്ത് നിന്ന് യാത്രയാകുന്നതിനു മുൻപ് അപ്രതീക്ഷിതമായൊരു അതിഥിയാണ് വീട്ടിൽ വന്നു കയറിയത്. കോട്ടയം സി. എം. എസ് കോളേജിലെ 1977-79 ബാച്ചിലെ സഹപാഠികളായ ജോസഫ് കുര്യനും, സുരേഷ് കുറുപ്പും കണ്ടുമുട്ടിയപ്പോൾ. അഡ്വ. കെ. സുരേഷ് കുറുപ്പ് ഇപ്പോൾ ഞങ്ങൾ ഉൾപ്പെടുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എം. എൽ. എയും, മുൻ കോട്ടയം എം. പിയുമാണ്.

#SelfieWithMLA

June 28, 2016

എന്റെ താടി കഥ



പതിവിൽ നിന്ന് വ്യത്യസ്തമായി എന്റെ താടിയില്ലാത്ത ഫോട്ടോ കാണുമ്പോൾ അതിനു പിന്നിൽ ഏതെങ്കിലും കഥ കാണുമെന്നു എന്റെ സുഹൃത്തുക്കൾക്ക് തോന്നും. പക്ഷെ, ഇതിൽ വല്യ കഥയൊന്നുമില്ല. താടിയില്ലാത്ത എന്റെ മുഖം വർഷങ്ങൾക്കു ശേഷം കാണാനുള്ള എന്റെ ആഗ്രഹം മാത്രമാണ് ഇതിനു പിന്നിൽ... (നാർസിസ് അല്ല കേട്ടോ..)

താടി എന്റെ മുഖത്തു കേറിയത് കോളേജ് പഠനകാലയളവിലെ അവസാന വര്ഷത്തിലാണ്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായ എന്നോട് വിദ്യാർത്ഥി നേതാക്കൾക്ക് താടി, പോലീസികാരന്റെ കൈയ്യിൽ ലാത്തി എങ്ങനെയോ അങ്ങനെയാണ് എന്ന് പറഞ്ഞത് ഇന്ന് എം.എൽ.എയായിരിക്കുന്ന യുവനേതാവിനൊപ്പം വന്ന ഒരു സംസ്ഥാന കമ്മിറ്റിയംഗമാണ്. പക്ഷെ താടിയില്ലാതെ തന്നെ അന്നത്തെ വിദ്യാർത്ഥികൾ ഞങ്ങളെ തിരിച്ചറിഞ്ഞിരുന്നു. (read ജനസമ്മതി or ചീത്തപ്പേര്.)

പിന്നീട് പ്രോഗ്രാമർ ആയി കൊച്ചിയിൽ ജോലിക്കു കേറിയപ്പോൾ താടി മുഖത്ത് നിന്ന് അപ്രത്യക്ഷമായി. ഡ്രസ്സ് കോഡും, കമ്പനി പോളിസിയും മീശയോടൊപ്പം വളർന്നു വന്ന താടിയെ നിഷ്കരുണം കാലാപുരിക്കു അയച്ചു കൊണ്ടിരുന്നു. പിന്നീട് ഡൽഹിയിൽ ചെന്നപ്പോഴും ആ ക്രൂരകൃത്യം തുടർന്നു.

2010ൽ ഞാൻ പഞ്ചാബിൽ എത്തിയപ്പോൾ ആണ് താടി വീണ്ടും എന്നിൽ ലഹരിയായത്. താടിയും, മുടിയും നീട്ടിവളർത്തിയ സർദാറുമാരുടെ നാട് താടിക്ക് നല്ല വളക്കൂറുള്ള മണ്ണായിരുന്നു. അവിടുന്നിങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല. അവധിക്കു നാട്ടിൽ വരുമ്പോൾ "ചെറുക്കനെ പെണ്ണ് കെട്ടിക്കാറായല്ലോ" എന്ന് ബന്ധുക്കളെ കൊണ്ട് പറയിക്കുന്നതിനു ഈ താടി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ട്രെയിനിങ് പ്രോഗ്രാമിൽ ക്ലാസ് എടുക്കുമ്പോൾ കൊച്ചു പയ്യൻ ലുക്കിൽ നിന്നു പക്വതയുള്ള ചെറുപ്പക്കാരൻ എന്ന ലേബൽ ചാർത്തി തന്നതും ഈ താടിയാണ്. 25 വയസ്സിൽ താഴെയുള്ള അവിവാഹിതരായ ചെറുപ്പക്കാർക്ക് അപൂർവമായി ലഭിക്കുന്ന യു. എസ്. വിസ, അപ്പ്രൂവ് ചെയ്യുമ്പോളും ഇന്റർവ്യൂർ ആയ സായിപ്പിന്റെ കണ്ണ് ആ താടിയിലായിരുന്നു.

"മോനെ, നീ എന്തിനാടാ ഈ താടി വളർത്തുന്നത്?" ഈ ചോദ്യം ഞാൻ 2 ആഴ്ച മുൻപ് നേരിട്ടത് നാട്ടിലെ പ്രധാന ദിവ്യന്റെതാണ്. കഴിഞ്ഞ വര്ഷം ഞാൻ അവധിക്കു നാട്ടിൽ വന്നപ്പോഴും ഈ ചോദ്യം അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. പണ്ട് തൊട്ടേ നാട്ടിലെ എല്ലാ കാര്യങ്ങളിലും കേറി ചോദിക്കാതെ തലയിടുകയും, സൗജന്യമായി പ്രായഭേദമെന്യേ ഉപദേശം നൽകുകയും, ഏഷണി-അസൂയ-പാരവെയ്പ്പ്-കുശുമ്പ്-കുന്നായ്മ-പരദൂഷണം ഇത്യാദി പരമ്പരാഗത നാടൻ കലാരൂപങ്ങൾ അന്യം നിന്ന് പോകാതിരിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ടിയാന്, തന്റെ ലൈഫ് ടൈം അചീവമെന്റ് അവാർഡ് ആയി നാട്ടുകാർ പണ്ട് തന്നെ ഒരു ക്യാബിനറ്റ് പദവി കൽപ്പിച്ചു നല്കിയിയിട്ടുണ്ട്. (എല്ലാ നാട്ടിലും ഇങ്ങനെ ഒരു അവതാരപുരുഷൻ കാണുമെന്നാണ് എന്റെ അനുമാനം.)

"അത് പിന്നെ അച്ചായാ, ഞാൻ വളർത്തുന്നതല്ല.. അതിങ്ങു തന്നെ വളർന്നു  വരുന്നതല്ലേ..." ഇന്നത്തെ ഇര ഞാൻ ആകുമെന്ന് എനിക്ക് ബോധ്യമായി. "ഡാ താടി വയ്ക്കുന്നവർ മഹാ തെമ്മാടികളും, അനുസരണം കെട്ടവരും, കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവരുമാണ്, നിനക്കറിയാമോ?" യൂണിവേഴ്സൽ സ്റ്റേറ്റ്മെന്റ് ഉപയോഗത്തെ കുറിച്ച് ഗ്രാമർ പഠിച്ചിട്ടുള്ള നമ്മുടെ അടുത്താണ് ഡയലോഗ്.

"അതെന്നാ വർത്തമാനമാ അച്ചായാ.. ഈ പറഞ്ഞ ഗുണഗണങ്ങൾ ഒന്നുമില്ലാത്ത മഹാ ഡീസന്റ് ആയ ഞാൻ താടി വളർത്തുന്നില്ലേ? അപ്പോൾ അച്ചായൻ നേരത്തെ പറഞ്ഞ പ്രസ്താവന പിൻവലിക്കണം. കൂടാതെ യേശുക്രിസ്തു, കാൾ മാർക്സ്, ബർണാഡ് ഷാ, ഏബ്രഹാം ലിങ്കൺ, ഡാവിഞ്ചി, ഫ്രോയ്ഡ്, ഹെമിങ്‌വേ, ദോസ്റ്റോയോവ്സ്കി, ടാഗോർ, വാൻഗോഗ്... എത്രയെത്ര മഹാന്മാർക്കും, അറിയപ്പെടുന്നവർക്കും താടിയുണ്ടായിരുന്നു. കൂടാതെ നമ്മുടെ പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രി എല്ലാവരും താടിക്കാരല്ലേ? ഇവരൊക്കെ അച്ചായൻ പറഞ്ഞ പോലെ കുടുംബത്തു കേറ്റാൻ കൊള്ളാത്തവരും, അനുസരണം കെട്ടവരുമാണോ?" ഞാൻ ചോദിച്ചു.

"ഡാ നീ ഈ മഹാൻമ്മാരുടെ കാര്യം വിട്. എന്നെ നോക്കി പഠിക്ക്. എനിക്ക് ഇത്ര വയസ്സായി, ഞാൻ ഇത് വരെ മീശയോ താടിയോ വെച്ചിട്ടുണ്ടോ? " അപ്പോൾ അതാണ് കാര്യം. പുള്ളിയെ റോൾ മോഡൽ ആക്കിയിട്ടു വേണം എനിക്ക് ഉള്ള ചാനൽ കൂടി പോകാൻ. ഗ്രാമസഭയിൽ 'ഞങ്ങടെ വാർഡിൽ ഒരു പാലം വേണം' എന്ന് ബഹളം വെച്ച ഇദ്ദേഹത്തെ, 'അതിനു നമ്മുടെ വാർഡിൽ തോട് ഇല്ലല്ലോ അച്ചായാ' എന്ന് തിരുത്താൻ ചെന്ന വാർഡ് മെമ്പറിനോട് 'അത് വാർഡ് മെമ്പറിന്റെ അനാസ്ഥയാണ്. ഇത്ര കാലമായിട്ടും ഗവണ്മെന്റിൽ നിന്ന് ഒരു തോട് നമ്മുടെ വാർഡിന് അനുവദിപ്പിക്കാൻ കഴിയാത്ത മെമ്പർ രാജി വെക്കുക' എന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കിയ ടീം ആണ് ഇപ്പോൾ എന്റെ താടി വടിക്കാൻ വന്നിരിക്കുന്നത്.

ഞങ്ങൾ ഇങ്ങനെ മഹാന്മാരെ കുറിച്ച് ചര്ചിച്ചു കൊണ്ടിരിക്കുമ്പോളാണ് ഒരു FZ ഞങ്ങടെ അടുത്ത് വന്നു നിർത്തിയത്. അതിലിരുന്ന ഫ്രീക്കൻ പയ്യൻ ഈ അച്ചയാനോട്  "ഹി ഡ്യൂഡ്, ഇങ്ങനെ വായിനോക്കി നടന്നാൽ മതിയോ, മൂക്കിൽ പഞ്ഞി ഒക്കെ വെച്ച് പള്ളിലൊട്ടു ജോളിയായി ഒരു ട്രിപ്പ് ഒക്കെ വേണ്ടേ?" എന്നൊരു ചോദ്യം. നാട്ടുകാർക്ക് പുള്ളിയോടുള്ള സ്പെഷ്യൽ സ്നേഹം അറിയാവുന്ന ഞാൻ മൗനം പാലിച്ചു. സ്പൈക്ക് ചെയ്ത മുടിയും, ചുണ്ടിന് താഴെ ആട് നക്കിയ മോഡലിൽ ഉള്ള ഫ്രീക്കൻ താടിയും, കീറിയ ടീ ഷർട്ടും, ലോ വൈസ്റ്റ് ജീൻസും, ചെവിയിൽ ഹെഡ്ഫോണും. അച്ചായൻ നിന്ന നിൽപ്പിൽ ഒറ്റ ആട്ടായിരുന്നു - " ഫാ, നിന്റെ അപ്പനോട് പോയി പറയെടാ കുരുത്തംകെട്ട @#$&% "

ഫ്രീക്കൻ പുഞ്ചിരിയോടെ ബൈക്ക് എടുത്തു കൊണ്ട് പോയി. "കണ്ടില്ലേ, ഇതാ ഞാൻ പറഞ്ഞെ താടി വെച്ചവർ എല്ലാം തെമ്മാടികൾ ആണെന്ന്." പുള്ളി പറഞ്ഞു. "അങ്ങനെ അടച്ചു പറയരുത് അച്ചായാ.. ഈ ഫ്രീക്കനെ ഒക്കെ ഞങ്ങടെ കൂടെ പെടുത്തരുത്. ഇതൊക്കെ വളർത്തു ദോഷം. അല്ലാതെന്താ... അല്ല, ഏതാ ആ ചെറുക്കൻ?"

"ഓ, അവനോ.. അതെന്റെ മോനാ.."

പത്തു വാഴ വെക്കുന്ന അത്ര കഷ്ടപ്പാടില്ലലോ ഒരു താടി വെക്കാൻ..!!!

June 23, 2016

ആൽക്കെമിസ്റ്റ് വരുത്തി വെച്ച വിന - പൗലോ കൊയ്‌ലോക്ക് അറിയാത്ത കഥ



നാലഞ്ചു വര്ഷങ്ങൾക്ക് മുൻപാണ് ഞാൻ ഈ പുസ്തകത്തെ കുറിച്ച് കേൾക്കുന്നതും, വായിക്കാൻ ആഗ്രഹിച്ചതും. അങ്ങനെ ഒരു ഓൺലൈൻ പോർട്ടലിൽ മലയാളം പരിഭാഷ വാങ്ങാൻ ശ്രമിച്ചപ്പോൾ "ഔട്ട് ഓഫ് സ്റ്റോക്ക്" എന്ന് കണ്ടു ശ്രമം ഉപേക്ഷിച്ചു, അടുത്ത തവണ നാട്ടിൽ പോകുമ്പോൾ വാങ്ങാം എന്ന് കരുതി. അങ്ങനിരിക്കെ 2012 നവംബര് 12ന് ഞാൻ ഡൽഹിയിൽ നിന്ന് ലുധിയാനക്കു മടങ്ങി വരാനായി കാശ്മീരി ഗേറ്റ് ഐ.എസ്.ബി.ടിയിൽ നിന്നു 3:45ന്റെ പൻബസിൽ കേറി ഇരിക്കുമ്പോളാണ് ഒരു പുസ്തകവില്പനക്കാരൻ വന്നത്. വന്ന പാടെ അയാൾ എല്ലാ സീറ്റിലുമായി ബുക്കുകൾ വാരി വിതറി നടക്കുന്നിടെ എന്റെ അരികിൽ വന്നു ഒരു ബുക്ക് മടിയിൽ ഇട്ടു തന്നിട്ട് പറഞ്ഞു - "സാർ, ഇതാ നിങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്ന ബുക്ക്. 40% ഡിസ്‌കൗണ്ട്!!!"
ഇതാണ് ആൽക്കെമിസ്റ്റ് എന്നെ തേടി വന്ന കഥ. (Link to Facebook post - 2012 November 12 - https://m.facebook.com/photo.php?fbid=4992478729947&id=1239009832&set=a.1226000730351.2035537.1239009832)

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലൂടെ നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോ എന്ന ഇടയബാലകന്റെ കൂടെയുള്ള യാത്ര എന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിച്ചു.

ഇനി ആൽക്കെമിസ്റ്റ് എനിക്ക് പണി കഥ. സാധാരണയായി ഞാൻ എന്റെ പുസ്തകങ്ങൾ ആർക്കും കൊടുക്കാറില്ല. കാരണം പലപ്പോഴായി വായിക്കാൻ എന്ന് പറഞ്ഞു എന്റെ സുഹൃത്തുക്കൾ വാങ്ങി കൊണ്ട് പോയ പല പുസ്തകങ്ങളും മടങ്ങി എത്താതിരുന്നത് കൊണ്ടാണത്.

പക്ഷെ പതിവിൽ നിന്ന് വിപരീതമായി ഞാൻ ഒരു സുഹൃത്തിനു ഒരു പുസ്തകം കൊടുക്കാൻ തീരുമാനിച്ചു. തലേ മാസത്തെ എന്റെ യാത്രകളിൽ പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ബന്ധുവിനെ മാർച്ച് ആദ്യവാരം കണ്ടു മുട്ടിയപ്പോളാണ് സുഹൃത്തിനു ഒരു പുസ്തകം സമ്മാനമായി കൊടുത്തു വിടാമെന്നു എനിക്ക് ഒരു ചിന്ത ഉണ്ടായത്. അത് പലർക്കും പ്രചോദനം നൽകിയ ആൽക്കെമിസ്റ്റ് തന്നെയാകുന്നത് ഏറെ ഉചിതമെന്നു കരുതിയ ഞാൻ എന്റെ കൈയ്യിലിരുന്ന ആ അപൂർവ കോപ്പി കൊടുത്തു വിട്ടു.

'Chase your dreams' എന്ന് ആദ്യ പേജിൽ ഓട്ടോഗ്രാഫ് ആയി എഴുതി, ശാലേം രാജാവായ മൽക്കിസാദെക്കും, ആൽക്കെമിസ്റ്റും സാന്റിയാഗോക്ക് നൽകിയ ഉപദേശം ഹൈലൈറ്റ് ചെയ്താണ് ഞാൻ ആ പുസ്തകം സമ്മാനിച്ചത്.
"കുട്ടിക്കാലത്ത് നാം ഉള്ളിന്റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം. എന്തെങ്കിലുമൊന്നു തീവ്രമായി മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍ അത് നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്റെ വിത്തുകള്‍ പാകുന്നത്. പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി നിങ്ങളുടെ സഹായത്തിനെത്തും. നമ്മുടെ സ്വപ്ന സാക്ഷാത്‌കാരത്തിന് തടസ്സം നിൽക്കുന്നതു യഥാർത്ഥ സ്നേഹമല്ല." പക്ഷെ ഈ ഉപദേശം നാളെ എന്തായി തീരും എന്ന് ഞാൻ അപ്പോൾ ചിന്തിച്ചിരുന്നില്ല.

ഒരു മാസം പ്രായമുള്ള ആ സൗഹൃദം മൂന്നു ദിവസത്തിനുള്ളിൽ അവസാനിച്ചു. അവസാനമായി എന്നെ പ്രകീർത്തിച്ചു ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതി എന്ന് കേട്ടു. അതിൽ പിന്നെ ആ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടിട്ടില്ല. ഇപ്പോൾ ഈ കഥയുടെ പ്രസക്തി എന്തെന്ന് വെച്ചാൽ ഇന്ന് ജൂൺ 23,  ഒരിക്കൽ മാത്രം തമ്മിൽ കണ്ട ആ സുഹൃത്തിന്റെ വിവാഹ ദിവസം 'ആയിരുന്നു'. ജൂണിൽ അവധിക്കു നാട്ടിൽ വരുന്ന ഞാൻ, ആ ചടങ്ങിൽ പങ്കെടുക്കാം എന്ന് ഉറപ്പു കൊടുത്തിരുന്നു. 'ആയിരുന്നു' എന്ന് ഞാൻ പറഞ്ഞപ്പോൾ തന്നെ നിങ്ങള്ക്ക് മനസ്സിലായി കാണും, ആ വിവാഹം നടന്നില്ല. ആൽക്കെമിസ്റ്റിന്റെ ഉപദേശവും, എന്റെ ഓട്ടോഗ്രാഫും ഇത്ര വലിയ പൊല്ലാപ്പ് സൃഷ്ടിക്കുമെന്നു ഞാൻ കരുതിയില്ല.

കോട്ടയത്ത് പുതുതായി തുടങ്ങിയ ഡി.സി. ബുക്സ് ക്രോസ്സ് വേർഡ് ഷോറൂമിൽ പുസ്തകങ്ങൾ നോക്കി കൊണ്ടിരിക്കുന്നപ്പോൾ കൈയ്യിൽ വീണ്ടും ആൽക്കെമിസ്റ്റ് തടഞ്ഞു. കൂടെയുണ്ടായിരുന്ന അനിയന്റെ ചോദ്യം - "എന്താ ഇനി ആർക്കെങ്കിലും അത് പോലെ സമ്മാനം കൊടുക്കാൻ ആണോ?" അയ്യോ, ഇല്ല.. ഒരു അനുഭവം കൊണ്ട് നമ്മൾ ഒരു പാഠം പേടിച്ചു. എന്തായാലും ഈ അനുഭവത്തോടെ ഞാൻ ഇങ്ങനെയുള്ള പുസ്തകങ്ങൾ സമ്മാനമായി നൽകുന്നത് നിർത്തിയിരിക്കുകയാണ്. അതല്ല, ഇത് വായിച്ചു നന്നായേ അടങ്ങൂ എന്ന് വാശി ഉള്ളവർ തന്നെത്താൻ വാങ്ങി വായിക്കുക, നിങ്ങളുടെ സ്വപ്നസാക്ഷാത്‌കാരത്തിനായി പ്രയത്നിക്കുക...

അപ്പൊ ഈ കൈയ്യിലിരുന്ന ബുക്കോ, അതെന്തിനാ എന്ന് നിങ്ങൾ ചോദിച്ചാ... അതിപ്പോ ഒരു കഥ പറയുമ്പോ കൂടെ ഒരു ഫോട്ടോ ഉണ്ടെങ്കി അതിച്ചിരി കളർ ആകുമല്ലോ എന്ന് കരുതി എടുത്തതാ... 2 കൊല്ലം മുൻപ് ഫ്ലിപ്പ്കാർട്ടിൽ നിന്നു വാങ്ങിച്ച മലയാളം ആൽക്കെമിസ്റ്റ് വീട്ടിൽ കിടപ്പുണ്ട് കേട്ടോ... (ചോദിക്കേണ്ട, തരില്ല...!!!)

June 14, 2016

മാളയ്ക്കുള്ള വഴി, മാളുവിനെ കാണാനുള്ള യാത്ര, പിന്നെ മോഡിജിയും എന്റെ 660 രൂപയും...

നാളുകൾക്കു ശേഷം കോട്ടയത്തുള്ള അക്കൗണ്ടിൽ നിന്ന് കാശ് എടുക്കാൻ ബാങ്കിൽ ചെന്നപ്പോൾ ആണ് അറിഞ്ഞത് അത് "പ്രധാൻ മന്ത്രി അപകടവികസന യോജനയിൽ" ഞാൻ അറിയാതെ എന്നെ ചേർത്തെന്നും, രണ്ടു വർഷത്തെ പ്രീമിയമായി അക്കൗണ്ടിൽ കിടന്നത്തിൽ നിന്നും 660 രൂപ  അടച്ചെന്നും. അതെ കുറിച്ച് ചോദിച്ചപ്പോൾ ഫ്രണ്ട് ഡിസ്‌കിൽ ഇരുന്ന പെൺകൊച്ചു പറയുവാ "പരാതി ഉണ്ടെങ്കിൽ പോയി പ്രധാനമന്ത്രിയോട് പറയാൻ..." ബെസ്റ്റ്, പുള്ളിക്കാരൻ വല്ലപ്പോഴും ഇന്ത്യയിൽ ലാൻഡ് ചെയ്യുന്ന ടൈമിനു പെട്രോൾ വില കൂട്ടാൻ നോക്കുന്നോ, അതോ എന്റെ പരാതി കേൾക്കാൻ ഇരിക്കുന്നോ?

അവിടുന്ന് ഇറങ്ങി അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയായി. കോട്ടയം പ്രസ്സ് ക്ലബിന് സമീപം റോഡ് സൈഡിൽ ഉള്ള കടയിൽ നിന്ന് സോഡാ നാരങ്ങാ വെള്ളം കുടിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ഒരു വാഗൺ ആർ അടുത്ത് വന്നു നിർത്തിയത്.

"ചേട്ടാ, ഈ മാളയ്ക്കുള്ള വഴിയേതാ?" ഡ്രൈവർ സീറ്റിൽ ഇരുന്ന ചേട്ടന്റെ ചോദ്യം. വഴി പറഞ്ഞു കൊടുക്കാൻ എനിക്ക് പണ്ടേ ഭയങ്കര ഇന്റെരെസ്റ്റ് ആണ്. "ചേട്ടാ, ഇവിടുന്നു നേരെ പോയി ബേക്കർ ജംഗ്ഷനിൽ നിന്ന് വലത്തോട്ട്. എം. സി റോഡ് നേരെ പിടിക്കുക.. ഏറ്റുമാനൂർ, മൂവാറ്റുപുഴ, അങ്കമാലി.. ചാലക്കുടി അടുക്കുമ്പോൾ ആരോടെങ്കിലും ചോദിച്ചാൽ മതി അവർ മാളയ്ക്കുള്ള കറക്റ്റ് റൂട്ട് പറഞ്ഞു തരും കേട്ടോ..."

എന്റെ ഈ ഡയലോഗ് കേട്ട പിൻ സീറ്റിൽ ഇരുന്ന അപ്പച്ചൻ : "അതല്ല മോനെ, നമ്മുടെ ജോയ് ആലുക്കാസ് കഴിഞ്ഞാഴ്ച തുടങ്ങിയില്ലേ - 'മോളി ജോയി' - അവിടെ പോകാനാ..." അതാണ് കാര്യം. മാൾ ഓഫ് ജോയി ആണ് മാളയായും, മോളിയായും എന്റെ മുന്നിൽ വന്നത്.

"ഓ, അതാണോ.. സ്‌ട്രൈറ്റ് പോവാ.. ദാ കാണുന്ന റൗണ്ടാന കഴിഞ്ഞു ഇടത്തു വശത്താണ് മാൾ. ട്രാഫിക്ക് ജാം ആയതു കൊണ്ട് പെട്ടന്ന് കണ്ണിൽ പെടും. ഓക്കേ." നന്ദി പറഞ്ഞു അവർ യാത്രയായി.

"നഗരങ്ങൾ പുറത്തേക്കു വികസിക്കുന്ന ഈ കാലഘട്ടത്തിൽ, നഗരമധ്യത്തിലെ മാൾ പുരോഗതിയേക്കാൾ ഗതാഗത കുരുക്ക് ഉണ്ടാക്കാനേ ഉപകരിക്കൂ.." കടയിലെ ചേട്ടന്റെ കമന്റ്. അതും ശെരിയാണ്. "കമ്പോളവൽക്കരണത്തിന്റെ പരിണിതഫലമായി വിലക്കയറ്റവും, അഴിമതിയും.. പാവപ്പെട്ടവർ പാർശ്വവൽക്കരിക്കപ്പെടുകയാണ്. പണക്കാരനെ കൂടുതൽ പണക്കാരനും, പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവനുമാക്കുന്ന നയങ്ങൾ സർക്കാരുകൾ ഉപേക്ഷിക്കണം." ഓർമ്മകളിൽ ഒരു ചെറുപ്പക്കാരൻ നിന്ന് പ്രസംഗിക്കുന്നു.

"മോനെ, മാളൂനെ കാണാൻ പോയിരുന്നോ?" രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വഴിയിൽ കണ്ട ഒരു അമ്മച്ചിയുടെ ചോദ്യം. ഏത് മാളു? ദൈവമേ, ഒരു അവിവാഹിതനായ ചെറുപ്പക്കാരനോട് ഇങ്ങനെയൊക്കെ ചോദിക്കാമോ? "ഞങ്ങൾ ഇപ്പൊ കണ്ടിട്ട് വഴികയാണ്. 5 നിലയുണ്ട്, പിന്നെ മേലോട്ട് കറങ്ങുന്ന സ്റ്റെപ്പും. മൊത്തം കോളേജ് പിള്ളേരാ..."

അപ്പൊ, ദതാണ് കാര്യം. എന്തൊക്കെ പറഞ്ഞാലും നമ്മുടെ 'കോട്ടയത്തിനൊരു മോൾ' ആയി. മോൾ ആയാലും മോൻ ആയാലും, മാൾ ഓഫ് ജോയ് ഒരു മേള ആണല്ലോ...

ശെരി, എന്നാ പിന്നെ ഞാനും പോയി ഒന്ന് കണ്ടേച്ചു വരാം...

June 13, 2016

പറയാന്‍ മറന്നതെന്തെല്ലാമോ ബാക്കിയാകുന്നു....

ഈ ഇടനാഴികള്‍ക്ക് പറയുവാന്‍ ഏറെ കഥകളുണ്ട്... ഒരായിരം സൌഹൃദങ്ങള്‍ പൂത്തുലഞ്ഞ നിമിഷങ്ങളെ കുറിച്ച്, മിഴികള്‍ കൊണ്ട് ഹൃദയം കൈമാറിയവരെക്കുറിച്ച്, പറയാന്‍ മറന്ന പ്രണയങ്ങളെക്കുറിച്ച്...

കണ്ണീരും, പുഞ്ചിരിയും, പ്രണയവും, പരിഭ്രമവും, കനവുകളും, നിനവുകളും, വേദനകളും, സ്വാന്തനങ്ങളും, സൌഹൃദങ്ങളും, പൂത്തുലഞ്ഞ നിമിഷങ്ങളെക്കുറിച്ച്...
കുറച്ചു തലമുറകള്‍ ഇവിടം സ്വന്തമാക്കിയിരിക്കുന്നു.. ഇനിയും എത്രയോ തലമുറകള്‍ ഇവിടം സ്വന്തമാക്കാനിരിക്കുന്നു!
ഋതുക്കളെത്ര മാറി വന്നാലും, കാലമെത്ര കടന്നാലും, ഇവിടെ നാം തീര്‍ത്ത നിമിഷങ്ങള്‍ നമുക്ക് സ്വന്തമായിരിക്കും.
പക്ഷെ നാളെ ഈ ഇടനാഴിയില്‍ ഞാന്‍ എന്‍റെ അപരിചിതത്വം തിരിച്ചറിയുമ്പോഴോ? അതോ ഇന്നെന്നിക്ക് ചിരപരിചിതമായ വഴിത്താരയില്‍ നാളെ ഞാനൊരു അന്യനാണ് എന്ന് തിരിച്ചറിയുമ്പോഴോ?
പറയാന്‍ മറന്നതെന്തെല്ലാമോ ബാക്കിയാകുന്നു....
നീയും, ഞാനും ചരിത്രമാകുന്നു...
തലമുറകള്‍ ഈ കലാലയ ഭൂമിക്ക് സ്വന്തമാവുകയും, നഷ്ടമാവുകയും ചെയ്യുന്നു....

8 വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളേജ് മാഗസിന്‍റെ അവസാന പേജില്‍ ഞാന്‍ കുറിച്ച ഈ വരികള്‍ ഇന്നലെയാണ് സത്യമായി തീര്‍ന്നത്. അതെ, ഇന്ന് ഈ കലാലയത്തില്‍ ഞാന്‍ ഒരു അന്യന്‍ ആണ്... കാലത്തിനു മായ്ക്കാന്‍ ആവാത്ത നിറം മങ്ങാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ ഇവിടെ മിച്ചം വെച്ച് പോയത് കൊണ്ടാണല്ലോ, തുടര്‍ച്ചയായ 7ആം വര്‍ഷവും ഞങ്ങള്‍ രണ്ടു പേര്‍ ഒരു തീര്‍ഥാടനം പോലെ ഇവിടെ വന്നു പോകുന്നത്. അതും വല്യ ഡിഗ്രികള്‍ പേരിനൊപ്പം വന്നു ചേര്‍ന്ന് കഴിയുമ്പോള്‍, സൗകര്യപൂര്‍വ്വം ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ എജുക്കേഷന്‍ കോളത്തില്‍ നിന്ന് പലരും എടുത്തു മാറ്റാറുള്ള ഈ കലാലയത്തിലേക്ക്...
പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ, പറയാതെ പോയ അനുരാഗങ്ങള്‍ക്ക്, കാണാതെ പോയ സ്വപ്നങ്ങള്‍ക്ക്, അറിയാതെ പറഞ്ഞു പോയ പരിഭവങ്ങള്‍ക്ക്, സ്നേഹത്തോടെ വിട.....

പറയാന്‍ മറന്നതെന്തെല്ലാമോ ബാക്കിയാകുന്നു....

February 5, 2016

Wish you a happy married life അഥവാ വിളിക്കാതെ പോയ കല്യാണം...!!

2016 ഫെബ്രുവരി 4. 

ഈ ദിവസം ഞാന്‍ അടുത്ത കാലത്തൊന്നും തന്നെ മറക്കില്ല. കാരണം ഇതിനു തലേ രാത്രി 8 മണിക്ക് ബാംഗ്ലൂര്‍ കെമ്പഗൌഡ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍, നീണ്ട 7 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ഞാന്‍ കന്നഡ മണ്ണില്‍ വീണ്ടും കാലു കുത്തുന്നത്. ജീവിതത്തില്‍ സുപ്രദാനമാകുമെന്നു കരുതിയ മറ്റൊരു തീരുമാനം ഞാന്‍ എടുത്തതും ആ രാത്രിയാണ്.
(ആ കഥ പിന്നീടൊരിക്കല്‍ പറയാം.)


ആദ്യ ദിനം ട്രെയിനിംഗ് ഭംഗിയായി കഴിഞ്ഞു. ഡിന്നര്‍ കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ആണ് ആ ക്യാമ്പസ്സില്‍ ഒരു കല്യാണം നടക്കുന്നത് കണ്ടത്. "நாம் ஒரு பெரிய தவறு செய்தேன். நாங்கள் இரவு." (നമ്മള്‍ ഡിന്നര്‍ കഴിച്ചല്ലോ, അത് വല്യ കഷ്ടമായി പോയി..) ആന്റണിയാണ്.

അങ്ങനെ വിവാഹ സല്‍ക്കാരങ്ങള്‍ കണ്ടു നില്‍ക്കുമ്പോള്‍ ആണ് കൂട്ടത്തില്‍ ഉള്ള രണ്ടു അവിവാഹിതര്‍ ആയ എനിക്കും റിജോയ്ക്കും ഒരു ആഗ്രഹം തോന്നിയത്. "ഭായ് കന്നഡ കല്യാണം കണ്ടിട്ടുണ്ടോ? നമുക്ക് പോയാലോ?" റിജോ. "വിളിക്കാത്ത കല്യാണത്തിന് പോകുന്നത് മോശമല്ലേ?" എനിക്ക് സംശയം. "നമ്മള്‍ കഴിക്കാന്‍ പോകുവല്ലല്ലോ, ജസ്റ്റ്‌ കാണുന്നതല്ലേ ഉള്ളൂ.." റിജോ. "എന്നാല്‍ ശെരി, വാ പോയേക്കാം.. നമ്മുക്ക് ചെന്ന് കണ്ടു അവര്‍ക്ക് ഒരു വിഷ് പറഞ്ഞിട്ട് പോരാം.." ഞാന്‍ പറഞ്ഞു. റിജോ റെഡി. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ആ റിസ്ക്‌ എടുക്കാന്‍ തയ്യാറായി - ജീവിതത്തില്‍ ആദ്യമായി ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത് വിളിക്കാത്ത കല്യാണത്തിന് പോവുക.

"ഭായ്, എന്തെങ്കിലും വിഷയം ഉണ്ടായാല്‍ എന്നെ നോക്കണ്ട, ഞാന്‍ ഓടും." പോകുന്ന വഴിക്ക് റിജോ പറഞ്ഞു. "മോനെ റിജോ, ഒന്നാമതെ ഏതു വഴി ഓടണം എന്ന് നമുക്ക് അറിയില്ല, പിന്നെ ഓടിയാലും കന്നടക്കാര്‍ എറിഞ്ഞു വീഴ്ത്തും.. വരുന്നിടത്ത് വെച്ച് കാണാം." എനിക്ക് ധൈര്യം പകര്‍ന്നത് വാട്സ്ആപ്പില്‍ വന്ന ഒരു മെസ്സേജ് ആയിരുന്നു.

അങ്ങനെ ഞങ്ങള്‍ നടന്നു ഹോളില്‍ എത്തിയപ്പോളാണറിഞ്ഞത് കല്യാണം കഴിഞ്ഞു, റിസപ്ഷന്‍ ആണ് നടക്കുന്നത് എന്ന്. എന്തായാലും വന്നതല്ലേ, ചെറുക്കനേയും പെണ്ണിനേയും വിഷ് ചെയ്തിട്ട് പോകാം എന്ന് കരുതി ഞങ്ങള്‍ ക്യൂവില്‍ നിന്നു. അങ്ങനെ 15-20 മിനിറ്റ് നിന്ന ശേഷം മുന്നില്‍ എത്തിയപ്പോള്‍ ആണ് പണി പാളിയത്. സ്റ്റേജിലേക്ക് ആളുകളെ കയറ്റി വിടാന്‍ ആയി നില്‍ക്കുന്നത് ചെറുക്കന്റെ ചേട്ടന്‍. ആളുകളെ കുടുംബം കുടുംബമായി സ്റ്റേജില്‍ കയറ്റി നിര്‍ത്തി ഫോട്ടോ എടുപ്പിക്കുന്നു.

"നമ്മള്‍ ആരെന്നു ചോദിച്ചാല്‍ എന്ത് പറയും?" റിജോ. "എന്ത് പറയാന്‍? 'അണ്ണാ മന്നിച്ചിദുന്ഗോ' എന്ന് പറഞ്ഞിട്ടു ഓടുക. അല്ലാതെന്തു?"

ഭാഗ്യം, ഞങ്ങള്‍ മുന്നില്‍ എത്തിയപ്പോള്‍ പുള്ളി ചിരിച്ചു കൊണ്ട് - "കാര്‍ത്തിയുടെ ഫ്രണ്ട്സ് താനേ, വാങ്കോ വാങ്കോ.." എന്ന് പറഞ്ഞു ഞങ്ങളെ സ്റ്റേജിലേക്ക് തള്ളി വിട്ടു. ചിരിക്കണോ, കരയണോ എന്ന് ഉറപ്പില്ലാത്ത നിമിഷം.

സ്റ്റേജില്‍ എത്തി. പക്ഷെ ഞങ്ങളുടെ ഫോട്ടോ ആരെടുക്കും? അടുത്ത് നിന്ന പയ്യനോട് അറിയാവുന്ന മുറി തമിഴില്‍ ചോദിച്ചു. അവന്‍ പേടിച്ചു അടുത്ത് നിന്ന സിസ്റ്ററിനോട് പറഞ്ഞു - "These people are asking something in Tamil. I can't understand them. Sister aunty please talk with them." വെറുതെ കുറെ തമിഴ് വേസ്റ്റ് ആക്കി!

സിസ്റ്റര്‍ അപ്പുറത്ത് നിന്ന മറ്റൊരു പയ്യനെ വിളിച്ചു - "Anbe, these are Karthy's friends. You take some photos in their mobile." അങ്ങനെ ആ നിമിഷം മുതല്‍ ഞങ്ങള്‍ കാര്‍ത്തിയുടെ സുഹൃത്തുക്കള്‍ ആയി മാറുകയായിരുന്നു. ആദ്യം ചെന്ന റിജോ കന്ഗ്രാട്സ് പറഞ്ഞു പോന്നു. പിന്നാലെ ഞാന്‍ ചെന്നു - "Karthy, wish you a happy married life. God bless your future life." കാര്ത്തി പുഞ്ചിരിച്ചു. ടെന്‍ഷന്‍ കൊണ്ട് വിളറി വെളുത്തു നിന്ന നവവധുവും പുഞ്ചിരിച്ചു. അന്ബ് ആ നിമിഷങ്ങള്‍ ഞങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്തു.

ഞങ്ങള്‍ കാര്‍ത്തിയുടെ സുഹൃത്തുകള്‍ ആണ് എന്ന രഹസ്യം കാര്‍ത്തിയെ അറിയിക്കണോ എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. വേണ്ട, ആ രഹസ്യം രഹസ്യം ആയി തന്നെ ഇരിക്കട്ടെ. ഞങ്ങള്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ ഭാവിച്ചതും കാര്‍ത്തിയുടെ അച്ഛന്‍ പറഞ്ഞു - "ഒരു നിമിഷം, ഒരു ഫോട്ടോ..." അങ്ങനെ കല്യാണ ഫോട്ടോഗ്രാഫര്‍ ഞങ്ങളുടെ ആ ചിത്രം ഒന്ന് കൂടി പകര്‍ത്തി.



ഇറങ്ങാന്‍ നേരം കാര്‍ത്തി, പിന്നില്‍ തട്ടി പറഞ്ഞു - "I was not sure whether you will come for my wedding. I am so glad that you came and blessed us." പുഞ്ചിരിച്ചുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു - "Thanks Karthy, you people made my day!" ഇങ്ങനെ ഒക്കെ അല്ലെ നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റൂ...

തിരിച്ചു റൂമില്‍ എത്തിയപ്പോള്‍ റിജോ ചോദിച്ചു - "ഭായ്, ഹൌ വാസ് ഇറ്റ്‌?" അപ്പോളും അവന്റെ ചിരി അടങ്ങിയിരുന്നില്ല. "ഇതൊന്നും ഒന്നുമല്ല റിജോ. യഥാര്‍ത്ഥ കോമഡി കല്യാണം കഴിഞ്ഞു കല്യാണ ആല്‍ബം ഇവരുടെ കൈയ്യില്‍ എത്തുമ്പോള്‍ ആണ്. അവര്‍ ഒന്നിച്ചിരുന്നു ആല്‍ബം കണ്ടു ആ മനോഹര ദിവസം അയവിറക്കുമ്പോള്‍, നമ്മുടെ ഫോട്ടോ ഉള്ള ഈ പേജ് വരും. അപ്പോള്‍ ആ പെണ്‍കുട്ടി പറയും - 'കാര്ത്തി ഉങ്ങ ഫ്രണ്ട്സ്.' കാര്ത്തി പറയും - "ഹേയ്, ഇവര്‍ എങ്ങ ഫ്രണ്ട്സ് അല്ലെ, ഇവ ഉങ്ങ റിലെറ്റീവ്സ് താന്‍.' അങ്ങനെ നമ്മള്‍ ആരെന്നു ആലോചിച്ചു അവര്‍ കുറെ തല പുകയ്ക്കും. പിന്നെ ഓര്‍ത്തോര്‍ത്തു ഇരുന്നു ചിരിക്കും... വിവാഹത്തിന് ക്ഷണിക്കാതെ എത്തി ആശംസ അറിയിച്ചു പോയ ആ രണ്ടു അജ്ഞാത സുഹൃത്തുക്കളെ ഓര്‍ത്തു.. ആ ഒരു പുഞ്ചിരിക്കു വേണ്ടി അല്ലെ ശരിക്കും പറഞ്ഞാല്‍ നമ്മള്‍ ഈ റിസ്ക്‌ ഒക്കെ എടുത്തത്?" ആയിരിക്കാം...

തുടര്‍ന്നും ഞാന്‍ താമസിച്ച രണ്ടു ദിവസങ്ങളിലും ആ കാമ്പസില്‍ വേറെ രണ്ടു കല്യാണങ്ങള്‍ കൂടി നടന്നു. പക്ഷെ ആദ്യ ദിവസത്തെ പോലെ അവര്‍ക്ക് ഞങ്ങളുടെ ആശംസ ലഭിക്കുവാനുള്ള ഭാഗ്യം ഉണ്ടായില്ല... ഒരു പക്ഷെ റിജോയ്ക്കോ അല്ലെങ്കില്‍ എനിക്കോ ആയിരിക്കും ഇനി അങ്ങനെ ഒരു ഭാഗ്യം സിദ്ധിക്കുന്നത്... !!! കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണല്ലോ...!!!

 

(വാല്‍കഷ്ണം : ഈ കല്യാണ ഫോട്ടോ ഞങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത  കണ്ടിട്ട് റിജോയുടെ സഹപ്രവര്‍ത്തകന്‍ ആയ വിപിന്‍ ഫോണ്‍ ചെയ്തു - "ഡേയ് നിങ്ങള്‍ ബാംഗ്ലൂര്‍ ട്രെയിനിംഗ് പോയി എന്ന് പറഞ്ഞിട്ട് അവിടെ കല്യാണം കൂടി കറങ്ങി നടക്കുവാണോ?"

"എന്ത് പറയാനാ വിപിനെ, അവിടെ ചെന്നപ്പോളാനറിഞ്ഞത് റിജോയുടെ കാമുകിയുടെ കല്യാണം അന്നാണെന്ന്. അത് കേട്ടപ്പോള്‍ അവനു ഏതെങ്കിലും കല്യാണം കൂടണം എന്ന് പറഞ്ഞു ഒറ്റ കരച്ചില്‍. പിന്നെ അവിടെ അടുത്ത് കണ്ട ഒരു കല്യാണത്തിന് കൊണ്ട് പോയതാ..." പാവം വിപിന്‍, ഇത് വിശ്വസിച്ചിരിക്കുവാണ്.)