June 27, 2016

എന്റെ താടി കഥപതിവിൽ നിന്ന് വ്യത്യസ്തമായി എന്റെ താടിയില്ലാത്ത ഫോട്ടോ കാണുമ്പോൾ അതിനു പിന്നിൽ ഏതെങ്കിലും കഥ കാണുമെന്നു എന്റെ സുഹൃത്തുക്കൾക്ക് തോന്നും. പക്ഷെ, ഇതിൽ വല്യ കഥയൊന്നുമില്ല. താടിയില്ലാത്ത എന്റെ മുഖം വർഷങ്ങൾക്കു ശേഷം കാണാനുള്ള എന്റെ ആഗ്രഹം മാത്രമാണ് ഇതിനു പിന്നിൽ... (നാർസിസ് അല്ല കേട്ടോ..)

താടി എന്റെ മുഖത്തു കേറിയത് കോളേജ് പഠനകാലയളവിലെ അവസാന വര്ഷത്തിലാണ്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായ എന്നോട് വിദ്യാർത്ഥി നേതാക്കൾക്ക് താടി, പോലീസികാരന്റെ കൈയ്യിൽ ലാത്തി എങ്ങനെയോ അങ്ങനെയാണ് എന്ന് പറഞ്ഞത് ഇന്ന് എം.എൽ.എയായിരിക്കുന്ന യുവനേതാവിനൊപ്പം വന്ന ഒരു സംസ്ഥാന കമ്മിറ്റിയംഗമാണ്. പക്ഷെ താടിയില്ലാതെ തന്നെ അന്നത്തെ വിദ്യാർത്ഥികൾ ഞങ്ങളെ തിരിച്ചറിഞ്ഞിരുന്നു. (read ജനസമ്മതി or ചീത്തപ്പേര്.)

പിന്നീട് പ്രോഗ്രാമർ ആയി കൊച്ചിയിൽ ജോലിക്കു കേറിയപ്പോൾ താടി മുഖത്ത് നിന്ന് അപ്രത്യക്ഷമായി. ഡ്രസ്സ് കോഡും, കമ്പനി പോളിസിയും മീശയോടൊപ്പം വളർന്നു വന്ന താടിയെ നിഷ്കരുണം കാലാപുരിക്കു അയച്ചു കൊണ്ടിരുന്നു. പിന്നീട് ഡൽഹിയിൽ ചെന്നപ്പോഴും ആ ക്രൂരകൃത്യം തുടർന്നു.

2010ൽ ഞാൻ പഞ്ചാബിൽ എത്തിയപ്പോൾ ആണ് താടി വീണ്ടും എന്നിൽ ലഹരിയായത്. താടിയും, മുടിയും നീട്ടിവളർത്തിയ സർദാറുമാരുടെ നാട് താടിക്ക് നല്ല വളക്കൂറുള്ള മണ്ണായിരുന്നു. അവിടുന്നിങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല. അവധിക്കു നാട്ടിൽ വരുമ്പോൾ "ചെറുക്കനെ പെണ്ണ് കെട്ടിക്കാറായല്ലോ" എന്ന് ബന്ധുക്കളെ കൊണ്ട് പറയിക്കുന്നതിനു ഈ താടി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ട്രെയിനിങ് പ്രോഗ്രാമിൽ ക്ലാസ് എടുക്കുമ്പോൾ കൊച്ചു പയ്യൻ ലുക്കിൽ നിന്നു പക്വതയുള്ള ചെറുപ്പക്കാരൻ എന്ന ലേബൽ ചാർത്തി തന്നതും ഈ താടിയാണ്. 25 വയസ്സിൽ താഴെയുള്ള അവിവാഹിതരായ ചെറുപ്പക്കാർക്ക് അപൂർവമായി ലഭിക്കുന്ന യു. എസ്. വിസ, അപ്പ്രൂവ് ചെയ്യുമ്പോളും ഇന്റർവ്യൂർ ആയ സായിപ്പിന്റെ കണ്ണ് ആ താടിയിലായിരുന്നു.

"മോനെ, നീ എന്തിനാടാ ഈ താടി വളർത്തുന്നത്?" ഈ ചോദ്യം ഞാൻ 2 ആഴ്ച മുൻപ് നേരിട്ടത് നാട്ടിലെ പ്രധാന ദിവ്യന്റെതാണ്. കഴിഞ്ഞ വര്ഷം ഞാൻ അവധിക്കു നാട്ടിൽ വന്നപ്പോഴും ഈ ചോദ്യം അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. പണ്ട് തൊട്ടേ നാട്ടിലെ എല്ലാ കാര്യങ്ങളിലും കേറി ചോദിക്കാതെ തലയിടുകയും, സൗജന്യമായി പ്രായഭേദമെന്യേ ഉപദേശം നൽകുകയും, ഏഷണി-അസൂയ-പാരവെയ്പ്പ്-കുശുമ്പ്-കുന്നായ്മ-പരദൂഷണം ഇത്യാദി പരമ്പരാഗത നാടൻ കലാരൂപങ്ങൾ അന്യം നിന്ന് പോകാതിരിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ടിയാന്, തന്റെ ലൈഫ് ടൈം അചീവമെന്റ് അവാർഡ് ആയി നാട്ടുകാർ പണ്ട് തന്നെ ഒരു ക്യാബിനറ്റ് പദവി കൽപ്പിച്ചു നല്കിയിയിട്ടുണ്ട്. (എല്ലാ നാട്ടിലും ഇങ്ങനെ ഒരു അവതാരപുരുഷൻ കാണുമെന്നാണ് എന്റെ അനുമാനം.)

"അത് പിന്നെ അച്ചായാ, ഞാൻ വളർത്തുന്നതല്ല.. അതിങ്ങു തന്നെ വളർന്നു  വരുന്നതല്ലേ..." ഇന്നത്തെ ഇര ഞാൻ ആകുമെന്ന് എനിക്ക് ബോധ്യമായി. "ഡാ താടി വയ്ക്കുന്നവർ മഹാ തെമ്മാടികളും, അനുസരണം കെട്ടവരും, കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവരുമാണ്, നിനക്കറിയാമോ?" യൂണിവേഴ്സൽ സ്റ്റേറ്റ്മെന്റ് ഉപയോഗത്തെ കുറിച്ച് ഗ്രാമർ പഠിച്ചിട്ടുള്ള നമ്മുടെ അടുത്താണ് ഡയലോഗ്.

"അതെന്നാ വർത്തമാനമാ അച്ചായാ.. ഈ പറഞ്ഞ ഗുണഗണങ്ങൾ ഒന്നുമില്ലാത്ത മഹാ ഡീസന്റ് ആയ ഞാൻ താടി വളർത്തുന്നില്ലേ? അപ്പോൾ അച്ചായൻ നേരത്തെ പറഞ്ഞ പ്രസ്താവന പിൻവലിക്കണം. കൂടാതെ യേശുക്രിസ്തു, കാൾ മാർക്സ്, ബർണാഡ് ഷാ, ഏബ്രഹാം ലിങ്കൺ, ഡാവിഞ്ചി, ഫ്രോയ്ഡ്, ഹെമിങ്‌വേ, ദോസ്റ്റോയോവ്സ്കി, ടാഗോർ, വാൻഗോഗ്... എത്രയെത്ര മഹാന്മാർക്കും, അറിയപ്പെടുന്നവർക്കും താടിയുണ്ടായിരുന്നു. കൂടാതെ നമ്മുടെ പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രി എല്ലാവരും താടിക്കാരല്ലേ? ഇവരൊക്കെ അച്ചായൻ പറഞ്ഞ പോലെ കുടുംബത്തു കേറ്റാൻ കൊള്ളാത്തവരും, അനുസരണം കെട്ടവരുമാണോ?" ഞാൻ ചോദിച്ചു.

"ഡാ നീ ഈ മഹാൻമ്മാരുടെ കാര്യം വിട്. എന്നെ നോക്കി പഠിക്ക്. എനിക്ക് ഇത്ര വയസ്സായി, ഞാൻ ഇത് വരെ മീശയോ താടിയോ വെച്ചിട്ടുണ്ടോ? " അപ്പോൾ അതാണ് കാര്യം. പുള്ളിയെ റോൾ മോഡൽ ആക്കിയിട്ടു വേണം എനിക്ക് ഉള്ള ചാനൽ കൂടി പോകാൻ. ഗ്രാമസഭയിൽ 'ഞങ്ങടെ വാർഡിൽ ഒരു പാലം വേണം' എന്ന് ബഹളം വെച്ച ഇദ്ദേഹത്തെ, 'അതിനു നമ്മുടെ വാർഡിൽ തോട് ഇല്ലല്ലോ അച്ചായാ' എന്ന് തിരുത്താൻ ചെന്ന വാർഡ് മെമ്പറിനോട് 'അത് വാർഡ് മെമ്പറിന്റെ അനാസ്ഥയാണ്. ഇത്ര കാലമായിട്ടും ഗവണ്മെന്റിൽ നിന്ന് ഒരു തോട് നമ്മുടെ വാർഡിന് അനുവദിപ്പിക്കാൻ കഴിയാത്ത മെമ്പർ രാജി വെക്കുക' എന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കിയ ടീം ആണ് ഇപ്പോൾ എന്റെ താടി വടിക്കാൻ വന്നിരിക്കുന്നത്.

ഞങ്ങൾ ഇങ്ങനെ മഹാന്മാരെ കുറിച്ച് ചര്ചിച്ചു കൊണ്ടിരിക്കുമ്പോളാണ് ഒരു FZ ഞങ്ങടെ അടുത്ത് വന്നു നിർത്തിയത്. അതിലിരുന്ന ഫ്രീക്കൻ പയ്യൻ ഈ അച്ചയാനോട്  "ഹി ഡ്യൂഡ്, ഇങ്ങനെ വായിനോക്കി നടന്നാൽ മതിയോ, മൂക്കിൽ പഞ്ഞി ഒക്കെ വെച്ച് പള്ളിലൊട്ടു ജോളിയായി ഒരു ട്രിപ്പ് ഒക്കെ വേണ്ടേ?" എന്നൊരു ചോദ്യം. നാട്ടുകാർക്ക് പുള്ളിയോടുള്ള സ്പെഷ്യൽ സ്നേഹം അറിയാവുന്ന ഞാൻ മൗനം പാലിച്ചു. സ്പൈക്ക് ചെയ്ത മുടിയും, ചുണ്ടിന് താഴെ ആട് നക്കിയ മോഡലിൽ ഉള്ള ഫ്രീക്കൻ താടിയും, കീറിയ ടീ ഷർട്ടും, ലോ വൈസ്റ്റ് ജീൻസും, ചെവിയിൽ ഹെഡ്ഫോണും. അച്ചായൻ നിന്ന നിൽപ്പിൽ ഒറ്റ ആട്ടായിരുന്നു - " ഫാ, നിന്റെ അപ്പനോട് പോയി പറയെടാ കുരുത്തംകെട്ട @#$&% "

ഫ്രീക്കൻ പുഞ്ചിരിയോടെ ബൈക്ക് എടുത്തു കൊണ്ട് പോയി. "കണ്ടില്ലേ, ഇതാ ഞാൻ പറഞ്ഞെ താടി വെച്ചവർ എല്ലാം തെമ്മാടികൾ ആണെന്ന്." പുള്ളി പറഞ്ഞു. "അങ്ങനെ അടച്ചു പറയരുത് അച്ചായാ.. ഈ ഫ്രീക്കനെ ഒക്കെ ഞങ്ങടെ കൂടെ പെടുത്തരുത്. ഇതൊക്കെ വളർത്തു ദോഷം. അല്ലാതെന്താ... അല്ല, ഏതാ ആ ചെറുക്കൻ?"

"ഓ, അവനോ.. അതെന്റെ മോനാ.."

പത്തു വാഴ വെക്കുന്ന അത്ര കഷ്ടപ്പാടില്ലലോ ഒരു താടി വെക്കാൻ..!!!

June 22, 2016

ആൽക്കെമിസ്റ്റ് വരുത്തി വെച്ച വിന - പൗലോ കൊയ്‌ലോക്ക് അറിയാത്ത കഥനാലഞ്ചു വര്ഷങ്ങൾക്ക് മുൻപാണ് ഞാൻ ഈ പുസ്തകത്തെ കുറിച്ച് കേൾക്കുന്നതും, വായിക്കാൻ ആഗ്രഹിച്ചതും. അങ്ങനെ ഒരു ഓൺലൈൻ പോർട്ടലിൽ മലയാളം പരിഭാഷ വാങ്ങാൻ ശ്രമിച്ചപ്പോൾ "ഔട്ട് ഓഫ് സ്റ്റോക്ക്" എന്ന് കണ്ടു ശ്രമം ഉപേക്ഷിച്ചു, അടുത്ത തവണ നാട്ടിൽ പോകുമ്പോൾ വാങ്ങാം എന്ന് കരുതി. അങ്ങനിരിക്കെ 2012 നവംബര് 12ന് ഞാൻ ഡൽഹിയിൽ നിന്ന് ലുധിയാനക്കു മടങ്ങി വരാനായി കാശ്മീരി ഗേറ്റ് ഐ.എസ്.ബി.ടിയിൽ നിന്നു 3:45ന്റെ പൻബസിൽ കേറി ഇരിക്കുമ്പോളാണ് ഒരു പുസ്തകവില്പനക്കാരൻ വന്നത്. വന്ന പാടെ അയാൾ എല്ലാ സീറ്റിലുമായി ബുക്കുകൾ വാരി വിതറി നടക്കുന്നിടെ എന്റെ അരികിൽ വന്നു ഒരു ബുക്ക് മടിയിൽ ഇട്ടു തന്നിട്ട് പറഞ്ഞു - "സാർ, ഇതാ നിങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്ന ബുക്ക്. 40% ഡിസ്‌കൗണ്ട്!!!"
ഇതാണ് ആൽക്കെമിസ്റ്റ് എന്നെ തേടി വന്ന കഥ. (Link to Facebook post - 2012 November 12 - https://m.facebook.com/photo.php?fbid=4992478729947&id=1239009832&set=a.1226000730351.2035537.1239009832)

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലൂടെ നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോ എന്ന ഇടയബാലകന്റെ കൂടെയുള്ള യാത്ര എന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിച്ചു.

ഇനി ആൽക്കെമിസ്റ്റ് എനിക്ക് പണി കഥ. സാധാരണയായി ഞാൻ എന്റെ പുസ്തകങ്ങൾ ആർക്കും കൊടുക്കാറില്ല. കാരണം പലപ്പോഴായി വായിക്കാൻ എന്ന് പറഞ്ഞു എന്റെ സുഹൃത്തുക്കൾ വാങ്ങി കൊണ്ട് പോയ പല പുസ്തകങ്ങളും മടങ്ങി എത്താതിരുന്നത് കൊണ്ടാണത്.

പക്ഷെ പതിവിൽ നിന്ന് വിപരീതമായി ഞാൻ ഒരു സുഹൃത്തിനു ഒരു പുസ്തകം കൊടുക്കാൻ തീരുമാനിച്ചു. തലേ മാസത്തെ എന്റെ യാത്രകളിൽ പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ബന്ധുവിനെ മാർച്ച് ആദ്യവാരം കണ്ടു മുട്ടിയപ്പോളാണ് സുഹൃത്തിനു ഒരു പുസ്തകം സമ്മാനമായി കൊടുത്തു വിടാമെന്നു എനിക്ക് ഒരു ചിന്ത ഉണ്ടായത്. അത് പലർക്കും പ്രചോദനം നൽകിയ ആൽക്കെമിസ്റ്റ് തന്നെയാകുന്നത് ഏറെ ഉചിതമെന്നു കരുതിയ ഞാൻ എന്റെ കൈയ്യിലിരുന്ന ആ അപൂർവ കോപ്പി കൊടുത്തു വിട്ടു.

'Chase your dreams' എന്ന് ആദ്യ പേജിൽ ഓട്ടോഗ്രാഫ് ആയി എഴുതി, ശാലേം രാജാവായ മൽക്കിസാദെക്കും, ആൽക്കെമിസ്റ്റും സാന്റിയാഗോക്ക് നൽകിയ ഉപദേശം ഹൈലൈറ്റ് ചെയ്താണ് ഞാൻ ആ പുസ്തകം സമ്മാനിച്ചത്.
"കുട്ടിക്കാലത്ത് നാം ഉള്ളിന്റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം. എന്തെങ്കിലുമൊന്നു തീവ്രമായി മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍ അത് നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്റെ വിത്തുകള്‍ പാകുന്നത്. പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി നിങ്ങളുടെ സഹായത്തിനെത്തും. നമ്മുടെ സ്വപ്ന സാക്ഷാത്‌കാരത്തിന് തടസ്സം നിൽക്കുന്നതു യഥാർത്ഥ സ്നേഹമല്ല." പക്ഷെ ഈ ഉപദേശം നാളെ എന്തായി തീരും എന്ന് ഞാൻ അപ്പോൾ ചിന്തിച്ചിരുന്നില്ല.

ഒരു മാസം പ്രായമുള്ള ആ സൗഹൃദം മൂന്നു ദിവസത്തിനുള്ളിൽ അവസാനിച്ചു. അവസാനമായി എന്നെ പ്രകീർത്തിച്ചു ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതി എന്ന് കേട്ടു. അതിൽ പിന്നെ ആ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടിട്ടില്ല. ഇപ്പോൾ ഈ കഥയുടെ പ്രസക്തി എന്തെന്ന് വെച്ചാൽ ഇന്ന് ജൂൺ 23,  ഒരിക്കൽ മാത്രം തമ്മിൽ കണ്ട ആ സുഹൃത്തിന്റെ വിവാഹ ദിവസം 'ആയിരുന്നു'. ജൂണിൽ അവധിക്കു നാട്ടിൽ വരുന്ന ഞാൻ, ആ ചടങ്ങിൽ പങ്കെടുക്കാം എന്ന് ഉറപ്പു കൊടുത്തിരുന്നു. 'ആയിരുന്നു' എന്ന് ഞാൻ പറഞ്ഞപ്പോൾ തന്നെ നിങ്ങള്ക്ക് മനസ്സിലായി കാണും, ആ വിവാഹം നടന്നില്ല. ആൽക്കെമിസ്റ്റിന്റെ ഉപദേശവും, എന്റെ ഓട്ടോഗ്രാഫും ഇത്ര വലിയ പൊല്ലാപ്പ് സൃഷ്ടിക്കുമെന്നു ഞാൻ കരുതിയില്ല.

കോട്ടയത്ത് പുതുതായി തുടങ്ങിയ ഡി.സി. ബുക്സ് ക്രോസ്സ് വേർഡ് ഷോറൂമിൽ പുസ്തകങ്ങൾ നോക്കി കൊണ്ടിരിക്കുന്നപ്പോൾ കൈയ്യിൽ വീണ്ടും ആൽക്കെമിസ്റ്റ് തടഞ്ഞു. കൂടെയുണ്ടായിരുന്ന അനിയന്റെ ചോദ്യം - "എന്താ ഇനി ആർക്കെങ്കിലും അത് പോലെ സമ്മാനം കൊടുക്കാൻ ആണോ?" അയ്യോ, ഇല്ല.. ഒരു അനുഭവം കൊണ്ട് നമ്മൾ ഒരു പാഠം പേടിച്ചു. എന്തായാലും ഈ അനുഭവത്തോടെ ഞാൻ ഇങ്ങനെയുള്ള പുസ്തകങ്ങൾ സമ്മാനമായി നൽകുന്നത് നിർത്തിയിരിക്കുകയാണ്. അതല്ല, ഇത് വായിച്ചു നന്നായേ അടങ്ങൂ എന്ന് വാശി ഉള്ളവർ തന്നെത്താൻ വാങ്ങി വായിക്കുക, നിങ്ങളുടെ സ്വപ്നസാക്ഷാത്‌കാരത്തിനായി പ്രയത്നിക്കുക...

അപ്പൊ ഈ കൈയ്യിലിരുന്ന ബുക്കോ, അതെന്തിനാ എന്ന് നിങ്ങൾ ചോദിച്ചാ... അതിപ്പോ ഒരു കഥ പറയുമ്പോ കൂടെ ഒരു ഫോട്ടോ ഉണ്ടെങ്കി അതിച്ചിരി കളർ ആകുമല്ലോ എന്ന് കരുതി എടുത്തതാ... 2 കൊല്ലം മുൻപ് ഫ്ലിപ്പ്കാർട്ടിൽ നിന്നു വാങ്ങിച്ച മലയാളം ആൽക്കെമിസ്റ്റ് വീട്ടിൽ കിടപ്പുണ്ട് കേട്ടോ... (ചോദിക്കേണ്ട, തരില്ല...!!!)

June 14, 2016

മാളയ്ക്കുള്ള വഴി, മാളുവിനെ കാണാനുള്ള യാത്ര, പിന്നെ മോഡിജിയും എന്റെ 660 രൂപയും...

നാളുകൾക്കു ശേഷം കോട്ടയത്തുള്ള അക്കൗണ്ടിൽ നിന്ന് കാശ് എടുക്കാൻ ബാങ്കിൽ ചെന്നപ്പോൾ ആണ് അറിഞ്ഞത് അത് "പ്രധാൻ മന്ത്രി അപകടവികസന യോജനയിൽ" ഞാൻ അറിയാതെ എന്നെ ചേർത്തെന്നും, രണ്ടു വർഷത്തെ പ്രീമിയമായി അക്കൗണ്ടിൽ കിടന്നത്തിൽ നിന്നും 660 രൂപ  അടച്ചെന്നും. അതെ കുറിച്ച് ചോദിച്ചപ്പോൾ ഫ്രണ്ട് ഡിസ്‌കിൽ ഇരുന്ന പെൺകൊച്ചു പറയുവാ "പരാതി ഉണ്ടെങ്കിൽ പോയി പ്രധാനമന്ത്രിയോട് പറയാൻ..." ബെസ്റ്റ്, പുള്ളിക്കാരൻ വല്ലപ്പോഴും ഇന്ത്യയിൽ ലാൻഡ് ചെയ്യുന്ന ടൈമിനു പെട്രോൾ വില കൂട്ടാൻ നോക്കുന്നോ, അതോ എന്റെ പരാതി കേൾക്കാൻ ഇരിക്കുന്നോ?

അവിടുന്ന് ഇറങ്ങി അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയായി. കോട്ടയം പ്രസ്സ് ക്ലബിന് സമീപം റോഡ് സൈഡിൽ ഉള്ള കടയിൽ നിന്ന് സോഡാ നാരങ്ങാ വെള്ളം കുടിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ഒരു വാഗൺ ആർ അടുത്ത് വന്നു നിർത്തിയത്.

"ചേട്ടാ, ഈ മാളയ്ക്കുള്ള വഴിയേതാ?" ഡ്രൈവർ സീറ്റിൽ ഇരുന്ന ചേട്ടന്റെ ചോദ്യം. വഴി പറഞ്ഞു കൊടുക്കാൻ എനിക്ക് പണ്ടേ ഭയങ്കര ഇന്റെരെസ്റ്റ് ആണ്. "ചേട്ടാ, ഇവിടുന്നു നേരെ പോയി ബേക്കർ ജംഗ്ഷനിൽ നിന്ന് വലത്തോട്ട്. എം. സി റോഡ് നേരെ പിടിക്കുക.. ഏറ്റുമാനൂർ, മൂവാറ്റുപുഴ, അങ്കമാലി.. ചാലക്കുടി അടുക്കുമ്പോൾ ആരോടെങ്കിലും ചോദിച്ചാൽ മതി അവർ മാളയ്ക്കുള്ള കറക്റ്റ് റൂട്ട് പറഞ്ഞു തരും കേട്ടോ..."

എന്റെ ഈ ഡയലോഗ് കേട്ട പിൻ സീറ്റിൽ ഇരുന്ന അപ്പച്ചൻ : "അതല്ല മോനെ, നമ്മുടെ ജോയ് ആലുക്കാസ് കഴിഞ്ഞാഴ്ച തുടങ്ങിയില്ലേ - 'മോളി ജോയി' - അവിടെ പോകാനാ..." അതാണ് കാര്യം. മാൾ ഓഫ് ജോയി ആണ് മാളയായും, മോളിയായും എന്റെ മുന്നിൽ വന്നത്.

"ഓ, അതാണോ.. സ്‌ട്രൈറ്റ് പോവാ.. ദാ കാണുന്ന റൗണ്ടാന കഴിഞ്ഞു ഇടത്തു വശത്താണ് മാൾ. ട്രാഫിക്ക് ജാം ആയതു കൊണ്ട് പെട്ടന്ന് കണ്ണിൽ പെടും. ഓക്കേ." നന്ദി പറഞ്ഞു അവർ യാത്രയായി.

"നഗരങ്ങൾ പുറത്തേക്കു വികസിക്കുന്ന ഈ കാലഘട്ടത്തിൽ, നഗരമധ്യത്തിലെ മാൾ പുരോഗതിയേക്കാൾ ഗതാഗത കുരുക്ക് ഉണ്ടാക്കാനേ ഉപകരിക്കൂ.." കടയിലെ ചേട്ടന്റെ കമന്റ്. അതും ശെരിയാണ്. "കമ്പോളവൽക്കരണത്തിന്റെ പരിണിതഫലമായി വിലക്കയറ്റവും, അഴിമതിയും.. പാവപ്പെട്ടവർ പാർശ്വവൽക്കരിക്കപ്പെടുകയാണ്. പണക്കാരനെ കൂടുതൽ പണക്കാരനും, പാവപ്പെട്ടവനെ കൂടുതൽ പാവപ്പെട്ടവനുമാക്കുന്ന നയങ്ങൾ സർക്കാരുകൾ ഉപേക്ഷിക്കണം." ഓർമ്മകളിൽ ഒരു ചെറുപ്പക്കാരൻ നിന്ന് പ്രസംഗിക്കുന്നു.

"മോനെ, മാളൂനെ കാണാൻ പോയിരുന്നോ?" രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വഴിയിൽ കണ്ട ഒരു അമ്മച്ചിയുടെ ചോദ്യം. ഏത് മാളു? ദൈവമേ, ഒരു അവിവാഹിതനായ ചെറുപ്പക്കാരനോട് ഇങ്ങനെയൊക്കെ ചോദിക്കാമോ? "ഞങ്ങൾ ഇപ്പൊ കണ്ടിട്ട് വഴികയാണ്. 5 നിലയുണ്ട്, പിന്നെ മേലോട്ട് കറങ്ങുന്ന സ്റ്റെപ്പും. മൊത്തം കോളേജ് പിള്ളേരാ..."

അപ്പൊ, ദതാണ് കാര്യം. എന്തൊക്കെ പറഞ്ഞാലും നമ്മുടെ 'കോട്ടയത്തിനൊരു മോൾ' ആയി. മോൾ ആയാലും മോൻ ആയാലും, മാൾ ഓഫ് ജോയ് ഒരു മേള ആണല്ലോ...

ശെരി, എന്നാ പിന്നെ ഞാനും പോയി ഒന്ന് കണ്ടേച്ചു വരാം...

June 13, 2016

പറയാന്‍ മറന്നതെന്തെല്ലാമോ ബാക്കിയാകുന്നു....

ഈ ഇടനാഴികള്‍ക്ക് പറയുവാന്‍ ഏറെ കഥകളുണ്ട്... ഒരായിരം സൌഹൃദങ്ങള്‍ പൂത്തുലഞ്ഞ നിമിഷങ്ങളെ കുറിച്ച്, മിഴികള്‍ കൊണ്ട് ഹൃദയം കൈമാറിയവരെക്കുറിച്ച്, പറയാന്‍ മറന്ന പ്രണയങ്ങളെക്കുറിച്ച്...

കണ്ണീരും, പുഞ്ചിരിയും, പ്രണയവും, പരിഭ്രമവും, കനവുകളും, നിനവുകളും, വേദനകളും, സ്വാന്തനങ്ങളും, സൌഹൃദങ്ങളും, പൂത്തുലഞ്ഞ നിമിഷങ്ങളെക്കുറിച്ച്...
കുറച്ചു തലമുറകള്‍ ഇവിടം സ്വന്തമാക്കിയിരിക്കുന്നു.. ഇനിയും എത്രയോ തലമുറകള്‍ ഇവിടം സ്വന്തമാക്കാനിരിക്കുന്നു!
ഋതുക്കളെത്ര മാറി വന്നാലും, കാലമെത്ര കടന്നാലും, ഇവിടെ നാം തീര്‍ത്ത നിമിഷങ്ങള്‍ നമുക്ക് സ്വന്തമായിരിക്കും.
പക്ഷെ നാളെ ഈ ഇടനാഴിയില്‍ ഞാന്‍ എന്‍റെ അപരിചിതത്വം തിരിച്ചറിയുമ്പോഴോ? അതോ ഇന്നെന്നിക്ക് ചിരപരിചിതമായ വഴിത്താരയില്‍ നാളെ ഞാനൊരു അന്യനാണ് എന്ന് തിരിച്ചറിയുമ്പോഴോ?
പറയാന്‍ മറന്നതെന്തെല്ലാമോ ബാക്കിയാകുന്നു....
നീയും, ഞാനും ചരിത്രമാകുന്നു...
തലമുറകള്‍ ഈ കലാലയ ഭൂമിക്ക് സ്വന്തമാവുകയും, നഷ്ടമാവുകയും ചെയ്യുന്നു....

8 വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളേജ് മാഗസിന്‍റെ അവസാന പേജില്‍ ഞാന്‍ കുറിച്ച ഈ വരികള്‍ ഇന്നലെയാണ് സത്യമായി തീര്‍ന്നത്. അതെ, ഇന്ന് ഈ കലാലയത്തില്‍ ഞാന്‍ ഒരു അന്യന്‍ ആണ്... കാലത്തിനു മായ്ക്കാന്‍ ആവാത്ത നിറം മങ്ങാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ ഇവിടെ മിച്ചം വെച്ച് പോയത് കൊണ്ടാണല്ലോ, തുടര്‍ച്ചയായ 7ആം വര്‍ഷവും ഞങ്ങള്‍ രണ്ടു പേര്‍ ഒരു തീര്‍ഥാടനം പോലെ ഇവിടെ വന്നു പോകുന്നത്. അതും വല്യ ഡിഗ്രികള്‍ പേരിനൊപ്പം വന്നു ചേര്‍ന്ന് കഴിയുമ്പോള്‍, സൗകര്യപൂര്‍വ്വം ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ എജുക്കേഷന്‍ കോളത്തില്‍ നിന്ന് പലരും എടുത്തു മാറ്റാറുള്ള ഈ കലാലയത്തിലേക്ക്...
പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ, പറയാതെ പോയ അനുരാഗങ്ങള്‍ക്ക്, കാണാതെ പോയ സ്വപ്നങ്ങള്‍ക്ക്, അറിയാതെ പറഞ്ഞു പോയ പരിഭവങ്ങള്‍ക്ക്, സ്നേഹത്തോടെ വിട.....

പറയാന്‍ മറന്നതെന്തെല്ലാമോ ബാക്കിയാകുന്നു....