February 4, 2016

Wish you a happy married life അഥവാ വിളിക്കാതെ പോയ കല്യാണം...!!

2016 ഫെബ്രുവരി 4. 

ഈ ദിവസം ഞാന്‍ അടുത്ത കാലത്തൊന്നും തന്നെ മറക്കില്ല. കാരണം ഇതിനു തലേ രാത്രി 8 മണിക്ക് ബാംഗ്ലൂര്‍ കെമ്പഗൌഡ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍, നീണ്ട 7 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ഞാന്‍ കന്നഡ മണ്ണില്‍ വീണ്ടും കാലു കുത്തുന്നത്. ജീവിതത്തില്‍ സുപ്രദാനമാകുമെന്നു കരുതിയ മറ്റൊരു തീരുമാനം ഞാന്‍ എടുത്തതും ആ രാത്രിയാണ്.
(ആ കഥ പിന്നീടൊരിക്കല്‍ പറയാം.)


ആദ്യ ദിനം ട്രെയിനിംഗ് ഭംഗിയായി കഴിഞ്ഞു. ഡിന്നര്‍ കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ആണ് ആ ക്യാമ്പസ്സില്‍ ഒരു കല്യാണം നടക്കുന്നത് കണ്ടത്. "நாம் ஒரு பெரிய தவறு செய்தேன். நாங்கள் இரவு." (നമ്മള്‍ ഡിന്നര്‍ കഴിച്ചല്ലോ, അത് വല്യ കഷ്ടമായി പോയി..) ആന്റണിയാണ്.

അങ്ങനെ വിവാഹ സല്‍ക്കാരങ്ങള്‍ കണ്ടു നില്‍ക്കുമ്പോള്‍ ആണ് കൂട്ടത്തില്‍ ഉള്ള രണ്ടു അവിവാഹിതര്‍ ആയ എനിക്കും റിജോയ്ക്കും ഒരു ആഗ്രഹം തോന്നിയത്. "ഭായ് കന്നഡ കല്യാണം കണ്ടിട്ടുണ്ടോ? നമുക്ക് പോയാലോ?" റിജോ. "വിളിക്കാത്ത കല്യാണത്തിന് പോകുന്നത് മോശമല്ലേ?" എനിക്ക് സംശയം. "നമ്മള്‍ കഴിക്കാന്‍ പോകുവല്ലല്ലോ, ജസ്റ്റ്‌ കാണുന്നതല്ലേ ഉള്ളൂ.." റിജോ. "എന്നാല്‍ ശെരി, വാ പോയേക്കാം.. നമ്മുക്ക് ചെന്ന് കണ്ടു അവര്‍ക്ക് ഒരു വിഷ് പറഞ്ഞിട്ട് പോരാം.." ഞാന്‍ പറഞ്ഞു. റിജോ റെഡി. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ആ റിസ്ക്‌ എടുക്കാന്‍ തയ്യാറായി - ജീവിതത്തില്‍ ആദ്യമായി ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത് വിളിക്കാത്ത കല്യാണത്തിന് പോവുക.

"ഭായ്, എന്തെങ്കിലും വിഷയം ഉണ്ടായാല്‍ എന്നെ നോക്കണ്ട, ഞാന്‍ ഓടും." പോകുന്ന വഴിക്ക് റിജോ പറഞ്ഞു. "മോനെ റിജോ, ഒന്നാമതെ ഏതു വഴി ഓടണം എന്ന് നമുക്ക് അറിയില്ല, പിന്നെ ഓടിയാലും കന്നടക്കാര്‍ എറിഞ്ഞു വീഴ്ത്തും.. വരുന്നിടത്ത് വെച്ച് കാണാം." എനിക്ക് ധൈര്യം പകര്‍ന്നത് വാട്സ്ആപ്പില്‍ വന്ന ഒരു മെസ്സേജ് ആയിരുന്നു.

അങ്ങനെ ഞങ്ങള്‍ നടന്നു ഹോളില്‍ എത്തിയപ്പോളാണറിഞ്ഞത് കല്യാണം കഴിഞ്ഞു, റിസപ്ഷന്‍ ആണ് നടക്കുന്നത് എന്ന്. എന്തായാലും വന്നതല്ലേ, ചെറുക്കനേയും പെണ്ണിനേയും വിഷ് ചെയ്തിട്ട് പോകാം എന്ന് കരുതി ഞങ്ങള്‍ ക്യൂവില്‍ നിന്നു. അങ്ങനെ 15-20 മിനിറ്റ് നിന്ന ശേഷം മുന്നില്‍ എത്തിയപ്പോള്‍ ആണ് പണി പാളിയത്. സ്റ്റേജിലേക്ക് ആളുകളെ കയറ്റി വിടാന്‍ ആയി നില്‍ക്കുന്നത് ചെറുക്കന്റെ ചേട്ടന്‍. ആളുകളെ കുടുംബം കുടുംബമായി സ്റ്റേജില്‍ കയറ്റി നിര്‍ത്തി ഫോട്ടോ എടുപ്പിക്കുന്നു.

"നമ്മള്‍ ആരെന്നു ചോദിച്ചാല്‍ എന്ത് പറയും?" റിജോ. "എന്ത് പറയാന്‍? 'അണ്ണാ മന്നിച്ചിദുന്ഗോ' എന്ന് പറഞ്ഞിട്ടു ഓടുക. അല്ലാതെന്തു?"

ഭാഗ്യം, ഞങ്ങള്‍ മുന്നില്‍ എത്തിയപ്പോള്‍ പുള്ളി ചിരിച്ചു കൊണ്ട് - "കാര്‍ത്തിയുടെ ഫ്രണ്ട്സ് താനേ, വാങ്കോ വാങ്കോ.." എന്ന് പറഞ്ഞു ഞങ്ങളെ സ്റ്റേജിലേക്ക് തള്ളി വിട്ടു. ചിരിക്കണോ, കരയണോ എന്ന് ഉറപ്പില്ലാത്ത നിമിഷം.

സ്റ്റേജില്‍ എത്തി. പക്ഷെ ഞങ്ങളുടെ ഫോട്ടോ ആരെടുക്കും? അടുത്ത് നിന്ന പയ്യനോട് അറിയാവുന്ന മുറി തമിഴില്‍ ചോദിച്ചു. അവന്‍ പേടിച്ചു അടുത്ത് നിന്ന സിസ്റ്ററിനോട് പറഞ്ഞു - "These people are asking something in Tamil. I can't understand them. Sister aunty please talk with them." വെറുതെ കുറെ തമിഴ് വേസ്റ്റ് ആക്കി!

സിസ്റ്റര്‍ അപ്പുറത്ത് നിന്ന മറ്റൊരു പയ്യനെ വിളിച്ചു - "Anbe, these are Karthy's friends. You take some photos in their mobile." അങ്ങനെ ആ നിമിഷം മുതല്‍ ഞങ്ങള്‍ കാര്‍ത്തിയുടെ സുഹൃത്തുക്കള്‍ ആയി മാറുകയായിരുന്നു. ആദ്യം ചെന്ന റിജോ കന്ഗ്രാട്സ് പറഞ്ഞു പോന്നു. പിന്നാലെ ഞാന്‍ ചെന്നു - "Karthy, wish you a happy married life. God bless your future life." കാര്ത്തി പുഞ്ചിരിച്ചു. ടെന്‍ഷന്‍ കൊണ്ട് വിളറി വെളുത്തു നിന്ന നവവധുവും പുഞ്ചിരിച്ചു. അന്ബ് ആ നിമിഷങ്ങള്‍ ഞങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്തു.

ഞങ്ങള്‍ കാര്‍ത്തിയുടെ സുഹൃത്തുകള്‍ ആണ് എന്ന രഹസ്യം കാര്‍ത്തിയെ അറിയിക്കണോ എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. വേണ്ട, ആ രഹസ്യം രഹസ്യം ആയി തന്നെ ഇരിക്കട്ടെ. ഞങ്ങള്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ ഭാവിച്ചതും കാര്‍ത്തിയുടെ അച്ഛന്‍ പറഞ്ഞു - "ഒരു നിമിഷം, ഒരു ഫോട്ടോ..." അങ്ങനെ കല്യാണ ഫോട്ടോഗ്രാഫര്‍ ഞങ്ങളുടെ ആ ചിത്രം ഒന്ന് കൂടി പകര്‍ത്തി.ഇറങ്ങാന്‍ നേരം കാര്‍ത്തി, പിന്നില്‍ തട്ടി പറഞ്ഞു - "I was not sure whether you will come for my wedding. I am so glad that you came and blessed us." പുഞ്ചിരിച്ചുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു - "Thanks Karthy, you people made my day!" ഇങ്ങനെ ഒക്കെ അല്ലെ നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റൂ...

തിരിച്ചു റൂമില്‍ എത്തിയപ്പോള്‍ റിജോ ചോദിച്ചു - "ഭായ്, ഹൌ വാസ് ഇറ്റ്‌?" അപ്പോളും അവന്റെ ചിരി അടങ്ങിയിരുന്നില്ല. "ഇതൊന്നും ഒന്നുമല്ല റിജോ. യഥാര്‍ത്ഥ കോമഡി കല്യാണം കഴിഞ്ഞു കല്യാണ ആല്‍ബം ഇവരുടെ കൈയ്യില്‍ എത്തുമ്പോള്‍ ആണ്. അവര്‍ ഒന്നിച്ചിരുന്നു ആല്‍ബം കണ്ടു ആ മനോഹര ദിവസം അയവിറക്കുമ്പോള്‍, നമ്മുടെ ഫോട്ടോ ഉള്ള ഈ പേജ് വരും. അപ്പോള്‍ ആ പെണ്‍കുട്ടി പറയും - 'കാര്ത്തി ഉങ്ങ ഫ്രണ്ട്സ്.' കാര്ത്തി പറയും - "ഹേയ്, ഇവര്‍ എങ്ങ ഫ്രണ്ട്സ് അല്ലെ, ഇവ ഉങ്ങ റിലെറ്റീവ്സ് താന്‍.' അങ്ങനെ നമ്മള്‍ ആരെന്നു ആലോചിച്ചു അവര്‍ കുറെ തല പുകയ്ക്കും. പിന്നെ ഓര്‍ത്തോര്‍ത്തു ഇരുന്നു ചിരിക്കും... വിവാഹത്തിന് ക്ഷണിക്കാതെ എത്തി ആശംസ അറിയിച്ചു പോയ ആ രണ്ടു അജ്ഞാത സുഹൃത്തുക്കളെ ഓര്‍ത്തു.. ആ ഒരു പുഞ്ചിരിക്കു വേണ്ടി അല്ലെ ശരിക്കും പറഞ്ഞാല്‍ നമ്മള്‍ ഈ റിസ്ക്‌ ഒക്കെ എടുത്തത്?" ആയിരിക്കാം...

തുടര്‍ന്നും ഞാന്‍ താമസിച്ച രണ്ടു ദിവസങ്ങളിലും ആ കാമ്പസില്‍ വേറെ രണ്ടു കല്യാണങ്ങള്‍ കൂടി നടന്നു. പക്ഷെ ആദ്യ ദിവസത്തെ പോലെ അവര്‍ക്ക് ഞങ്ങളുടെ ആശംസ ലഭിക്കുവാനുള്ള ഭാഗ്യം ഉണ്ടായില്ല... ഒരു പക്ഷെ റിജോയ്ക്കോ അല്ലെങ്കില്‍ എനിക്കോ ആയിരിക്കും ഇനി അങ്ങനെ ഒരു ഭാഗ്യം സിദ്ധിക്കുന്നത്... !!! കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണല്ലോ...!!!

 

(വാല്‍കഷ്ണം : ഈ കല്യാണ ഫോട്ടോ ഞങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത  കണ്ടിട്ട് റിജോയുടെ സഹപ്രവര്‍ത്തകന്‍ ആയ വിപിന്‍ ഫോണ്‍ ചെയ്തു - "ഡേയ് നിങ്ങള്‍ ബാംഗ്ലൂര്‍ ട്രെയിനിംഗ് പോയി എന്ന് പറഞ്ഞിട്ട് അവിടെ കല്യാണം കൂടി കറങ്ങി നടക്കുവാണോ?"

"എന്ത് പറയാനാ വിപിനെ, അവിടെ ചെന്നപ്പോളാനറിഞ്ഞത് റിജോയുടെ കാമുകിയുടെ കല്യാണം അന്നാണെന്ന്. അത് കേട്ടപ്പോള്‍ അവനു ഏതെങ്കിലും കല്യാണം കൂടണം എന്ന് പറഞ്ഞു ഒറ്റ കരച്ചില്‍. പിന്നെ അവിടെ അടുത്ത് കണ്ട ഒരു കല്യാണത്തിന് കൊണ്ട് പോയതാ..." പാവം വിപിന്‍, ഇത് വിശ്വസിച്ചിരിക്കുവാണ്.)