November 16, 2014

ഹൌ മെനി കിലോമീറ്റര്‍സ് ഫ്രം വാഷിംഗ്ടണ്‍ ഡി.സി ടൂ മയാമി ബീച്ച്?




പതിറ്റാണ്ടുകളായി ലോക മലയാളികള്‍ക്ക് ഉത്തരം കിട്ടാതിരുന്ന ഈ ചോദ്യം എന്റെ മനസ്സില്‍ ഉയര്‍ന്നു വന്നത് ഇന്നലെ അറ്റ്‌ലാന്‍റ്റയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡി.സിയിലേക്കുള്ള ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ എന്റെ സഹയാത്രിക മയാമി സ്വദേശിനി ആണെന്നറിഞ്ഞപ്പോള്‍ ആയിരുന്നു. അപ്പോള്‍ തന്നെ സംശയ നിവൃത്തി നടത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

How many kilometers from Washington DC to Miami beach?

(ഹൌ മെനി കിലോമീറ്റര്‍സ് ഫ്രം വാഷിംഗ്ടണ്‍ ഡി.സി ടൂ മയാമി ബീച്ച്?)

എന്റെ ചോദ്യം കേട്ട അവര്‍ ആദ്യം ഒന്ന് അമ്പരന്നു. എന്നിട്ട് കൈയിലുരുന്ന ഐപാഡില്‍ മാപ്പ്സ് എടുത്തു സെര്ച്ച് ‌ ചെയ്തിട്ട് പറഞ്ഞു. 1055 miles. (1700 കിലോമീറ്റര്‍).

“I am the answer! Kilometres and kilometres! In these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!!!”

ശരിയുത്തരവും, അതിനു പിന്നിലെ കഥയും കേട്ട അവര്‍ക്ക് ബോധക്കേട്‌ ഉണ്ടാകാഞ്ഞത് ഭാഗ്യം!

(ചിത്രം : വാഷിംഗ്ടണ്‍ ഡിസിയിലെ പ്രസിദ്ധമായ പോട്ടോമാക് നദി, ഒരു ആകാശ കാഴ്ച.)

November 7, 2014

ഞാന്‍ നിന്നെ സ്നേഹിക്കുന്നു : നീ പോടാ പട്ടി (മലയാളി എവിടെയും മലയാളി തന്നെ!)



ഡൽഹിയിൽ നിന്നു ആംസ്റ്റർഡാമിലേയ്ക്കുള്ള വിമാനത്തിനായി കാത്തിരിക്കുമ്പോൾ തന്നെ ഞാൻ അവനെ സ്കെച്ചിട്ടിരുന്നു. കാഴ്ചയിൽ മലയാളിയെ പോലെ തോന്നിച്ചിരുന്ന അവൻ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചിരിക്കുകയും, ഓരോ തമാശയ്ക്കും പുഞ്ചിരിച്ചും കൊണ്ടിരുന്നു. 

ഒടുവില്‍ ആംസ്റ്റർഡാമില്‍ ഇറങ്ങാന്‍ നേരം സംശയനിവൃത്തി വരുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. “ആപ്പ്‌ കേരളാ സെ ഹേ?” ഞാന്‍ ചോദിച്ചു. “നഹി ഭായി, ബഹുത് ലോഗ് മുജ്ഹെ മലയാളി സമജ്കര്‍ യേ സവാല്‍ പൂച്ചാ ഹേ!” അവന്റെ ബാക്കി ഉത്തരം കേട്ടാണ് ഞാന്‍ ഞെട്ടിയത്.

“My malayali friends taught me two Malayalam sentences. Whenever you meets a Malayali girl greet her by saying ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ and when you meet a Malayali boy greet him by saying ‘നീ പോടാ പട്ടി’.

('എന്‍റെ മലയാളി സുഹൃത്തുക്കള്‍ എന്നെ രണ്ടു മലയാളം വാക്കുകള്‍ പഠിപ്പിച്ചിട്ടുണ്ട് - ഒരു മലയാളി പെണ്‍കുട്ടിയെ കാണുമ്പോള്‍ 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്ന് പറഞ്ഞു അഭിവാദ്യം ചെയ്യുക. ഒരു മലയാളി ആണ്‍കുട്ടിയെ കണ്ടാല്‍ 'നീ പോടാ പട്ടി' എന്ന് പറഞ്ഞു അഭിവാദ്യം ചെയ്യുക.")

മലയാളി എവിടെയും മലയാളി തന്നെ!

September 29, 2014

'1GB'-ക്കണോ '3G'-ക്കണോ കൂടുതല്‍ സ്പീഡ്‌??

രാവിലെ ബാങ്കില്‍ നിന്ന് പുറത്തിറങ്ങുമ്പോളാണ് ഞാന്‍ ആ വിളി കേട്ടത് .

"ഹായ് ജോഷി" ഞാന്‍ തിരിഞ്ഞു നോക്കി.

ആദ്യം വിചാരിച്ചത് പോളിസി എടുപ്പിക്കാന്‍ പുറകെ നടക്കുന്ന ഇന്‍ഷുറന്‍സ് അഡ്വൈസര്‍ ആയിരിക്കുമെന്നാണ്. പക്ഷെ അത് പദ്മജ* ആയിരുന്നു. (യഥാര്‍ത്ഥ പേരല്ല!! സ്വന്തം അച്ഛന്‍റെ കൂട്ടുകാരന്‍റെ കമ്പനിയില്‍ അച്ഛന്‍റെ ശുപാര്‍ശ കൊണ്ട് ഉന്നത പദവിയില്‍ ജോലി ചെയ്യുന്ന ആ പെണ്‍കുട്ടിയെ പദ്മജ എന്നല്ലാതെ എന്ത് പേരാണ് എനിക്ക് വിളിക്കാന്‍ പറ്റിയത്??)

 "ബഹുത് ദിനോം കെ ബാദ് ആപ്സേ മുലാകാത്‌ ഹോഗയാ" (ഒത്തിരി നാളുകള്‍ക്കു ശേഷം ആണ് കണ്ടു മുട്ടിയതെന്നു..!!) ഉപചാരങ്ങള്‍ കൈ മാറിയ ശേഷം അവള്‍ പറഞ്ഞു. "ഐ വാസ്‌ തിങ്കിംഗ് ടോ കാള്‍ യു ഫോര്‍ ക്ലീരിംഗ് എ ഡൌട്ട്." "എന്താണാവോ?" ഞാന്‍ ചോദിച്ചു.

"കഴിഞ്ഞ ദിവസം ഞാന്‍ ഒരു എയര്‍ടെല്‍ യൂ.എസ്.ബി. ഡോങ്ങിള്‍ വാങ്ങി, 1GB ഡാറ്റ പ്ലാന്‍ റീചാര്‍ജ് ചെയ്തു. ഇന്നലെ ഓഫീസില്‍ ഞാന്‍ ഇത് പറഞ്ഞപ്പോള്‍ മാനേജര്‍ എന്നോട് പറഞ്ഞു '1GB'യെക്കാളും സ്പീഡ്‌ '3G'ക്കാണ്; അത് കൊണ്ട് 1GB മാറ്റി 3G എടുക്കണം എന്ന്. ഞാന്‍ ഇന്നലെ കടയില്‍ ചെന്ന് ചോദിച്ചപ്പോള്‍ കടക്കാരന്‍ പറഞ്ഞു അത് 3Gയാണ് ചാര്‍ജ് ചെയ്തതെന്ന്. ശെരിക്കും അയാള്‍ എന്നെ പറ്റിക്കുവല്ലേ, 3G എന്ന് പറഞ്ഞു 1GB തന്നിട്ട്????"

 "പോട്ടെ സാരമില്ല, അടുത്ത തവണ റീചാര്‍ജ് ചെയ്യുമ്പോള്‍ അബദ്ധം പറ്റാതെ സൂക്ഷിക്കുക." എന്ന് പറഞ്ഞു ഞാന്‍ അവിടെ നിന്ന് തടി തപ്പി.

ഇപ്പോളും എന്റെ സംശയം മാറിയിട്ടില്ല.

 '1GB'-ക്കണോ '3G'-ക്കണോ കൂടുതല്‍ സ്പീഡ്‌??

April 18, 2014

മാജിക്കല്‍ റിയലിസത്തിന്റെ കുലപതിക്ക് വിട!

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസം ആയി മാറിയ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്സിന്റെ മിക്ക നോവലുകളും മാജിക്കല്‍ റിയലിസത്തിന്റെ ഭാവനാ ലോകങ്ങള്‍ തുറന്നിടുന്നവയായിരുന്നു. "എന്റെ രചനകളെ സംബന്ധിച്ച ഏറ്റവും വലിയ അഭിന്ദനങ്ങള്‍ വരുന്നത് അവയിലെ ഭാവനയുടെ പേരിലാണെന്നതാണ് അത്ഭുതം. എന്റെ ഒരൊറ്റവരിപോലും സത്യമല്ലാതെയില്ല. യാഥാര്‍ഥ്യങ്ങള്‍ എപ്പോഴും വന്യമായ ഭാവനയ്ക്കു സമാനമാണ്" എന്ന് മാര്‍കേസ് ഒരിക്കേല്‍ പറഞ്ഞിരുന്നു.

 "കൂടുതല്‍ സമയം കാത്തിരിക്കുന്നവന് വളരെക്കുറച്ചേ പ്രതീക്ഷിക്കാനാവൂ." എന്ന് എഴുതിയ മാര്‍കേസിന്റെ ഏറ്റവും വിഖ്യാതമായ രചന "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍" (One Hundred Years of Solitude) എന്ന ബൃഹത്‌നോവല്‍ 1967-ല്‍, അര്‍ജന്റീനയിലെ ബ്വേനസ് ഐറീസിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ബ്വേന്‍ദിയ കുടുബത്തിലെ ആറു തലമുറകളുടെ കഥ പറയുന്ന ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ മാര്‍കേസിന് സ്വപ്നസമാനമായ പ്രശസ്തിയാണുണ്ടാക്കിക്കൊടുത്തത്. ഇനിയൊരു വ്യാഖ്യാനത്തിനു പഴുതില്ലാത്തവിധം പലമട്ടില്‍ പഠിക്കപ്പെട്ടു. ചര്‍ച്ചചെയ്യപ്പെട്ടു ഈ നോവല്‍. അതിന്റെ രാഷ്ട്രീയവും മനഃശാസ്ത്രവും സാമൂഹികമാനങ്ങളും ഭാഷയും ചരിത്രപരതയും പുരാവൃത്തസമൃദ്ധിയുമെല്ലാം ഇഴകീറി പരിശോധിക്കപ്പെട്ടു. നാലുപതിറ്റാണ്ടിനിടെ നാല്പതോളം ഭാഷകളില്‍ പരിഭാഷകളിറങ്ങി - മലയാളവിവര്‍ത്തനം 1984-ലാണ് പുറത്തുവന്നത്. ലോകമെങ്ങുമായി ദശലക്ഷക്കണക്കിന് പ്രതികള്‍ വിറ്റഴിഞ്ഞു. "ഒരെഴുത്തുകാരന്‍ തന്റെ ജീവിതത്തില്‍ ഒരു പുസ്തകം മാത്രമേ എഴുതുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം അതിന്റെ ആവര്‍ത്തനങ്ങള്‍ മാത്രമാണ്. വ്യത്യസ്ത പേരുകളില്‍, രൂപങ്ങളില്‍ അവ പുനര്‍ജനിക്കുമ്പോള്‍ വ്യത്യസ്ത രചനകളായി തോന്നുന്നുവെന്നുമാത്രം... ഞാനെഴുതിയ ആ ഏക പുസ്തകം ഏതാണ്? എന്റെ എല്ലാ കഥകളിലും നിറഞ്ഞു നില്ക്കുന്ന ഏകാന്തതയില്ലേ, അതുതന്നെ. ഏകാന്തതയുടെ ആ പുസ്തകം." എന്നാണ് മാര്‍ക്കേസ് അതിനെ കുറിച്ച് പറയുന്നത്.

 ആത്മകഥയായ 'കഥ പറയാനായി ജീവിച്ചിരിക്കുന്നു' (Living to tell a tale) വായിച്ചാല്‍ മനസ്സിലാവുക മാര്‍കേസിന് എഴുത്തുകാരനാവാനുള്ള മോഹം എന്നും മനസ്സിലുണ്ടായിരുന്നു എന്നാണ്. നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍ , ചെറുകഥാകൃത്ത് എന്നീനിലകളില്‍ പ്രശസ്തനായ മാര്‍കേസിന് 1982-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. കോളറ കാലത്തെ പ്രണയം, കപ്പല്‍ ഛെദം വന്ന നാവികന്റെ കഥ, ഓട്ടം ഓഫ് എ പേട്രിയാര്‍ക്ക്, ലീഫ് സ്റ്റോം, ഇന്‍ ഈവിള്‍ അവര്‍, ക്രോനിക്കള്‍ ഓഫ് എ ഡെത്ത് ഓവര്‍ടോള്‍ഡ്‌ തുടങ്ങിയവ സാഹിത്യ ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ രചനകളാണ്.

 നഗ്നശിഖരമായ ഒരു വൃക്ഷത്തിലെ ഒടുക്കത്തെ ഇല കൊഴിയും പോലെ, ലോക സാഹിത്യത്തിലെ ഒരു വിശിഷ്ട പൈതൃകത്തിന്റെ അവസാന നാഡിസ്പന്ദനമാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്സിന്റെ മരണത്തോടെ നിലച്ചു പോയിരിക്കുന്നത്. അങ്ങനെ "ആരും മരിക്കേണ്ടപ്പോള്‍ മരിക്കാറില്ല; മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കാറുള്ളൂ." എന്ന് എഴുതിയ മാര്‍ക്കേസും ഇനി ഓര്‍മകളിലേക്ക്...!