October 8, 2008

മറക്കാനാവാത്ത ജന്മദിനം


ലാസര്‍ ഇളയപ്പാ.. (പേടിക്കേണ്ട, അത് ഞാന്‍ തന്നെയാണ്.) ഒക്ടോബര്‍ 8 എന്നൊരു ദിവസം ഓര്‍മ്മയുണ്ടോ? ആശംസകളുടെ ഭാരവും പേറി ഒരു കാര്‍ഡ്‌, ഞാന്‍ എവിടെയാണ് തുടങ്ങിയത്?

അതെ, 21 വര്‍ഷങ്ങള്‍ക്കപ്പുറം കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയില്‍, കോട്ടയം ജില്ലയില്‍, കോട്ടയം താലുക്കില്‍, തിരുവാര്‍പ്പ് പഞ്ചായത്തില്‍, ചെങ്ങളം കരയില്‍, പുളിക്കപ്പറമ്പില്‍ ശ്രീമാന്‍ ജോസഫ്‌ കുര്യന്‍റെയും ശ്രീമതി. ഷീല കുര്യന്‍റെയും സീമന്ത പുത്രനായി ജോഷി കുര്യന്‍ (അതായത് ഈ ഞാന്‍, മിസ്റ്റര്‍ ഐ.) ഭൂജാതനായി. (ചരിത്രകാരന്മാര്‍ എഴുത്ത് നിര്‍ത്തി ഒരു നിമിഷം മൌനം പാലിച്ചെന്ന് ദൃക്സാക്ഷികള്‍. അന്ന് സ്വര്‍ണത്തിന് വില ഇടിഞ്ഞ സമയമായത് കൊണ്ട് ചരിത്രത്തില്‍ ആ ദിനം സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ടതില്ല എന്ന് അവര്‍ തീരുമാനിച്ചു. (ഈയുള്ളവന്‍റെ ഫാഗ്യം, സോറി കോട്ടയം ഭാഷയില്‍ ഭാഗ്യം..)

21 വസന്തങ്ങള്‍, ശിശിരങ്ങള്‍, ഹേമന്തങ്ങള്‍, ഓര്‍മ്മിക്കാന്‍ ഒരു പാടുണ്ടായിരുന്നു എനിക്ക്.. പരാതികള്‍ ഇല്ലായിരുന്നു എനിക്ക് ജീവിതത്തോട്.. അങ്ങനെ ഇരിക്കെ ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ 21-ആം പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. നോട്ടീസ് അടിച്ചു ഓര്‍ക്കുട്ടില്‍ (അന്ന് ഫേസ്ബുക്ക്‌ അത്ര പോപ്പുലര്‍ അല്ല..!) പോസ്റ്റ്‌ ചെയ്തു. ഇപ്പോളും ആ പോസ്റ്റര്‍ എന്‍റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ പൊടി പിടിച്ചു കിടപ്പുണ്ട്. (ഓര്‍കുട്ട് പ്രൊഫൈലും പൊടി പിടിച്ചു, അത് വേറെ കാര്യം..) ജോഷിയുടെ 21-ആം പിറന്നാള്‍ ആഘോഷങ്ങള്‍.

ഏതോ തല തെറിച്ചവന്മാര്‍ കമന്റ്‌ എഴുതി. “21 തികഞ്ഞതിന്റെ അഞ്ചാം വാര്‍ഷികം..!”” പക്ഷെ ഏറ്റവും പോപ്പുലര്‍ ആയത് എന്‍റെ പേരില്‍ ഇറങ്ങിയ മറ്റൊരു പോസ്റ്റ്‌ ആയിരുന്നു.

“My mother always tells me that the girl who marries me will have to suffer a lot. I am entering 21 on this October 8 and If you are interested to suffer with me for a life time, you can post your proposal requests on my Orkut Profile. www.orkut.co.in/Main#Profile?uid=2130989015239075659

കാത്തിരുന്ന ദിവസം കാലനെ പോലെ വന്നെത്തി. ഒക്ടോബര്‍ 8-നു രാവിലെ പതിവ് പോലെ എഴുന്നേറ്റു, കുളിക്കാതെ പല്ല് തേക്കാതെ സുന്ദരകുട്ടപ്പനായി എന്‍റെ ‘അപ്പ്രേന്റീസുകളെ’ വീട്ടിലേക്കു ആനയിക്കാന്‍ ഞാന്‍ കോട്ടയം ബസ്‌ സ്റ്റാണ്ടിലേക്ക് യാത്രയായി. 10:05നു നാഗമ്പടം സ്ടാണ്ടില്‍ എത്തിയ്യപ്പോള്‍ കണ്ട കാഴ്ച – ശിവന്‍കുട്ടി, ജയകുമാര്‍, ശബരി, ലിജിന്‍സ്‌, സീമ, പാര്‍വതി എന്നിവര്‍ വലിയ ഒരു പൊതിയുമായി നില്‍ക്കുന്നു. ആദ്യം മനസ്സില്‍ വന്ന ചിന്ത പതിവ് പോലെ പിരിവു എടുത്തു ഇതിനും ഞാന്‍ കാശ് കൊടുക്കേണ്ടി വരുമോ എന്നായിരുന്നു.

“ആര് വന്നില്ലെങ്കിലും ജോഷി വരുമെന്ന് എനിക്ക് അറിയാമായിരുന്നു.” പരിഭവം കലര്‍ന്ന ഒരു സ്വരം. കര്‍ത്താവേ, ഞാന്‍ ഇല്ലാതെ എന്‍റെ പിറന്നാളോ? വൈകാതെ ദീപു, അനൂപ്‌, അബിന്‍ ജോസ്, ഷാലു, പ്രിയ, വീണ, രാജി, രഞ്ജിത്, സുമിത, സ്നേഹ, അനിജ എന്നിവരെത്തി. പതിനൊന്നോടെ വീട്ടില്ലേക്ക്. അവിടം കുളം തോണ്ടാന്‍ ഈ 17 പേര്‍ ധാരാളമായിരുന്നു. പിന്നെ സമ്മാന ദാനം – ഒരു കിടിലന്‍ ക്ലോക്ക്. സമയത്തിന്റെ വില എന്നെ മനസില്ലക്കിക്കാന്‍ ആയിരിക്കും. പക്ഷെ അതിലും വിലയേറിയ ഒരു സമ്മാനം എനിക്ക് കിട്ടികഴിഞ്ഞിരുന്നു എന്ന് അവര്‍ക്ക് അറിയില്ലാലോ? നിങ്ങളുടെ ഈ സ്നേഹത്തിനും, സൌഹൃദത്തിനും ഞാന്‍ എന്താണ് പകരം തരിക? പോട്ടെ, ജീവിതത്തില്‍ നിങ്ങളെക്കാള്‍ വലിയ എന്തൊക്കെ അപകടങ്ങള്‍ നേരിടാന്‍ ഇരിക്കുന്നു.

പിന്നെ ഫോട്ടോ സെഷന്‍. കൊടും വെയിലത്ത് റബര്‍ തോട്ടത്തില്‍. ഒടുവില്‍ പിറന്നാള്‍ സദ്യ, പായസം, കൂട്ടുകാരുടെ വക കോണ്‍ ഐസ്ക്രീം. ഒടുവില്‍ വൈകുന്നേരം എല്ലാരേയും പാക്ക്‌ ചെയ്തു കഴിഞ്ഞാണ് ശ്വാസം നേരെ വീണത്‌. കോട്ടയത്ത്‌ നിന്ന് അവസാനത്തെ ആളെയും ബസ്‌ കയറ്റി വിടുമ്പോള്‍ മനസ്സില്‍ ഒരു നേര്‍ത്ത വിങ്ങല്‍ അവശേഷിച്ചിരുന്നു. ഇനി ഒരു ജന്മദിനം? ഇവര്‍ അപ്പോള്‍ എവിടെയായിരിക്കും? ഒരു പക്ഷെ അവര്‍ എന്‍റെ ജന്മദിനം ഒര്മിക്കുമോ? 

എങ്ങിലും ഒരു കാര്യം ഉറപ്പ്‌ :- ഈ ജന്മദിനം ആരൊക്കെ മറന്നാലും ഞാന്‍ മറക്കില്ല, ഒപ്പം എന്‍റെ ഈ നല്ല കൂട്ടുകാരെയും... Because both belongs to me; my Birthday and my friends..!

Happy Birthday to me!