June 27, 2016

എന്റെ താടി കഥപതിവിൽ നിന്ന് വ്യത്യസ്തമായി എന്റെ താടിയില്ലാത്ത ഫോട്ടോ കാണുമ്പോൾ അതിനു പിന്നിൽ ഏതെങ്കിലും കഥ കാണുമെന്നു എന്റെ സുഹൃത്തുക്കൾക്ക് തോന്നും. പക്ഷെ, ഇതിൽ വല്യ കഥയൊന്നുമില്ല. താടിയില്ലാത്ത എന്റെ മുഖം വർഷങ്ങൾക്കു ശേഷം കാണാനുള്ള എന്റെ ആഗ്രഹം മാത്രമാണ് ഇതിനു പിന്നിൽ... (നാർസിസ് അല്ല കേട്ടോ..)

താടി എന്റെ മുഖത്തു കേറിയത് കോളേജ് പഠനകാലയളവിലെ അവസാന വര്ഷത്തിലാണ്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായ എന്നോട് വിദ്യാർത്ഥി നേതാക്കൾക്ക് താടി, പോലീസികാരന്റെ കൈയ്യിൽ ലാത്തി എങ്ങനെയോ അങ്ങനെയാണ് എന്ന് പറഞ്ഞത് ഇന്ന് എം.എൽ.എയായിരിക്കുന്ന യുവനേതാവിനൊപ്പം വന്ന ഒരു സംസ്ഥാന കമ്മിറ്റിയംഗമാണ്. പക്ഷെ താടിയില്ലാതെ തന്നെ അന്നത്തെ വിദ്യാർത്ഥികൾ ഞങ്ങളെ തിരിച്ചറിഞ്ഞിരുന്നു. (read ജനസമ്മതി or ചീത്തപ്പേര്.)

പിന്നീട് പ്രോഗ്രാമർ ആയി കൊച്ചിയിൽ ജോലിക്കു കേറിയപ്പോൾ താടി മുഖത്ത് നിന്ന് അപ്രത്യക്ഷമായി. ഡ്രസ്സ് കോഡും, കമ്പനി പോളിസിയും മീശയോടൊപ്പം വളർന്നു വന്ന താടിയെ നിഷ്കരുണം കാലാപുരിക്കു അയച്ചു കൊണ്ടിരുന്നു. പിന്നീട് ഡൽഹിയിൽ ചെന്നപ്പോഴും ആ ക്രൂരകൃത്യം തുടർന്നു.

2010ൽ ഞാൻ പഞ്ചാബിൽ എത്തിയപ്പോൾ ആണ് താടി വീണ്ടും എന്നിൽ ലഹരിയായത്. താടിയും, മുടിയും നീട്ടിവളർത്തിയ സർദാറുമാരുടെ നാട് താടിക്ക് നല്ല വളക്കൂറുള്ള മണ്ണായിരുന്നു. അവിടുന്നിങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല. അവധിക്കു നാട്ടിൽ വരുമ്പോൾ "ചെറുക്കനെ പെണ്ണ് കെട്ടിക്കാറായല്ലോ" എന്ന് ബന്ധുക്കളെ കൊണ്ട് പറയിക്കുന്നതിനു ഈ താടി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ട്രെയിനിങ് പ്രോഗ്രാമിൽ ക്ലാസ് എടുക്കുമ്പോൾ കൊച്ചു പയ്യൻ ലുക്കിൽ നിന്നു പക്വതയുള്ള ചെറുപ്പക്കാരൻ എന്ന ലേബൽ ചാർത്തി തന്നതും ഈ താടിയാണ്. 25 വയസ്സിൽ താഴെയുള്ള അവിവാഹിതരായ ചെറുപ്പക്കാർക്ക് അപൂർവമായി ലഭിക്കുന്ന യു. എസ്. വിസ, അപ്പ്രൂവ് ചെയ്യുമ്പോളും ഇന്റർവ്യൂർ ആയ സായിപ്പിന്റെ കണ്ണ് ആ താടിയിലായിരുന്നു.

"മോനെ, നീ എന്തിനാടാ ഈ താടി വളർത്തുന്നത്?" ഈ ചോദ്യം ഞാൻ 2 ആഴ്ച മുൻപ് നേരിട്ടത് നാട്ടിലെ പ്രധാന ദിവ്യന്റെതാണ്. കഴിഞ്ഞ വര്ഷം ഞാൻ അവധിക്കു നാട്ടിൽ വന്നപ്പോഴും ഈ ചോദ്യം അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. പണ്ട് തൊട്ടേ നാട്ടിലെ എല്ലാ കാര്യങ്ങളിലും കേറി ചോദിക്കാതെ തലയിടുകയും, സൗജന്യമായി പ്രായഭേദമെന്യേ ഉപദേശം നൽകുകയും, ഏഷണി-അസൂയ-പാരവെയ്പ്പ്-കുശുമ്പ്-കുന്നായ്മ-പരദൂഷണം ഇത്യാദി പരമ്പരാഗത നാടൻ കലാരൂപങ്ങൾ അന്യം നിന്ന് പോകാതിരിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ടിയാന്, തന്റെ ലൈഫ് ടൈം അചീവമെന്റ് അവാർഡ് ആയി നാട്ടുകാർ പണ്ട് തന്നെ ഒരു ക്യാബിനറ്റ് പദവി കൽപ്പിച്ചു നല്കിയിയിട്ടുണ്ട്. (എല്ലാ നാട്ടിലും ഇങ്ങനെ ഒരു അവതാരപുരുഷൻ കാണുമെന്നാണ് എന്റെ അനുമാനം.)

"അത് പിന്നെ അച്ചായാ, ഞാൻ വളർത്തുന്നതല്ല.. അതിങ്ങു തന്നെ വളർന്നു  വരുന്നതല്ലേ..." ഇന്നത്തെ ഇര ഞാൻ ആകുമെന്ന് എനിക്ക് ബോധ്യമായി. "ഡാ താടി വയ്ക്കുന്നവർ മഹാ തെമ്മാടികളും, അനുസരണം കെട്ടവരും, കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവരുമാണ്, നിനക്കറിയാമോ?" യൂണിവേഴ്സൽ സ്റ്റേറ്റ്മെന്റ് ഉപയോഗത്തെ കുറിച്ച് ഗ്രാമർ പഠിച്ചിട്ടുള്ള നമ്മുടെ അടുത്താണ് ഡയലോഗ്.

"അതെന്നാ വർത്തമാനമാ അച്ചായാ.. ഈ പറഞ്ഞ ഗുണഗണങ്ങൾ ഒന്നുമില്ലാത്ത മഹാ ഡീസന്റ് ആയ ഞാൻ താടി വളർത്തുന്നില്ലേ? അപ്പോൾ അച്ചായൻ നേരത്തെ പറഞ്ഞ പ്രസ്താവന പിൻവലിക്കണം. കൂടാതെ യേശുക്രിസ്തു, കാൾ മാർക്സ്, ബർണാഡ് ഷാ, ഏബ്രഹാം ലിങ്കൺ, ഡാവിഞ്ചി, ഫ്രോയ്ഡ്, ഹെമിങ്‌വേ, ദോസ്റ്റോയോവ്സ്കി, ടാഗോർ, വാൻഗോഗ്... എത്രയെത്ര മഹാന്മാർക്കും, അറിയപ്പെടുന്നവർക്കും താടിയുണ്ടായിരുന്നു. കൂടാതെ നമ്മുടെ പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രി എല്ലാവരും താടിക്കാരല്ലേ? ഇവരൊക്കെ അച്ചായൻ പറഞ്ഞ പോലെ കുടുംബത്തു കേറ്റാൻ കൊള്ളാത്തവരും, അനുസരണം കെട്ടവരുമാണോ?" ഞാൻ ചോദിച്ചു.

"ഡാ നീ ഈ മഹാൻമ്മാരുടെ കാര്യം വിട്. എന്നെ നോക്കി പഠിക്ക്. എനിക്ക് ഇത്ര വയസ്സായി, ഞാൻ ഇത് വരെ മീശയോ താടിയോ വെച്ചിട്ടുണ്ടോ? " അപ്പോൾ അതാണ് കാര്യം. പുള്ളിയെ റോൾ മോഡൽ ആക്കിയിട്ടു വേണം എനിക്ക് ഉള്ള ചാനൽ കൂടി പോകാൻ. ഗ്രാമസഭയിൽ 'ഞങ്ങടെ വാർഡിൽ ഒരു പാലം വേണം' എന്ന് ബഹളം വെച്ച ഇദ്ദേഹത്തെ, 'അതിനു നമ്മുടെ വാർഡിൽ തോട് ഇല്ലല്ലോ അച്ചായാ' എന്ന് തിരുത്താൻ ചെന്ന വാർഡ് മെമ്പറിനോട് 'അത് വാർഡ് മെമ്പറിന്റെ അനാസ്ഥയാണ്. ഇത്ര കാലമായിട്ടും ഗവണ്മെന്റിൽ നിന്ന് ഒരു തോട് നമ്മുടെ വാർഡിന് അനുവദിപ്പിക്കാൻ കഴിയാത്ത മെമ്പർ രാജി വെക്കുക' എന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കിയ ടീം ആണ് ഇപ്പോൾ എന്റെ താടി വടിക്കാൻ വന്നിരിക്കുന്നത്.

ഞങ്ങൾ ഇങ്ങനെ മഹാന്മാരെ കുറിച്ച് ചര്ചിച്ചു കൊണ്ടിരിക്കുമ്പോളാണ് ഒരു FZ ഞങ്ങടെ അടുത്ത് വന്നു നിർത്തിയത്. അതിലിരുന്ന ഫ്രീക്കൻ പയ്യൻ ഈ അച്ചയാനോട്  "ഹി ഡ്യൂഡ്, ഇങ്ങനെ വായിനോക്കി നടന്നാൽ മതിയോ, മൂക്കിൽ പഞ്ഞി ഒക്കെ വെച്ച് പള്ളിലൊട്ടു ജോളിയായി ഒരു ട്രിപ്പ് ഒക്കെ വേണ്ടേ?" എന്നൊരു ചോദ്യം. നാട്ടുകാർക്ക് പുള്ളിയോടുള്ള സ്പെഷ്യൽ സ്നേഹം അറിയാവുന്ന ഞാൻ മൗനം പാലിച്ചു. സ്പൈക്ക് ചെയ്ത മുടിയും, ചുണ്ടിന് താഴെ ആട് നക്കിയ മോഡലിൽ ഉള്ള ഫ്രീക്കൻ താടിയും, കീറിയ ടീ ഷർട്ടും, ലോ വൈസ്റ്റ് ജീൻസും, ചെവിയിൽ ഹെഡ്ഫോണും. അച്ചായൻ നിന്ന നിൽപ്പിൽ ഒറ്റ ആട്ടായിരുന്നു - " ഫാ, നിന്റെ അപ്പനോട് പോയി പറയെടാ കുരുത്തംകെട്ട @#$&% "

ഫ്രീക്കൻ പുഞ്ചിരിയോടെ ബൈക്ക് എടുത്തു കൊണ്ട് പോയി. "കണ്ടില്ലേ, ഇതാ ഞാൻ പറഞ്ഞെ താടി വെച്ചവർ എല്ലാം തെമ്മാടികൾ ആണെന്ന്." പുള്ളി പറഞ്ഞു. "അങ്ങനെ അടച്ചു പറയരുത് അച്ചായാ.. ഈ ഫ്രീക്കനെ ഒക്കെ ഞങ്ങടെ കൂടെ പെടുത്തരുത്. ഇതൊക്കെ വളർത്തു ദോഷം. അല്ലാതെന്താ... അല്ല, ഏതാ ആ ചെറുക്കൻ?"

"ഓ, അവനോ.. അതെന്റെ മോനാ.."

പത്തു വാഴ വെക്കുന്ന അത്ര കഷ്ടപ്പാടില്ലലോ ഒരു താടി വെക്കാൻ..!!!