July 19, 2015

“എന്നാല്‍ നീയും ചാണകം....” : എന്‍റെ ആദ്യ നാടകാനുഭവം


‘ഓര്‍മ്മകള്‍ പെയ്യുന്നു’ എന്ന പേരില്‍ ഞാന്‍ എഴുതുന്ന ബ്ലോഗ്ഗില്‍ ഒരു സെഗ്മെന്റ് എന്‍റെ നാടകാനുഭവങ്ങള്‍ ആയിരിക്കും എന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. ‘എന്‍റെ നാടകാനുഭവങ്ങള്‍’ എന്നൊക്കെ ഞാന്‍ പറയുമ്പോള്‍ നാടകാചാര്യന്‍ എന്‍. എന്‍. പിള്ള സാറിനെ പോലെ ആയിരക്കണക്കിന്നു നാടകങ്ങളില്‍ ഭാഗവാക്കായുള്ള പരിചയമൊന്നും ഈയുള്ളവനു ഉണ്ടാകും എന്ന് നിങ്ങള്‍ വെറുതെ തെറ്റിധരിക്കരുത്. വെറും മൂന്നു നാടകങ്ങള്‍ ആണ് എന്‍റെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ളത്.

സ്കൂളില്‍ പഠിക്കുമ്പോള്‍ യൂത്ത് ഫെസ്റ്റിവല്‍ എന്നത് മൂന്നു ദിവസം സ്കൂളില്‍ പോകാതെ വീട്ടില്‍ ഇരിക്കാന്‍ പറ്റുന്ന ഒരു അനുഭവമായിരുന്നു. ഒന്‍പതാം ക്ലാസ്സില്‍ ആണ് ആദ്യമായി ഞാന്‍ രചന വിഭാഗത്തില്‍ പങ്കെടുക്കുന്നത്. അതും മലയാളം മാഷായ ദേവസ്യ സാറിന്‍റെ നിര്‍ബന്ധത്താല്‍... (ആ കഥകള്‍ മറ്റൊരു വട്ടം പറയാം.) പ്ലസ്‌ ടുവില്‍ പഠിക്കുമ്പോള്‍ ആണ് പാര്‍ലമെന്‍ററി വ്യാമോഹം തലയ്ക്കു പിടിച്ചത്. ഹൌസ് ലീഡര്‍ ആകാന്‍ കച്ച കെട്ടി ഇറങ്ങിയത്‌ ഞങ്ങള്‍ മൂന്നു പേര്‍ ആയിരുന്നു – ഞാന്‍, ഞങ്ങളുടെ ക്ലാസ്സ്‌ റെപ്പ് കിരണ്‍ ശശി, ഈകൊല്ലത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 689-മത്തെ റാങ്ക് നേടിയ സുജിത് ദാസ്‌ എന്നിവര്‍. എന്നാല്‍ നറുക്ക് വീണത്‌ ഞങ്ങളുടെ ക്ലാസ്സിലെ ചിത്രകാരനായ സുഷാജിനും. അന്നത്തെ മൈം ടീമുമായുള്ള സഹവാസം ആണ് എന്‍റെ ആദ്യ സ്റ്റേജ് അനുഭവം. (പിന്നീട് കോളേജില്‍ തുടര്‍ച്ചയായി 4 കൊല്ലം മൈം ടീമിനെ നയിച്ച്‌, 3വട്ടം ഒന്നാമതെത്തിയ കഥയും പിന്നീട് പറയാം.)

പ്ലസ്‌ ടുവിനു ശേഷം 2005-ല്‍ ഏറ്റുമാനൂര്‍ ഐ.ടി.ഐ.യില്‍ പ്രോഗ്രാമ്മിംഗ് കോഴ്സിന് പഠിക്കുന്ന കാലത്താണ് നാടകവേദി എന്നെ മാടി വിളിച്ചത്. പ്ലസ്‌ ടു പഠന കാലത്ത് തലയ്ക്കു പിടിച്ച എഴുത്ത് എന്നെ അന്നും വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ദിവസേന 5 മണിക്കൂര്‍ കമ്പ്യൂട്ടര്‍ ലാബും, 2 മണിക്കൂര്‍ തിയറിയും. അതിനിടെയാണ് അവിടെ യൂത്ത് ഫെസ്റ്റിവല്‍ വന്നത്. ഞങ്ങളുടെ ‘കോപ്പ’ ബാച്ച് ആകട്ടെ അവിടെ അശുക്കള്‍ ആണ്; ഫിറ്റര്‍, ടേണ്‍ര്‍, മെക്കാനിക് ബാച്ചുക്കാര്‍ ഒക്കെ ആണ് രാജാക്കന്മാര്‍. അങ്ങനെ ഞങ്ങളുടെ സാന്നിധ്യം അറിയിക്കാനായി നാടകം, മൈം, ടാബ്ലോ എന്നിങ്ങനെ മൂന്നു വിഭാഗത്തില്‍ മത്സരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

മൈമിനായി ഞാന്‍ പ്ലസ്‌ ടുവില്‍ ഞങ്ങള്‍ ചെയ്ത അതെ കഥ തന്നെ റിപീറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ടാബ്ലോക്കായി തിരഞ്ഞെടുത്തത് ജയകൃഷ്ണന്‍ മാസ്റര്‍ വധം ആണ്. (അതിനു മൂന്നാം സ്ഥാനം ലഭിച്ചു.) നാടകത്തിനായി കുറെ തല പുകഞ്ഞെങ്ങിലും ഒന്നും കിട്ടിയില്ല. ഒടുവില്‍ ഞങ്ങള്‍ സ്കൂളില്‍ പഠിച്ച ‘തീപ്പൊരിയില്‍ നിന്നും’ എന്ന കഥ (പി. കേശവദേവിന്‍റെ ആണെന്ന് തോന്നുന്നു) നാടകം ആയി കളിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

കഥ ഇതാണ് – ഒരു ഗ്രാമം. അവിടെ ഉറ്റ സുഹൃത്തുക്കളായ ഒരു ബീഡി തെറുപ്പുകാരന്‍ ഖാദറും,  ചായ കടക്കാരന്‍ രാഘവനും. ഒരു ദിവസം ഒരു ചെറുപ്പകാരന്‍ നാട്ടില്‍ നടക്കുന്ന ഒരു ഗുസ്തി മത്സരത്തിന്റെ നോട്ടീസുമായി ചായകടയില്‍ വരുന്നു. ഒരു ഫയല്‍മാന്‍ ഹിന്ദു, മറ്റെയാള്‍ മുസ്ലിം. ആര് ജയിക്കും എന്ന് ഖാദറും രാഘവനും തമ്മിലുള്ള തര്‍ക്കം, കയ്യാംകളി ആയി മാറുന്നു; അത് ഒരു വര്‍ഗീയ ലഹള ആയി നാട് മുഴുവന്‍ കത്തി പടരുന്നു. ക്ലൈമാക്സില്‍ ഖാദറിന്റെ മകനും രാഘവന്റെ മകനും ചേര്‍ന്ന് ഒരു കട തുടങ്ങി അതിന്‍റെ വാതില്‍ക്കല്‍ ബോര്‍ഡ്‌ തൂക്കുന്നു – ‘മതഭ്രാന്തന്മാര്‍ക്ക് പ്രവേശനമില്ല!”

അങ്ങനെ ഞങ്ങള്‍ ആ കഥ നാടകത്തിനു വേണ്ടിയ പോലെ മോഡിഫൈ ചെയ്തു തിരകഥ (വിത്ത്‌ ഡയലോഗ്സ്) ആക്കി. കഥാപാത്രങ്ങള്‍ ആയി ജോണ്‍, ജോജോ, നജീബ്, സജിത്ത്, സിജോ, രാജേഷ്‌, അനീഷ്‌ എന്നിവരും. അങ്ങനെ ഞങ്ങള്‍ നാടകത്തിന്‍റെ റിഹേര്‍സല്‍ ആരംഭിച്ചു. പക്ഷെ ഒറ്റ പ്രശ്നം മാത്രം – സംവിധായകനും, നടന്മാരും എല്ലാവരുടെയും കന്നി നാടകം ആണ്. ഒറ്റ രംഗത്തില്‍ പോലും നടന്മാരുടെ ഡയലോഗ് ശരിയാകുന്നില്ല. സംഭവം എന്താണ് എന്ന് വെച്ചാല്‍ ആരും തന്നെ ഡയലോഗ് പഠിച്ചിട്ടില്ല. “നീ പേടിക്കണ്ട. ഞങ്ങള്‍ സ്റ്റേജില്‍ കേറുമ്പോള്‍ ഡയലോഗ് ശരിയായി കൊള്ളും. നാടകത്തിന്‍റെ ഒരു ഫ്ലോ അപ്പോള്‍ മാത്രമല്ലെ കിട്ടൂ..” മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന ജോണും, നജീബും എന്നെ ആശ്വസിപ്പിച്ചു.

അങ്ങനെ യൂത്ത് ഫെസ്റ്റിവല്‍ ദിനം വന്നു. കഥാപാത്രങ്ങള്‍ മേക്കപ്പ് ഒക്കെ ഇട്ടു റെഡി ആയിരിക്കുന്നു. ഡയലോഗ് വലിയ തെറ്റില്ലാതെ പറയുന്നു. എല്ലാം കൊണ്ട് ആശ്വസിച്ചിരിക്കുമ്പോളാണ് അടുത്ത പ്രശ്നം. സൈജോക്ക് ഡബിള്‍ റോള്‍ ആണ്. ആദ്യം ചായകടയില്‍ ചായ കുടിച്ചു ഇറങ്ങി പോകുന്ന ഒരു നാട്ടുകാരന്‍. പിന്നെ ക്ലൈമാക്സില്‍ വരുന്ന ഖാദറിന്റെ മകന്‍.  അവനു ആദ്യ സീനില്‍ തനിയെ ഇറങ്ങി പോകാന്‍ ഒരു മടി. കൂടെ ആരെങ്കിലും വേണം. അങ്ങനെ ക്യാമിയോ റോളില്‍ അഭിനയിക്കാന്‍ (എന്‍റെ ഒരേയൊരു നാടക റോള്‍) സംവിധായകനായ ഞാന്‍ നിര്‍ബന്ധിതനായി. ഇന്നത്തെ പോലെ അക്കാലത്തു (2005) സംവിധായകര്‍ ക്യാമിയോ റോളില്‍ അഭിനയിച്ചു തുടങ്ങിയിരുന്നില്ല!

ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ വിളിച്ചു. നാടകം തുടങ്ങി. ആദ്യ സീനില്‍ ചായകടയില്‍ നിന്ന് സൈജോയോടൊത്ത് ചായ കുടിച്ച ശേഷം ഞങ്ങള്‍ ചായകടക്കാരന്‍ രാഘവന് (രാജേഷ്‌) കാശ് കൊടുത്തു ഞങ്ങള്‍ കര്‍ട്ടനു പിന്നില്‍ എത്തി. നാടകം വലിയ കുഴപ്പങ്ങള്‍ ഇല്ലാതെ മുന്നോട്ടു പോകുന്നു. ഡയലോഗ് വലിയ തെറ്റുകള്‍ ഇല്ലാതെ എല്ലാവരും പറയുന്നു. അങ്ങനെ ഞങ്ങള്‍ പിന്നണിയില്‍ ആശ്വസിച്ചിരിക്കുന്നു.

ഗുസ്തി മത്സരത്തിന്‍റെ നോട്ടീസുമായി ജോണ്‍ രംഗത്തേക്ക് കടന്നു വരുന്നു. നോട്ടീസ് വായിക്കുന്നു. രാഘവനും (രാജേഷ്‌) ഖാദറും (നജീബ്) തമ്മില്‍ തര്‍ക്കം, കയ്യാംകളി നടക്കുന്നു. അടുത്ത സീനില്‍ ഖാദര്‍ ബീഡി തെറുക്കുന്ന കത്തി കൊണ്ട് രാഘവനെ കുത്തണം; ആ ബഹളം കേട്ടു രാഘവന്‍റെ അനന്തിരവന്‍ ഭാസ്കരന്‍ (ജോജോ) അടുക്കളയില്‍ ദോശ ചുട്ടു കൊണ്ട് നില്‍ക്കുന്നിടത് നിന്ന് ചട്ടുകം ആയി ഓടി വന്നു “എന്നാല്‍ നീയും ചാകണം, കൊല്ലെടാ അവനെ’ എന്ന് ആക്രോശിച്ചു കൊണ്ട് ചട്ടുകം കൊണ്ട് ഖാദറിന്റെ തലയ്ക്കു അടിക്കണം. ഖാദറിന്റെ സഹോദരന്‍ റഫീക്ക് (സജിത്ത്) ഭാസ്കരനെ ആക്രമിക്കണം.

പക്ഷെ സ്ക്രിപ്റ്റില്‍ ഇല്ലാത്തതു ആയിരുന്നു പിന്നീട് സംഭവിച്ചത്. ഖാദര്‍ (നജീബ്) രാഘവനെ (രാജേഷ്‌) കുത്തി. അടുക്കളയില്‍ നിന്നും ഓടി വന്ന അനന്തിരവന്‍ ഭാസ്കരന്‍ (ജോജോ) ആ കാഴ്ച കണ്ടു ഒരു നിമിഷം പകച്ചു നിന്ന്. എന്നിട്ട് ചട്ടുകവുമായി ഖാദറിന്റെ മുന്‍പില്‍ എത്തി. സൈഡ് കര്‍ട്ടനില്‍ എന്നോടൊപ്പം സ്ക്രിപ്റ്റുമായി നിന്ന സൈജോ ആംഗ്യം കാണിച്ചു.  ‘ഡയലോഗ്, പിന്നെ ചട്ടുകം കൊണ്ട് ഖാദറിന്റെ തലയ്ക്കു അടിക്കുക.’

ഒരു നിമിഷം മൌനം, ജോജോ ഡയലോഗ് മറന്നിരിക്കുന്നു...!!

“എന്നാല്‍ നീയും ചാണകം.... കൊല്ലടാ അവനെ....”

ചട്ടുകം ചൂണ്ടി കൊണ്ടുള്ള ആ ഡയലോഗാണോ, കാണികളുടെ ഇടയില്‍ നിന്നുള്ള പൊട്ടിച്ചിരിയും, കൂവലും, ആക്രോശങ്ങളുമാണോ ആദ്യം എന്‍റെ ചെവിയില്‍ പതിഞ്ഞത് എന്ന് ഓര്‍മ്മയില്ല. ഡയലോഗ് തെറ്റി പറഞ്ഞു അമളി മനസില്ലാക്കിയ ഭാസ്കരന്‍ (ജോജോ) ചട്ടുകം കൊണ്ട് ഖാദറിനെ (നജീബ്) അടിക്കാതെ മടിച്ചു നിന്നുവെങ്കിലും സ്ക്രിപ്റ്റ് വായിച്ചു പഠിച്ചിരുന്ന റഫീക്ക് (സജിത്ത്) അടുത്ത രംഗത്തിലേക്കു കടന്നു വന്നു. നേരെ കയറി വന്നു ഭാസ്കരനിട്ടു ഒറ്റ അടി. സ്വന്തം സഹോദരന്‍ ഖാദറിനെ ചൂണ്ടി ഭാസ്കരനോടായി സ്ക്രിപ്റ്റില്‍ ഇല്ലാത്ത ഒരു ഡയലോഗും “അടിക്കെടാ അവനെ..”

ആ വാചകം കാണികള്‍ അന്വര്തമാകും മുന്‍പ് തന്നെ കര്‍ട്ടന്‍ വലിച്ചിരുന്ന സുനീഷിനെ ഞാന്‍ കണ്ണു കാട്ടി. സംഭവം കൈയ്യില്‍ നിന്ന് പോയി എന്ന് മനസ്സിലായതോടെ സ്റ്റേജില്‍ വര്‍ഗീയ ലഹളയില്‍ ജീവന്‍ നഷ്ടമായ കഥാപാത്രങ്ങള്‍ ഓരോന്നോയി എഴുന്നേറ്റു ഓടി. ആദ്യ നാടകം തന്നെ പൂര്‍ത്തിയാക്കാനാവാതെ ഞങ്ങള്‍ പാതി വഴിയില്‍ കര്‍ട്ടന്‍ ഇട്ടു നിര്‍ത്തേണ്ടി വന്നു.. എങ്കിലും ഇപ്പോഴും ഇടക്കൊക്കെ ഞങ്ങള്‍ പഴയ കഥകള്‍ അയവിറക്കി ഞങ്ങളുടെ ഫേസ്ബുക്ക്‌, വാട്സപ്പ് ഗ്രൂപ്പുകളില്‍ ഇടയ്ക്കു പരസ്പരം പോസ്റ്റ്‌ ഇടും..

  “എന്നാല്‍ നീയും ചാണകം.... കൊല്ലടാ അവനെ....”

(അടുത്ത ഭാഗത്തില്‍ എന്‍റെ അടുത്ത രണ്ടു നാടക പരീക്ഷണങ്ങളെ കുറിച്ച്. കോളേജില്‍ രണ്ടാം വര്‍ഷ യൂത്ത് ഫെസ്റിവലില്‍ രണ്ടാം സ്ഥാനം നേടിയ കോമഡി നാടകവും, മൂന്നാം വര്‍ഷത്തില്‍ ഒന്നാം സ്ഥാനം നേടിയ കുടുംബ നാടകവും.)